/kalakaumudi/media/media_files/2025/12/16/export-2025-12-16-20-44-17.jpg)
ന്യൂഡല്‍ഹി : ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേലെ ഏര്‍പ്പെടുത്തിയ വന്‍ താരിഫുകളെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് നേട്ടം. മോദി സര്‍ക്കാരിന്റെ വ്യാപാര, സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ കയറ്റുമതി രംഗത്ത് പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. താരിഫുകളെ തകര്‍ത്തുകൊണ്ട് ഇന്ത്യ വമ്പന്‍ നേട്ടം സ്വന്തമാക്കിയതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബറില്‍ ഇന്ത്യയുടെ കയറ്റുമതി 19.4 ശതമാനം എന്ന ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയതായി ഡാറ്റ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യന്‍ കയറ്റുമതി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയായ 38.1 ബില്യണ്‍ ഡോളറിലെത്തി. യുഎസ്, ചൈന തുടങ്ങിയ പ്രധാന വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് ഈ കുതിപ്പിന് കാരണമായത്.
യുഎസ് 50 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയിട്ടും, യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി നവംബറില്‍ 22.6 ശതമാനം വര്‍ദ്ധിച്ച് ഏകദേശം 7 ബില്യണ്‍ ഡോളറിലെത്തി. ചൈനയിലേക്കുള്ള കയറ്റുമതി 90 ശതമാനം റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി, 2.2 ബില്യണ്‍ ഡോളറിലെത്തി. നവംബറില്‍, നെതര്‍ലാന്‍ഡ്സിനെ മറികടന്ന് ചൈന ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമായി മാറി. എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ്, രത്‌നങ്ങളും ആഭരണങ്ങളും, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് കയറ്റുമതി വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
