ഡോ. സബൈന്‍ ശിവദാസന്‍
കൊച്ചി: സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ 420 കോടി രൂപയുടെ മൂലധന നിക്ഷേപവുമായി കണ്‍സോര്‍ഷ്യം കമ്പനി. മൂവാറ്റുപുഴ ആസ്ഥാനമായാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ നിക്ഷേപക സ്ഥാപനമായ സി.എക്‌സ്. പാര്‍ട്ണേഴ്സിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം കമ്പനിയാണ് ആശുപത്രിയില്‍ നിക്ഷേപം നടത്തിയത്.
കമ്പനിയുടെ 51.8 ശതമാനം ഓഹരികളാണ് കണ്‍സോര്‍ഷ്യം സ്വന്തമാക്കുക. ഇത് പിന്നീട് 53 ശതമാനമായി ഉയര്‍ത്തും. സബൈന്‍ ഹോസ്പിറ്റലിന് ഏതാണ്ട് 830-850 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട്. ഹീറോ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ കാന്ത് മുഞ്ജാള്‍, ജെ.കെ. ടയേഴ്സിന്റെ ഉടമകളായ സിംഘാനിയ കുടുംബം, കോത്താരി കുടുംബം എന്നിവര്‍ അടങ്ങുന്നതാണ് കണ്‍സോര്‍ഷ്യം. ഏതാനും നിക്ഷേപക സ്ഥാപനങ്ങളും പണം മുടക്കുന്നുണ്ട്.
തിരുവനന്തപുരം സ്വദേശിയായ ഡോ. സബൈന്‍ ശിവദാസന്റെ നേതൃത്വത്തില്‍ 2010-ല്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ച സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഐ.വി.എഫ്. (കൃത്രിമ ഗര്‍ഭധാരണം), ഗര്‍ഭധാരണ ചികിത്സകള്‍, പ്രസവം, നവജാതശിശു പരിചരണം, സ്ത്രീകള്‍ക്കുള്ള ചികിത്സകള്‍ എന്നിവയുള്‍പ്പെടെയുള്ള സമ്പൂര്‍ണ മാതൃ-ശിശു ആരോഗ്യപരിരക്ഷാ സേവനങ്ങളാണ് ഒരുക്കുന്നത്. പ്രതിവര്‍ഷം ആറായിരത്തോളം ഐ.വി.എഫ്. ചികിത്സകളും മൂവായിരത്തിലധികം പ്രസവങ്ങളും നടത്തുന്ന സബൈന്‍ ഹോസ്പിറ്റലില്‍ കേരളത്തിനു പുറമേ മാലദ്വീപ്, ഒമാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളും എത്താറുണ്ട്. പുതുതായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് സബൈന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സബൈന്‍ ശിവദാസന്‍ പറഞ്ഞു.