ക്രൂഡ് ഓയില്‍ വിലകുറഞ്ഞു; പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നുതന്നെ

വ്യാപാരകമ്മി ഉയര്‍ത്തുന്നതില്‍ സാധാരണ വലിയ പങ്ക് വഹിക്കുന്നത് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിയാണ്. രാജ്യത്ത് ആവശ്യമായ അസംസ്‌കൃത എണ്ണയില്‍ 86 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയാണ്.

author-image
Biju
New Update
crude

Representational Image

ന്യൂഡല്‍ഹി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ ആകെ വിലയില്‍ കഴിഞ്ഞ ആറു മാസത്തില്‍ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയര്‍ന്നപ്പോഴാണ് ഇതിനുള്ള ചെലവ് കുത്തനെ താഴ്ന്നത്. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കുറവ് സാധാരണക്കാര്‍ക്ക് നല്കാന്‍ പെട്രോളിയം കമ്പനികള്‍ തയ്യാറാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യാപാരകമ്മി ഉയര്‍ത്തുന്നതില്‍ സാധാരണ വലിയ പങ്ക് വഹിക്കുന്നത് പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിയാണ്. രാജ്യത്ത് ആവശ്യമായ അസംസ്‌കൃത എണ്ണയില്‍ 86 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയാണ്. റഷ്യയില്‍ നിന്നാണ് തല്ക്കാലം ഇതില്‍ നാല്പത് ശതമാനവും ഇന്ത്യയിലെത്തുന്നത്. അമേരിക്കന്‍ ഉപരോധത്തെ തുര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും യൂറോപിലേക്കും വീണ്ടും തിരിയാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തില്‍ എണ്ണ ഇറക്കുമതിയില്‍ 2.4 ശതമാനം വര്‍ദ്ധനവാണുണ്ടായത്. എന്നാല്‍ ഇറക്കുമതി ചെയ്ത ആകെ എണ്ണയുടെ വില നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം നല്കിയതിനെക്കാള്‍ 12 ശതമാനം കുറവാണ് ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് എണ്ണ ഇറക്കുമതി ചെലവ് ഇത്രയും കുറയാന്‍ സഹായിച്ചത്. അസംസ്‌കൃത എണ്ണയില്‍ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവിലും ഏഴര ശതമാനത്തിന്റെ കുറവുണ്ടായി. പ്രക്യതി വാതകത്തിനും പതിനൊന്നര ശതമാനം വിലക്കുറവുണ്ടായി. കഴിഞ്ഞ ആറു മാസം ഇത്രയും നേട്ടം എണ്ണ കമ്പനികള്‍ക്ക് കിട്ടിയിട്ടും പെട്രോള്‍ ഡിസല്‍ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് ഏറ്റവും അവസാനം വില കുറച്ചത്. ദില്ലിയിില്‍ ഒരു ലിറ്റര്‍ പെട്രോളിന് 2024 മാര്‍ച്ചില്‍ 94 രൂപയായിരുന്നു വില. ഡീസലിന് എണ്‍പത്തിയേഴും.

ഇതേ വില തന്നെയാണ് ഇന്നും തലസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. അതായത് എണ്ണകമ്പനികള്‍ക്ക് കിട്ടുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ മടിക്കുകയാണ്. എക്‌സൈസ് തീരുവയാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ദൈനംദിന വില വിപണിയിലെ സാഹചര്യം അനുസരിച്ച് കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്കാണ് സ്വാതന്ത്ര്യം നല്കിയിരിക്കുന്നത്. അന്താരാഷ്ട വിപണി വിലയും ഇറക്കുതി ചെലവും കുറയുമ്പോഴും വില കുറയ്ക്കാത്ത എണ്ണകമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്