പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാമതെത്തി ഇന്ത്യ. ജൂലൈയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 280 കോടി ഡോളറിന്റെ (ഏകദേശം 17,800 കോടി രൂപ) എണ്ണയാണ്. ഇതോടെ ചൈനയ്ക്ക് പിന്നില്‍ രണ്ടാമതായാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ സ്ഥാനം.
2022 ഫെബ്രുവരിയില്‍ യുക്രെയ്ന്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്‌കോയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് റഷ്യന്‍ എണ്ണ വിലക്കിഴിവില്‍ ഇന്ത്യക്ക് ലഭ്യമായിത്തുടങ്ങിയത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി റഷ്യ മാറുകയും ചെയ്തു. യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പുള്ള കാലയളവില്‍ ഒരു ശതമാനത്തില്‍ താഴെയായിരുന്ന റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം എണ്ണ വാങ്ങലിന്റെ 40 ശതമാനത്തോളവും റഷ്യയില്‍ നിന്നാണ്.