റഷ്യയില്‍ യൂറിയ പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്ത്യ

2024 ല്‍ ഇന്ത്യയിലെ യൂറിയ ഉല്‍പാദനം മൂന്ന് കോടിയിലേറെ ടണ്ണാണ്. ഇക്കാലയളവില്‍ ദേശീയ തലത്തില്‍ 6 പുതിയ പ്ലാന്റുകള്‍ കൂടി ഇന്ത്യ ആരംഭിച്ചിരുന്നു

author-image
Biju
New Update
rusia

ന്യൂഡല്‍ഹി: ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ പുതിയ നീക്കവുമായി ഇന്ത്യ. അമോണിയ സമ്പത്തുള്ള റഷ്യയില്‍ സ്വന്തമായി യൂറിയ പ്ലാന്റ് സ്ഥാപിച്ച് വളം നിര്‍മാണം സജീവമാക്കാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുമ്പോള്‍ ഉണ്ടാകും. 

വളം കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യയില്‍ ഖാരിഫ് വിളവെടുപ്പ് കാലത്തുതന്നെ ചൈന നിയന്ത്രണം കൊണ്ടുവന്നത് വന്‍ തിരിച്ചടിയായി. വളം ക്ഷാമം രൂക്ഷമാകാനും ഇതുവഴിവച്ചു. ഇതിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

യൂറിയ ഉല്‍പാദിപ്പിക്കാനുള്ള അമോണിയയും പ്രകൃതിവാതകവും റഷ്യയില്‍നിന്ന് സുലഭമായി ലഭിക്കുമെന്നതാണ് ഇന്ത്യയുടെ പുതിയ ചുവടുവയ്പ്പിന് പിന്നില്‍. 

വളം നിര്‍മാണക്കമ്പനികളായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് (ആര്‍സിഎഫ്), നാഷണല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് (എന്‍എഫ്എല്‍), ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് (ഐപിഎല്‍) എന്നിവയാണ് റഷ്യയിലെ പ്ലാന്റിനായി മുന്‍കൈ എടുക്കുകയെന്നാണ് സൂചനകള്‍. നിലവില്‍, അമോണിയയും പ്രകൃതി വാതകവും ഇന്ത്യയില്‍ ദുര്‍ലഭമാണ്. 

2024 ല്‍ ഇന്ത്യയിലെ യൂറിയ ഉല്‍പാദനം മൂന്ന് കോടിയിലേറെ ടണ്ണാണ്. ഇക്കാലയളവില്‍ ദേശീയ തലത്തില്‍ 6 പുതിയ പ്ലാന്റുകള്‍ കൂടി ഇന്ത്യ ആരംഭിച്ചിരുന്നു. 10,601 കോടി രൂപ ചെലവില്‍ അസമില്‍ പുതിയൊരു പ്ലാന്റ് കൂടി ആരംഭിച്ച്  രാജ്യത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി വളം ഉല്‍പ്പാദനത്തില്‍ കരുത്തറിയിക്കാനാണ് പദ്ധതി.

എങ്കിലും ഇന്ത്യ ഇപ്പോഴും യൂറിയ ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത ഉല്‍പന്നങ്ങളായ അമോണിയയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യേണ്ടി വരുന്നുണ്ട്. ഈ പ്രശ്‌നത്തിന് വലിയൊരളവില്‍ പരിഹാരമാകും റഷ്യയില്‍ ആരംഭിക്കുന്ന പ്ലാന്റ് എന്നാണ് കരുതുന്നത്.  ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ വളനിര്‍മാതാക്കളും രണ്ടാമത്തെ വലിയ വളം ഉപഭോക്താക്കളുമാണ് ഇന്ത്യ. എങ്കിലും വിലയിലുണ്ടാകുന്ന എറ്റക്കുറച്ചില്‍ ബാധകമാകുന്നുണ്ട്.