പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വിപണി മൂല്യത്തില്‍ നാലാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ആഗോള വിപണിയില്‍ ഹോങ്കോങിനെ പുറകിലാക്കിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി. 5.17 ലക്ഷം കോടി ഡോളറാണ് ഹോങ്കോങ് ഓഹരികളുടെ വിപണി മൂല്യം.
56.49 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള യുഎസ് ആണ് വിപണി മൂല്യത്തില്‍ ലോകത്തെ ഒന്നാമന്‍. 8.84 ലക്ഷം കോടി ഡോളര്‍ മൂല്യവുമായി ചൈന രണ്ടാമതും 6.03 ലക്ഷം കോടി ഡോളറുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ഹോങ്കോങിനെ മറികടന്നെങ്കിലും വൈകാതെ തിരികെപിടിച്ചു. ഏപ്രില്‍ മുതല്‍ ഹോങ്കിങിലെ ഹോങ്സെങ് സൂചിക 12 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ചൈനയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ആശങ്കകളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും ഹോങ്കോങ് വിപണിയെ ബാധിച്ചിരുന്നു. ജനുവരിയിലെ താഴ്ന്ന നിലയില്‍നിന്ന് 20 ശതമാനത്തിലധികം നിലവില്‍ ഉയര്‍ന്നുകഴിഞ്ഞു. ചൈനീസ് സമ്പദ്ഘടനയുടെ മുന്നേറ്റം, ആകര്‍ഷകമായ മൂല്യം, വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള നിക്ഷേപം എന്നിവയൊക്കെയാണ് ഹോങ്കോങ് വിപണി നേട്ടമാക്കിയത്.
തുറമുഖങ്ങള്‍, വ്യോമയാനം, പ്രതിരോധം, റെയില്‍വെ, ഹരിത ഊര്‍ജം തുടങ്ങിയ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപമെത്തുമെന്ന പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്. നിര്‍മാണവുമായി ബന്ധപ്പെട്ട ആനുകൂല്യ പദ്ധതി(പിഎല്‍ഐ) തുടരാനുള്ള സാധ്യതയും നേട്ടമായി. ആര്‍ബിഐയുടെ 2.1 ലക്ഷം കോടി രൂപയുടെ ലാഭവീതവും മികച്ച മണ്‍സൂണ്‍ പ്രതീക്ഷയുമൊക്കെ വിപണിയുടെ സമീപകാല നേട്ടത്തെ സ്വാധീനിച്ചിട്ടുണ്ട്.