ന്യൂഡല്‍ഹി: വീണ്ടും തുടര്‍ച്ചയായി രൂപയുടെ മൂല്യം താഴേക്ക് ഇറങ്ങി. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതാണ് രൂപയ്ക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. ഡോളറിനെതിരെ രൂപ അഞ്ച് പൈസ നഷ്ടവുമായി 85.26ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഡോളറിനെതിരെ ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ചയും ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യത്തിലെ വര്‍ദ്ധനയും ഇന്ത്യന്‍ രൂപയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചു.
പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് നേരിയ പിന്തുണ നല്‍കിയത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകളും ഉയരുന്ന വ്യാപാര കമ്മിയും രൂപയ്ക്ക് വിനയാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു. രാജ്യത്തെ ഓഹരി വിപണി കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്മാറുന്നതും രൂപയുടെ മൂല്യയിടിവിന് കാരണമാകുന്നു.
അടുത്ത വര്‍ഷവും രൂപ കൂടുതല്‍ ദുര്‍ബലമാകാനാണ് സാദ്ധ്യത. അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈന, മെക്‌സികോ, കാനഡ, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തുമെന്ന ഭീഷണി തുടരുന്നതാണ് പ്രധാന വെല്ലുവിളി.