പുതിയ നിര്‍ദ്ദേശവുമായി ആര്‍ബിഐ

ഉഭയകക്ഷി ഇടപാടുകള്‍ക്കായി പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ , മാലിദ്വീപ് റുഫിയ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2024 നവംബറില്‍ ആര്‍ബിഐയും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു

author-image
Biju
New Update
ghhg

ന്യൂഡല്‍ഹി: മാലിദ്വീപുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്കുള്ള പണം കൈമാറ്റം പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ, മാലിദ്വീപ് റുഫിയ എന്നിവ വഴിയും നടത്താമെന്ന് ആര്‍ബിഐ വ്യക്തമാക്കി. 

ഏഷ്യന്‍ ക്ലിയറിംഗ് യൂണിയന് പുറമേയാണ് പുതിയ സംവിധാനം കൂടി ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം ആര്‍ബിഐ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര ബാങ്കുകള്‍ക്കിടയിലുള്ള അന്താരാഷ്ട്ര-പ്രാദേശിക ഇടപാടുകള്‍ക്കുള്ള പേയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് 
ഏഷ്യന്‍ ക്ലിയറിങ് യൂണിയന്‍. ബംഗ്ലാദേശ്, ബെലാറസ്, ഭൂട്ടാന്‍, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും മോണിറ്ററി അതോറിറ്റികളും ആണ് ഏഷ്യന്‍ ക്ലിയറിങ് യൂണിയനിലുള്ളത്.

ഉഭയകക്ഷി ഇടപാടുകള്‍ക്കായി പ്രാദേശിക കറന്‍സികളായ ഇന്ത്യന്‍ രൂപ , മാലിദ്വീപ് റുഫിയ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2024 നവംബറില്‍ ആര്‍ബിഐയും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഇത് പ്രകാരമാണ് പുതിയ സംവിധാനം ആര്‍ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ - മാലിദ്വീപ് വ്യാപാരം

2023ല്‍ ഇന്ത്യ മാലദ്വീപിലേക്ക് 591 ദശലക്ഷം ഡോളര്‍ മൂല്യമുള്ള വസ്തുക്കളാണ് കയറ്റുമതി ചെയ്തുത്. ഇന്ത്യ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്ത പ്രധാന ഉല്‍പ്പന്നങ്ങള്‍ ഗ്രാനൈറ്റ് , മരുന്നുകള്‍ , അസംസ്‌കൃത ഇരുമ്പ് , സിമന്റ്, അരി, സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കോഴി എന്നിവയായിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്ന് മാലദ്വീപിലേക്കുള്ള കയറ്റുമതി 14.5% വര്‍ദ്ധിച്ചു. സമുദ്രോല്‍പ്പന്നങ്ങളാണ് മാലിദ്വീപ് ഇന്ത്യയിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ മാലിദ്വീപില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി വാര്‍ഷിക നിരക്കില്‍ 30.6% വര്‍ദ്ധിച്ചിട്ടുണ്ട്.

വഷളായ നയതന്ത്രബന്ധം

2023 നവംബര്‍ 17നാണ് മാലിദ്വീപിന്റെ പ്രസിഡന്റായി മുഹമ്മദ് മൂയിസു ചുമതലയേറ്റത്. നാല്‍പ്പത്തിയഞ്ചുവയസ്സ് മാത്രമാണ് പ്രായം. മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ അഴിമതിക്കുറ്റത്തില്‍ ജയിലിലായതോടെ അപ്രതീക്ഷിതമായി കിട്ടിയതാണ് പാര്‍ട്ടി അധ്യക്ഷ പദവി. അതുവരെ രാജ്യം ഭരിച്ച ഇബ്രാഹിം മുഹമ്മദ് സോലിഹിനെ തോല്‍പ്പിച്ചാണ് അധികാരത്തിലെത്തിയത്. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് സ്ട്രക്ചറല്‍ എന്‍ജിനിയറിങ് ബിരുദം. ലീഡ്‌സില്‍ നിന്ന് ഡോക്ടറേറ്റ്. മാലിദ്വീപിലെ ഉന്നതവിദ്യഭ്യാസം നേടിയ തലമുറയുടെ പ്രതിനിധിയാണ് മുഹമ്മദ് മൂയിസു. ശരിക്കും നവ മാല്‍ദീവിയന്‍.

ചുമതലയേറ്റ ശേഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രസിഡന്റുമാരുടെ പതിവ് നിര്‍ത്തി മുഹമ്മദ് മൂയിസു ഇത്തവണ പോയത് തുര്‍ക്കിയിലേക്കാണ്. അവിടെ തീര്‍ന്നില്ല പ്രകോപനം. പിന്നത്തെ യാത്ര പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആജന്മശത്രുവായ ചൈനയിലേക്കും. ഈ പ്രകോപനങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ആഹ്വാനം ചെയ്ത് എക്‌സില്‍ പോസ്റ്റ് ഇട്ടത്. അതിനോടു മൂന്ന് മാലിദ്വീപ് മന്ത്രിമാര്‍ മോശമായി പ്രതികരിച്ചു. ലോകമെങ്ങും അതു വലിയ വാര്‍ത്തയായി.

