/kalakaumudi/media/media_files/2025/08/30/gdp-2025-08-30-09-21-24.jpg)
ന്യൂഡല്‍ഹി : 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഇന്ത്യന്‍ ജിഡിപിയില്‍ 7.8% വളര്‍ച്ച. പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമാണ് മൊത്ത ആഭ്യന്തര ഉത്പാദനം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 6.5 % വളര്‍ച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ ബജറ്റ് കമ്മി 29.9% ആയി വര്‍ദ്ധിച്ചതായും പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.8 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ അഞ്ച് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ച പ്രധാനമായും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് എന്നുള്ളതും ശ്രദ്ധേയമാണ്.
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 5.2 ശതമാനമായിരുന്നതിനാല്‍ നിലവില്‍ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി തുടരുന്നു. ഈ മാസം ആദ്യം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2025-26 ലെ ആദ്യപാദ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി പ്രവചിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രവചനങ്ങളെയും മറികടന്ന് 7.8% വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യന്‍ ജിഡിപി ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.