ഇന്ത്യക്ക് ആവശ്യത്തിന് കരുതല്‍ ശേഖരമുണ്ട്; എണ്ണ പ്രതിസന്ധിയില്‍ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രി

രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മന്ത്രാലയത്തിനുകീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെയും ശേഖരമുണ്ട്

author-image
Biju
New Update
petrolium

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ അസംസ്‌കൃതഎണ്ണ പ്രതിസന്ധിയില്‍ ഇന്ത്യക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പക്കല്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ശേഖരം ആവശ്യത്തിനുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പത്രസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യമൊട്ടാകെ പെട്രോളിയം ഉത്പന്നങ്ങളുടെ ശേഖരവും വിതരണവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മന്ത്രാലയത്തിനുകീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെയും ശേഖരമുണ്ട്. എണ്ണലഭ്യത ആവശ്യത്തിന് ഉറപ്പുവരുത്താനായി എണ്ണ ഉത്പാദക സ്രോതസ്സുകളെ വിപുലപ്പെടുത്താന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ ശ്രമിച്ചുവരുന്നുണ്ട്.

ഇതിന്റെ ഫലമായി ഇന്ത്യന്‍ ഊര്‍ജക്കമ്പനികള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയല്ലാതെയും രാജ്യത്തേക്ക് ഊര്‍ജവിതരണം സാധ്യമാക്കുന്നതിന് പ്രയാസമില്ല. അത്തരം കാര്‍ഗോകള്‍ ഇപ്പോഴും തുടരുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങള്‍ ലഘൂകരിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില തിങ്കളാഴ്ച പത്ത് ശതമാനം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 82 ഡോളര്‍ വരെയെത്തി. ഒറ്റദിവസം വീപ്പയ്ക്ക് 9.13 ഡോളര്‍ വരെയാണ് ഉയര്‍ന്നത്. പിന്നീട് കുറഞ്ഞ് 79.42 ഡോളറായി.

25 ദിവസത്തേക്ക് ആവശ്യമായ എണ്ണ, എണ്ണയുത്പന്ന ശേഖരം ഇന്ത്യക്കുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍. അതേസമയം, ഇന്ത്യയുടെ പക്കല്‍ 74 ദിവസത്തേക്കാവശ്യമായ കരുതല്‍ ശേഖരമുണ്ടെന്നാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞ മാസം രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ആഗോള പ്രതിസന്ധിയുണ്ടായാല്‍ അതിനെ തരണം ചെയ്യാനാവശ്യമായ ശേഖരമുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.