മൂന്നു മന്ത്രിമാരെ മാറ്റിനിര്‍ത്തുന്നതായി പ്രസിഡന്റ് മുഹമ്മദ് മൂയിസു പ്രഖ്യാപിച്ചതോടെ സമവായമായി എന്നായിരുന്നു എല്ലാവരും കരുതിയത്. അതു പറഞ്ഞു നാവു വായിലിടും മുന്‍പ് ആള്‍ മറ്റൊന്നുകൂടി പ്രഖ്യാപിച്ചു. അടുത്ത സന്ദര്‍ശനം ചൈനയിലേക്കു തന്നെ. മാത്രമല്ല സ്ഥാനാരോഹണ ദിവസം വളച്ചുചുറ്റി പറഞ്ഞകാര്യം നേരിട്ടു തന്നെ വീണ്ടും പറഞ്ഞു. ഇന്ത്യയുടെ സൈന്യത്തെ മാലിദ്വീപില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കണം. ഇല്ലെങ്കില്‍ കര്‍ശനമായ തിരിച്ചടി നേരിടേണ്ടി വരും. മാര്‍ച്ച് 31 ആണ് പ്രസിഡന്റ് നല്‍കിയിരിക്കുന്ന അന്ത്യശാസനത്തീയതി.

എന്താണ് മാലിദ്വീപില്‍ ഇന്ത്യ ചെയ്യുന്നത്?

ഇന്ത്യ മാലിദ്വീപില്‍ യുദ്ധം ചെയ്യാന്‍ പോയതല്ല എന്നാണ് ആദ്യത്തെ ഉത്തരം. അവിടെ ആകെയുള്ളത് ഇന്ത്യയുടെ 88 സൈനികരാണ്. പിന്നെ രണ്ട് ഹെലികോപ്റ്റര്‍. ഒരു ഡോണിയര്‍. ഇത് എടുത്തുമാറ്റാനാണ് മാലിദ്വീപ് പ്രസിഡന്റ് പറയുന്നത്. അപ്പോള്‍ ശരിക്കും നഷ്ടം ആര്‍ക്കാണ്. മാലിദ്വീപിലെ ജനതയ്ക്കു തന്നെയാണ് എന്നാണ് ഇന്ത്യ നല്‍കുന്ന മറുപടി. വിദൂര ദ്വീപുകളില്‍ നിന്ന് രോഗികളെ കൊണ്ടുവരാന്‍ ഇന്ത്യ ഒരുക്കി നല്‍കിയ സൗകര്യമാണ് ഹെലികോപ്റ്ററുകള്‍. കൂടാതെ മാലിദ്വീപിലെ സൈനികര്‍ക്ക് പരിശീലനവും നല്‍കിയിരുന്നത് ഈ സംവിധാനം ഉപയോഗിച്ചാണ്. അവര്‍ വിളിച്ചുവരുത്തി നിര്‍ത്തിയ സൈന്യമാണ്. അല്ലാതെ പടവെട്ടിപ്പിടിച്ച ഭൂമിയിലല്ല ഇന്ത്യ നിന്നത് എന്ന് അര്‍ത്ഥം. വേറെയുമുണ്ട് പ്രശ്‌നങ്ങള്‍.

1988ല്‍ പട്ടാളം മാലിദ്വീപില്‍ അട്ടിമറിക്കൊരുങ്ങിയപ്പോള്‍ പറന്നെത്തി അതു നിഷ്പ്രഭമാക്കിയത് ഇന്ത്യയാണ്. 2004ലെ സുനാമിയില്‍ തകര്‍ന്നു നാശമായപ്പോള്‍ സഹായവുമായി പാഞ്ഞെത്തിയതും ഇന്ത്യയാണ്. 2020ലെ കൊവിഡില്‍ ഇന്ത്യ നിര്‍മിച്ച വാക്‌സിന്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം ആദ്യഘട്ടത്തില്‍ തന്നെ മാലിദ്വീപ് ജനതയ്ക്കും കിട്ടി. ഇക്കഴിഞ്ഞ മാസങ്ങളില്‍ ശുദ്ധജലമില്ലാതെ വലഞ്ഞപ്പോള്‍ കപ്പലില്‍ എത്തിച്ചു നല്‍കിയതും ഇന്ത്യയാണ്. സ്മരണ വേണമെന്ന് രാഷ്ട്രങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല. ഭരണംമാറുമ്പോള്‍ നയങ്ങളും മാറും.

