/kalakaumudi/media/media_files/2025/09/19/info-2025-09-19-10-15-38.jpg)
കൊച്ചി: പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാഥാര്‍ഥ്യമായാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായി ഇത് മാറും.
മൂന്ന്, നാല് ഘട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഐപിഒയുമായി മുന്നോട്ട് പോകാനാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കകം ഐപിഒ അവതരിപ്പിക്കാനാണ് ഇന്‍ഫോപാര്‍ക്ക് പദ്ധതിയിടുന്നത്. ഐപിഒ റോഡ് മാപ്പിന്റെ ഭാഗമായി, ഇന്‍ഫോപാര്‍ക്കിനെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 'ഞങ്ങള്‍ ഇതുവരെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നിരുന്നാലും, ഭാവി സംരംഭങ്ങള്‍ക്ക് ആവശ്യമായ വഴക്കം ഈ ഘടന ഞങ്ങള്‍ക്ക് നല്‍കുന്നില്ല. ഐടി പാര്‍ക്കുകള്‍ ചാരിറ്റബിള്‍ സൊസൈറ്റികളല്ല എന്ന നിലപാട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പോലും വളരെക്കാലമായി സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍, ഇന്‍ഫോപാര്‍ക്കിനെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് അടിയന്തര നടപടി.
കൂടാതെ, സംയുക്ത സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിന് ഒരു കമ്പനി ഘടന ആവശ്യമാണ്. ഭാവിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, അതിന് ഒരു കോര്‍പ്പറേറ്റ് ഘടന ആവശ്യമായി വരും. ഒരു കോര്‍പ്പറേറ്റ് ഘടനയിലേക്കുള്ള മാറ്റം നികുതിയില്‍ അനുകൂല സാഹചര്യം ഒരുക്കും.' - ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ പറഞ്ഞു.
'അതേസമയം, ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനം പ്രതീക്ഷിക്കുന്ന 300 ഏക്കറിനപ്പുറം വളരും. ഇതിന് ഏകദേശം 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തേക്കാം. 2030 ഓടെ മൂന്നാം ഘട്ട വികസനത്തിന്റെ പകുതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാക്കോ കേബിള്‍ കമ്പനിയുടെ ഭൂമിയില്‍ വരുന്ന നാലാം ഘട്ട വികസനം പ്രാരംഭത്തിലുള്ള തടസങ്ങളില്‍ നിന്ന് പുറത്തുകടക്കും. മൂന്നാം ഘട്ടത്തിന്റെ കാര്യത്തില്‍, ഭൂമി പൂളിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,'- ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ പറഞ്ഞു.
ഐപിഒ ഇന്‍ഫോപാര്‍ക്കിന് ഗുണം ചെയ്യുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി ജെ ജോര്‍ജ് പറഞ്ഞു. ''ഭാവിയില്‍ അത്തരം പദ്ധതികള്‍ ഉണ്ടെങ്കില്‍ അത് ഐടി പാര്‍ക്കിന്റെ വികസനത്തിനുള്ള ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കും. എന്നിരുന്നാലും, വിപണി ശ്രദ്ധ നേടുന്നതിന്, സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ താഴെയാക്കി നിര്‍ത്തേണ്ടി വരും''- അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ ലാഭം 20.74 കോടിയാണ്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 13.15 കോടി രൂപയായിരുന്നു.
ക്രിസില്‍ റേറ്റിങ് അനുസരിച്ച് ഇന്‍ഫോപാര്‍ക്കിന് സ്റ്റേബിള്‍ റേറ്റിങ് ആണ് ഉള്ളത്. 2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഫോപാര്‍ക്കില്‍ 582ലധികം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 70000ല്‍ പരം ഐടി പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. 9.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.