പൊതുമേഖലയില്‍ ഇനി 3 ബാങ്കുകള്‍ മാത്രം; ലയനം സ്ഥിരീകരിച്ച് ധനമന്ത്രി

ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പന്‍ ബാങ്കുകളാണെന്നും ഇതിനായി റിസര്‍വ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു

author-image
Biju
New Update
nirmala

Nirmala Sitaraman

മുംബൈ: പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പന്‍ ബാങ്കുകളാണെന്നും ഇതിനായി റിസര്‍വ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മുംബൈയില്‍ എസ്ബിഐ ബാങ്കിങ് ആന്‍ഡ് ഇക്കണോമിക്‌സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ലയനത്തിലൂടെ വമ്പന്‍ ബാങ്കുകള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിനും രാജ്യത്തെ ബാങ്കുകള്‍ക്കുമുള്ള ആശയങ്ങള്‍ തേടുകയാണ് ചര്‍ച്ചകളുടെ ലക്ഷ്യം. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് എണ്ണം 3 ആയി ചുരുക്കിയേക്കുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുംമുന്‍പ് ഇന്ത്യയില്‍ പൊതുമേഖലയില്‍ 25ലേറെ ബാങ്കുകളുണ്ടായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലെ ലയനത്തിലൂടെ എണ്ണം 12 ആയി ചുരുക്കി. ഇവയെയും ലയിപ്പിച്ച് എണ്ണം 3-4 ആയി കുറയ്ക്കാനും അതുവഴി വമ്പന്‍ ബാങ്കുകളെ സൃഷ്ടിക്കാനുമാണ് കേന്ദ്രനീക്കം.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ 25-40 ബാങ്കുകളെടുത്താല്‍ ഒന്നുപോലും ഇന്ത്യയില്‍ നിന്നില്ല. ലോകത്തെ 100 വലിയ ബാങ്കുകളില്‍ 47-ാം സ്ഥാനമുള്ള എസ്ബിഐയാണ് ഇന്ത്യന്‍ ബാങ്കുകളില്‍ ഏറ്റവും മുന്നില്‍. മെഗാ ലയനത്തിലൂടെ 2 ബാങ്കുകളെയെങ്കിലും ആദ്യ 20ല്‍ കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മറ്റു ബാങ്കുകളെ എസ്ബിഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവയില്‍ ലയിപ്പിച്ചേക്കും. ഇവയ്‌ക്കൊപ്പം ബാങ്ക് ഓഫ് ബറോഡയെയും സ്വതന്ത്രമായി നിലനിര്‍ത്തിയേക്കും.

ഇതിനിടെ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്നൊരു ചടങ്ങില്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തെ പിന്തുണച്ചും ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസാരിച്ചത് ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുടെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. സ്വകാര്യവല്‍ക്കരണമല്ല വേണ്ടതെന്നും കൂടുതല്‍ മൂലധന പിന്തുണനല്‍കിയും ടെക്‌നോളജി അപ്‌ഡേറ്റിങ്ങിലൂടെയും പൊതുമേഖലാ ബാങ്കുകളെ ശക്തമാക്കാനാണ് ശ്രമിക്കേണ്ടതെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) പ്രതികരിച്ചു. 

കേന്ദ്ര പദ്ധതിയായ ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുകളുടെ 90 ശതമാനവും തുറന്നത് പൊതുമേഖലാ ബാങ്കുകളിലാണ്. മുന്‍ഗണനാ വായ്പകളുടെ മുന്തിയപങ്കും നിര്‍വഹിച്ചതും പൊതുമേഖലാ ബാങ്കുകളാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കാനും സാമ്പത്തിക അവബോധം വളര്‍ത്താനും അതുവഴി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍) ശക്തിപ്പെടുത്താനും പൊതുമേഖലാ ബാങ്കുകളുടെ പങ്ക് നിര്‍ണായകമാണെന്നും യുഎഫ്ബിയു ചൂണ്ടിക്കാട്ടി.

ഈ നേട്ടങ്ങളെല്ലാം രാജ്യം നേടിയത് പൊതുമേഖലാ ഉടമസ്ഥതയിലാണ്. ലോകത്തൊരു രാജ്യവും താഴെത്തട്ടില്‍വരെ ഇത്ര ശക്തമായ ബാങ്കിങ് സേവനങ്ങളുടെ ലഭ്യത സ്വകാര്യബാങ്കിങ്ങിലൂടെ നേടിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.