/kalakaumudi/media/media_files/2025/11/21/yt-2025-11-21-19-26-06.jpg)
ന്യൂഡല്‍ഹി: ഇന്ന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ടെക്‌നോളജികള്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും മെയില്‍ ഐഡിയും ഉള്ളവരില്‍ മിക്കവരും ഓരോ യൂട്യൂബര്‍മാരാണ്. അതുപോലെ തന്നെ ഇന്ത്യന്‍ യൂട്യൂബ് വീഡിയോകള്‍ക്ക് വമ്പന്‍ റീച്ചും ലഭിക്കാറുണ്ട്.
അങ്ങനെ കോടിശ്വര്മാരായവരും പാപ്പരായവരും നിരവധിയാണ്. എന്നാല്‍ ഇന്ത്യന്‍ യൂട്യൂബര്‍മാര്‍ക്ക് കമ്പനി നല്‍കിയ വരുമാനം അറിഞ്ഞാല്‍ രാജ്യത്തിന്റെ ജിഡിപി വരെ ഞെട്ടിപ്പോകും.
2023 ല്‍ ഇന്ത്യയുടെ ജിഡിപിയിലേക്ക് 16,000 കോടിയിലധികം രൂപ യുട്യൂബ് സംഭാവന ചെയ്തിട്ടുണ്ട്. ഇത് കൂടാതെ 9.3 ലക്ഷത്തിലധികം മുഴുവന്‍സമയ ജോലിക്ക് തുല്യമായ വരുമാനവും നേടിക്കൊടുത്തു എന്നും പറയുന്നുണ്ട്. സാമ്പത്തിക രംഗത്ത് യുട്യൂബിന്റെ സ്വാധീനത്തെക്കുറിച്ച് ഓക്‌സ്‌ഫോഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാത്രമല്ല, ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിജ്ഞാനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പുതിയ പങ്കാളിത്ത പദ്ധതികള്‍ ആരംഭിച്ചിരിക്കുകയാണ് യുട്യൂബ്. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കാനും നിര്‍മ്മിതബുദ്ധി അധിഷ്ഠിതമായ വിവിധ ടൂളുകള്‍ ഉള്‍പ്പെടുത്താനും യുട്യൂബ് പ്രഖ്യാപിച്ചു. യുട്യൂബ് ഇംപാക്ട് സമ്മിറ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
പുതുതായി പ്രചാരം നേടുന്ന തൊഴില്‍ മേഖലകളില്‍ യുവാക്കള്‍ക്ക് കരിയര്‍ കെട്ടിപ്പടുക്കാനും ക്രിയേറ്റര്‍മാരെ പിന്തുണയ്ക്കാനും വിശ്വസനീയമായ ആരോഗ്യ വിവരങ്ങളുടെ വ്യാപനം ഉറപ്പാക്കാനും വേണ്ടിയാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
യുട്യൂബ് എന്ന പ്ലാറ്റ്ഫോമിന്റെ വളര്‍ച്ച അതുമായി ബന്ധപ്പെട്ട ഉപജീവനമാര്‍ഗ്ഗങ്ങളുമായി മുന്നോട്ട് പോകുന്നവരുടെ ജീവിതവുമായി അടുത്ത് കിടക്കുന്നതായി യുട്യൂബ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ഗുഞ്ജന്‍ സോണി പറഞ്ഞു.തങ്ങളുടെ സ്വാധീനം കാഴ്ചക്കാരെ കൂട്ടുക എന്നതിലല്ല മറിച്ച് യുട്യൂബിലൂടെ പങ്ക് വെക്കുന്ന സാമ്പത്തിക പുരോഗതിയും ഇതിന്റെ ഭാഗമാണ്. യുട്യൂബിലെ 63 ശതമാനം ക്രിയേറ്റര്‍മാരും യുട്യൂബാണ് തങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ് എന്ന് പറയുന്നു. ഈ അടിത്തറയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുക, സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, പുതിയ എഐ ടൂളുകള്‍ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം എന്നും സോണി കൂട്ടിച്ചേര്‍ത്തു.
ആനിമേഷന്‍, ഗെയിമിങ്, വിഷ്വല്‍ എഫക്ട്സ്, അനുബന്ധ മേഖലകളില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിന് പുതുതായി രൂപീകരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോള്ജിയുമായിട്ടാണ് യൂട്യൂബ് സഹകരിക്കുക. വ്യാവസായിക അധിഷ്ഠിതമായ ശില്‍പശാലകള്‍, പരീക്ഷണാത്മക പ്രോജക്റ്റുകള്‍ക്കായി 'ക്രിയേറ്റ് വിത്ത് എഐ' ഫണ്ടിംഗ് പ്രോഗ്രാം, ഔദ്യോഗിക യുട്യൂബ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനുള്ള പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ക്രിയേറ്റീവ് മേഖലയ്ക്ക് ഉണര്‍വ് പകരുന്ന രീതിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നതാണ് ഈ സഹകരണം എന്ന് ഐഐസിടി സിഇഒ വിശ്വാസ് ഡിയോസ്‌കര്‍ പറഞ്ഞു. യുട്യൂബില്‍ കഥകള്‍ പറയുന്ന രീതിയെ പുനഃനിര്‍വചിക്കാന്‍ എഐ ടൂളുകളെ രൂപകല്‍പ്പന ചെയ്യുകയാണെന്നും ഇത് ആഗോളതലത്തിലുണ്ടാകുന്ന മത്സരങ്ങളെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
