ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നേറ്റം തുടരുന്നതായി ലോകബാങ്ക്. 2030 ല്‍ കയറ്റുമതി ഒരു ലക്ഷം കോടി ഡോളറില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ കയറ്റുമതി കൂടുതല്‍ മേകലകളിലേക്ക് വ്യാപിപ്പിക്കണമെന്നും 'മാറുന്ന ലോക സാഹചര്യത്തില്‍ ഇന്ത്യയുടെ വ്യാപാര സാധ്യതകള്‍' സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ലോകബാങ്ക് ചൂണ്ടിക്കാട്ടി.
2023-24 ല്‍ 8.2 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. ലോകത്ത് ഏറ്റവുമധികം പുരോഗതി നേടിയ, പ്രധാനപ്പെട്ട സാമ്പത്തിക വ്യവസ്ഥ ഇന്ത്യയുടേതു തന്നെയാണെന്ന് ലോകബാങ്ക് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഭൂമി കച്ചവടത്തിലെ നിക്ഷേപവും കാരണമായി. ഉല്‍പാദനത്തില്‍ 9.9% ആണ് വര്‍ധന. കാര്‍ഷികമേഖലയില്‍ തളര്‍ച്ച നേരിട്ടുവെങ്കിലും സേവനമേഖലയിലെ പുരോഗതി തുണയായി. നഗരമേഖലയിലെ തൊഴിലില്ലായ്മ കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍, നഗരങ്ങളിലെ വനിതകളുടെ തൊഴിലില്ലായ്മ 8.5% ആയി കുറഞ്ഞു. അതേസമയം, നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ 17 ശതമാനത്തില്‍ തുടരുകയാണ്. വിദേശനാണ്യ നിക്ഷേപം 67,010 കോടി ഡോളറിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7% ആയിരിക്കുമെന്നും അടുത്ത 2 വര്‍ഷം ശക്തമായി തന്നെ തുടരുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.