/kalakaumudi/media/media_files/2025/10/15/imf-2025-10-15-09-10-07.jpg)
വാഷിങ്ടണ്‍: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷവും (2025) അടുത്ത വര്‍ഷവും വിമര്‍ശകരെ വിസ്മയിപ്പിച്ച് മികച്ച വളര്‍ച്ച സ്വന്തമാക്കുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ. ലോകത്തിന്റെതന്നെ വളര്‍ച്ചയുടെ 'ഗ്രോത്ത് എന്‍ജിന്‍' ആയി മാറുകയാണ് ഇന്ത്യ. പല വലിയ സാമ്പത്തികശക്തികളും തളരുമ്പോഴാണ് ഇന്ത്യയുടെ തിളക്കമെന്നും അവര്‍ പറഞ്ഞു.
വാഷിങ്ടണില്‍ ഐഎംഫ്-ലോകബാങ്ക് വാര്‍ഷിക സമ്മേളനത്തിലായിരുന്നു ക്രിസ്റ്റലീനയുടെ വാക്കുകള്‍. ഇന്ത്യ നടപ്പാക്കുന്ന ശക്തമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് വളര്‍ച്ചയ്ക്ക് കരുത്താവുക. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി (ഫാസ്റ്റസ്റ്റ് ഗ്രോവിങ് മേജര്‍ ഇക്കണോമി) ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കിയ ഐഎംഎഫ്, ഇന്ത്യയ്ക്ക് 2025ലും 2026ലും 6.4% വീതം വളര്‍ച്ചയാണ് പ്രവചിക്കുന്നത്. നേരത്തേ ഇന്ത്യ 2025ല്‍ 6.2 ശതമാനവും 2026ല്‍ 6.3 ശതമാനവും വളരുമെന്ന സ്വന്തം പ്രവചനം ഐഎംഎഫ് തിരുത്തുകയും ചെയ്തത് ഇന്ത്യയ്ക്ക് നേട്ടമാണ്.
സാമ്പത്തികരംഗത്ത് ഇന്ത്യയുടെ ബദ്ധഎതിരാളിയായ ചൈനയുടെ വളര്‍ച്ച 2025ല്‍ 4.8% മാത്രമായിരിക്കും; 2026ല്‍ 4.2 ശതമാനവും. യുഎസ് 2025ല്‍ 1.9% വളരും; അടുത്തവര്‍ഷം 2 ശതമാനവും. ആഗോള സാമ്പത്തിക വളര്‍ച്ച 2025ല്‍ 3.2 ശതമാനത്തിലേക്ക് കുറയും. 2024ല്‍ 3.3 ശതമാനവും കോവിഡിന് മുന്‍പ് 3.7 ശതമാനവുമായിരുന്നു. 3.1 ശതമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം ആഗോളതലത്തില്‍ വ്യാപാരമേഖലയെ താറുമാറാക്കിയിട്ടുണ്ട്. ഇത് പല രാജ്യങ്ങളുടെയും വളര്‍ച്ചയെ ബാധിച്ചു. കടബാധ്യത ഉയര്‍ന്നു. ഈ തിരിച്ചടികള്‍ ആഗോള ജിഡിപി വളര്‍ച്ചയെയും ബാധിക്കും.
ചൈന തളരുകയും അവര്‍ അവര്‍ക്കൊപ്പം മറ്റുള്ളവരെ 'മുക്കുകയും' ആണെന്ന പരാമര്‍ശവുമായി ഇതിനിടെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ് രംഗത്തെത്തി. ചൈന റെയര്‍ എര്‍ത്ത് കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ ജിഡിപി നടപ്പുവര്‍ഷത്തെ (2025-26) ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 7.8% വളര്‍ന്നിരുന്നു. രണ്ടാം പാദത്തിലും (ജൂലൈ-സെപ്റ്റംബര്‍) 7 ശതമാനത്തിനടുത്ത് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ഉപഭോഗം കൂടുന്നതും സേവനമേഖലയുടെ കയറ്റുമതി നേട്ടവും ഇന്ത്യയ്ക്ക് ഗുണമാകുമെന്ന് ഐഎംഎഫ് പറയുന്നു.
ജിഎസ്ടി പരിഷ്‌കാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉപഭോക്തൃവിപണിക്ക് കരുത്താവുമെന്ന് ചൂണ്ടിക്കാട്ടിയ ലോകബാങ്കും നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.3ല്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ ശരാശരി പണപ്പെരുപ്പ അനുമാനം നേരത്തേ വിലയിരുത്തിയ 4.2ല്‍ നിന്ന് 2.8 ശതമാനത്തിലേക്ക് ഐഎംഎഫ് വെട്ടിക്കുറച്ചതും നല്‍കുന്നത് വന്‍ പ്രതീക്ഷകളാണ്. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില കുറയുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.