ലഗേജിന് പ്രത്യേകം നിരക്ക് ഈടാക്കാന്‍ റെയില്‍വേ

പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വേയിംഗ് മെഷീനുകളില്‍ യാത്രക്കാര്‍ ലഗേജുകള്‍ പരിശോധിക്കേണ്ടതുണ്ട്. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നവര്‍ക്ക് അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കും

author-image
Biju
New Update
RAILWAY

ന്യൂഡല്‍ഹി:ട്രെയിന്‍ യാത്രക്കാര്‍ക്കായി കര്‍ശനമായ ബാഗേജ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക, അധിക വരുമാനം ഉണ്ടാക്കുക, സ്റ്റേഷനുകള്‍ക്ക് ആധുനികവും വിമാനത്താവള ശൈലിയിലുള്ളതുമായ അന്തരീക്ഷം നല്‍കുക എന്നിവ ലക്ഷ്യമിട്ടുളള പദ്ധതികളാണ് റെയില്‍വേ ആസൂത്രണം ചെയ്യുന്നത്.

പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വേയിംഗ് മെഷീനുകളില്‍ യാത്രക്കാര്‍ ലഗേജുകള്‍ പരിശോധിക്കേണ്ടതുണ്ട്. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നവര്‍ക്ക് അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കും. യാത്രാ ക്ലാസ് അനുസരിച്ച് കൊണ്ടു പോകാവുന്ന ബാഗേജിനും വ്യത്യാസമുണ്ടായിരിക്കും.

എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോ, ജനറല്‍ ക്ലാസിന് 35 കിലോ എന്നിങ്ങനെയായിരിക്കും ബാഗേജുകള്‍ കൊണ്ടു പോകാന്‍ സാധിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരം പരിധിക്കുള്ളില്‍ ആണെങ്കിലും ട്രെയിനിനുളളിലെ സ്ഥലത്തെ തടസപ്പെടുത്തുന്ന തരത്തില്‍ അമിത വലിപ്പമുളള ലഗേജുകള്‍ക്ക് പിഴ ചുമത്താനുളള സാധ്യതകളും ഉണ്ട്.

ദീര്‍ഘദൂര റൂട്ടുകളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ കാര്യക്ഷമവും സുഖകരവുമായ യാത്രാ അനുഭവം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. നവീകരിച്ച സ്റ്റേഷനുകളില്‍ പ്രീമിയം സിംഗിള്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍ ആരംഭിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ്, യാത്രാ ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഈ ഷോപ്പുകളില്‍ ലഭ്യമാകും.

സാധുവായ ട്രെയിന്‍ ടിക്കറ്റ് ഉള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ടെര്‍മിനല്‍ ഏരിയയിലേക്ക് 2026 ഡിസംബര്‍ മുതല്‍ പ്രവേശനം അനുവദിക്കുക. വിമാനത്താവളങ്ങളിലെ ബോര്‍ഡിംഗ് പാസിന് സമാനമായ രീതിയിലായിരിക്കും പ്രവര്‍ത്തനം. വിമാനത്താവളങ്ങളിലെ സന്ദര്‍ശക പാസിന് സമാനമായി യാത്രക്കാരല്ലാത്തവര്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് ആവശ്യമാണ്.