/kalakaumudi/media/media_files/2025/12/09/indigo-2025-12-09-07-21-10.jpg)
മുംബൈ: വിമാന സര്‍വീസുകള്‍ താറുമാറായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ഓഹരി വിപണിയിലും കനത്ത പ്രഹരം. തിങ്കളാഴ്ച മാത്രം 7.5 ശതമാനം ഇടിവാണ് ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസം മാത്രം ഓഹരി വിലയിലുണ്ടായ ആകെ ഇടിവ് 15 ശതമാനമായി.
ഡിസംബര്‍ ഒന്നിന് 5,837 രൂപയായിരുന്ന ഓഹരി വില, തുടര്‍ച്ചയായ ഇടിവിനൊടുവില്‍ തിങ്കളാഴ്ച ഉച്ചയോടെ 4,970 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒരാഴ്ചയായി ഇന്‍ഡിഗോ സര്‍വീസുകളില്‍ ഉണ്ടായ വന്‍ തടസ്സങ്ങളും, കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയതുമാണ് ഓഹരി വിപണിയിലെ ഈ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
വിമാന ജീവനക്കാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ജനുവരിയില്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം നവംബര്‍ 1 മുതല്‍ പുതിയ സമയം ക്രമീകരിക്കേണ്ടിയിരുന്നു. എന്നാല്‍, ഇതിനാവശ്യമായ ജീവനക്കാരെ മുന്‍കൂട്ടി കണ്ടെത്തുന്നതിലോ കൃത്യമായ പരിശീലനം നല്‍കുന്നതിലോ കമ്പനി പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ഇത് സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നതിലേക്കും വൈകുന്നതിലേക്കും നയിച്ചു.
വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിട്ടും കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടുവെന്ന് ഡിജിസിഎ നിരീക്ഷിച്ചു. ഇതിനു പുറമെ, ഗതാഗത-ടൂറിസം കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചു വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും നിക്ഷേപകരുടെ ആശങ്ക വര്‍ധിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
