/kalakaumudi/media/media_files/2025/04/11/fMvC6UNt6SUBRkgQpHAn.jpg)
മുംബൈ: കൊച്ചിയില്‍ കപ്പല്‍ നന്നാക്കല്‍ ക്ലസ്റ്ററിലൂടെ മാരിടൈം സഹകരണം വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ ദുബായില്‍ യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതു വരെ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും കഴിഞ്ഞ ദിവസം മുംബൈ ചേംബേഴ്സില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന കരാറുകളില്‍ ഒപ്പിട്ടിരിക്കുന്നത്. ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, മാരിടൈം സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, സ്വകാര്യ മേഖലയിലെ ഇടപെടല്‍ എന്നിവയുള്‍പ്പെടെയുള്ള രം ഗങ്ങളിലാണ് സഹകരണം.
വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ ദുബായ് ചേംബേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി , ഐഎംസി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവയുമായി ചേര്‍ന്ന് മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. സഹകരണവും പരസ്പരവളര്‍ച്ചയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബിസിനസ് സമൂഹങ്ങളുടെ നിര്‍ണായക പങ്ക് ഉറപ്പാക്കുന്ന കരാര്‍ പ്രകാരം ദുബായില്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്ക് അവരുടെ സാന്നിധ്യം സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും ദുബായ് ചേംബേഴ്‌സ് പിന്തുണ നല്‍കും. മൂന്ന് ഇന്ത്യന്‍ സ്ഥാപനങ്ങളും ദുബായ് ആസ്ഥാനമായുള്ള കമ്പനികള്‍ക്ക് സമാന പിന്തുണ നല്‍കും.
വ്യാപാര അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ ഡിപി വേള്‍ഡ്, ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള എന്‍ജിനീയറിങ് സ്ഥാപനമായ ആര്‍ഐടിഇഎസ്സുമായി കരാര്‍ ഒപ്പിട്ടു. ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, സ്വതന്ത്ര വ്യാപാരമേഖലകള്‍, തുറമുഖ കണക്ടിവിറ്റി, റെയില്‍ ചരക്ക് എന്നിവയിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള കസ്റ്റംസ്, ലോജിസ്റ്റിക്‌സ് ബന്ധങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. കസ്റ്റംസ്, ലോജിസ്റ്റിക്സ്, നിയന്ത്രണ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിന് 2024ല്‍ ആര്‍ഐടിഇഎസുമായി സഹകരിച്ച് വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ യുഎഇ-ഇന്ത്യ വെര്‍ച്വല്‍ ട്രേഡ് കോറിഡോര്‍ ഇതിനായി കൂടുതല്‍ പ്രയോജനപ്പെടുത്തും.
മറൈന്‍ എന്‍ജിനിയറിങ് മേഖലയിലെ വികസനം മുന്‍നിര്‍ത്തി ഡിപി വേള്‍ഡിനു കീഴിലുള്ള ഡ്രൈഡോക്‌സ് വേള്‍ഡ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡുമായും ധാരണാപത്രത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കൊച്ചിയിലും വാഡിനാറിലും കപ്പല്‍ നന്നാക്കല്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കുക, ഓഫ്ഷോര്‍ ഫാബ്രിക്കേഷന്‍, സഹകരണ മറൈന്‍ എഞ്ചിനീയറിംഗ് പരിഹാരങ്ങള്‍ എന്നിവയാണ് കരാറില്‍ അടങ്ങിയിട്ടുള്ളത്.
ദുബായില്‍ സമഗ്രവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ആരോഗ്യ സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ ലാഭേച്ഛയില്ലാത്ത സംരംഭമായ യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റല്‍ സ്ഥാപിക്കുന്നതിനായി ദുബായ് ഹെല്‍ത്ത് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ദുബായ്, ഇന്ത്യ സര്‍ക്കാരുകള്‍ നേതൃത്വ തലത്തില്‍ അംഗീകരിച്ച സംയുക്ത ജീവകാരുണ്യ സംരംഭമായ പദ്ധതി ദുബായില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമാകും.
അക്കാദമിക് സഹകരണത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി ദുബായില്‍ ലോകോത്തര കാമ്പസ് സ്ഥാപിക്കുന്നതിനായി ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പും ഐഐഎം അഹമ്മദാബാദുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കരാര്‍പ്രകാരം ഐഐഎംഎ സ്ഥാപിക്കാന്‍ ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ സ്ഥലം അനുവദിക്കും. ഈ വര്‍ഷം അവസാനം ദുബായില്‍ മുഴുവന്‍സമയ എംബിഎ പ്രോഗ്രാം ആരംഭിക്കാനും ഐഐഎംഎ ലക്ഷ്യമിടുന്നുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ദുബായ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും തമ്മിലും കരാര്‍ ഉണ്ട്. ഇരുസ്ഥാപനങ്ങളിലേയും ഫാക്കല്‍റ്റി, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, ഗവേഷണകേന്ദ്രങ്ങള്‍ എന്നിവയ്ക്കിടയില്‍ നേരിട്ടുള്ള സഹകരണം കൊണ്ടുവന്ന് അക്കാദമിക്, ഗവേഷണബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.