ഇന്ത്യ പണിതുകൊടുത്ത ഇന്ദിരാഗാന്ധി സ്മാരക ആശുപത്രിയാണ് രാജ്യത്തെ ചികില്‍സയുടെ ആധാരം. ഇത് ആരോഗ്യരംഗത്താണെങ്കില്‍ സുരക്ഷയിലേക്കു തന്നെ വരാം. The National College of Policing and Law Enforcement എന്ന മാലിദ്വീപിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്ന് ഇന്ത്യയാണ് പണിതു നല്‍കിയത്. സമീപകാലത്തു പൂര്‍ത്തിയാക്കിയ ഇതാണ് മാലദ്വീപിലെ പൊലീസ് അക്കാദമി. ആ വലിയ കെട്ടിടത്തിലെന്പാടും ദുരൂഹതകള്‍ ഉണ്ടെന്ന് ആരോപിച്ചാണ് മാലിദ്വീപില്‍ പ്രതിപക്ഷം കളംപിടിച്ചത്. ഇന്ത്യയുടെ റോ ഉദ്യോഗസ്ഥര്‍ താവളമാക്കിയെന്ന പ്രചാരണത്തിന്റെ ഓളത്തിലാണ് പ്രസിഡന്റ് മുഹമ്മദ് മൂയിസു അധികാരത്തിലെത്തിയത്. കുഴപ്പം ഇതില്‍ മാത്രമല്ല.

ഉത്തുരു തിലാ ഫാല്‍ഹു ദ്വീപില്‍ ഇന്ത്യ തുറമുഖം നിര്‍മിക്കുന്നുണ്ടായിരുന്നു. ആ തുറമുഖം മാലിദ്വീപിനെ ഇന്ത്യയുടെ അടിമയാക്കും എന്ന പ്രാചാരണം കൂടിയാണ് പ്രസിഡന്റിനെ അധികാരത്തിലെത്തിച്ചത്. അതിനുള്ള നന്ദിപ്രകടനമാണ് പ്രസിഡന്റ് ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യയുടെ സഹായം ആവോളം വാങ്ങുമ്പോഴും ചൈന സമാന്തരമായി പാലമിടുന്നുണ്ടായിരുന്നു മാലിദ്വീപിലേക്ക്. ശ്രീലങ്കയ്ക്ക് നല്‍കിയതുപോലെ സഹസ്ര കോടികളുടെ വായ്പയാണ് വാഗ്ദാനം ചെയ്യുന്നത്. ആ വഴിയിലേക്കാണ് പുതിയ പ്രസിഡന്റ് മാലിദ്വീപിനെ കൊണ്ടുപോകുന്നത്. ഇന്ത്യയുടെ തെക്ക് ശ്രീലങ്കയിലും മാലിദ്വീപിലും നങ്കൂരമിടാന്‍ ഒരുങ്ങുന്ന ചൈനയാണ് ഇവിടെ അണിയറയില്‍ തെളിഞ്ഞുവരുന്നത്.

മുറിച്ചെറിയാന്‍ ഒരുങ്ങുന്നത് ഭാഷകൊണ്ടു കോര്‍ത്തിണക്കിയ ഒരു ബന്ധത്തെയാണ്. മലയാളവും തമിഴും തെലുങ്കും കന്നഡയും പോലെ പാലിയില്‍ നിന്നും സംസ്‌കൃതത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതാണ് മാലിദ്വീപിന്റെ ഭാഷയായ ധിവേഹി. ഹിന്ദുസ്ഥാനിയാണ് അവിടെ സംഗീതഅടിത്തറ. ഹിന്ദി സിനിമകളാണ് ജനതയുടെ വിനോദവിസ്മയങ്ങള്‍. മരുന്നിനു മാത്രമല്ല, പഠിക്കാനും ജോലിക്കും ഇന്ത്യയാണ് ആശ്രയം. ദ്വീപില്‍ എത്തുന്ന ഏറ്റവും കൂടുതല്‍ സഞ്ചാരികളും ഇന്ത്യയില്‍ നിന്നാണ്. എത്ര തീവ്രമായി വിചാരിച്ചാലും മാലിദ്വീപിന് മുറിച്ചെറിയാന്‍ കഴിയുന്നതല്ല കോര്‍ത്തിണക്കപ്പെട്ട ഈ സാംസ്‌കാരിക ബന്ധം. അതുമുറിച്ച് മാലിദ്വീപ് നീങ്ങിയാലോ? പിന്നെ ഒട്ടും ശാന്തമായിരിക്കില്ല ഇന്ത്യന്‍ മഹാസമുദ്രവും ഈ അറബിക്കടലും.

 

India Maldives diplomatic row india-maldives row india-maldives conflict india maldives