ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോഴ്സ് ഐപിഒയിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഐപിഒയിലൂടെ 900 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് വിപണി നിയന്ത്രണ സംവിധാനമായ സെബിക്ക് ശനിയാഴ്ച കമ്പനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.
500 കോടി രൂപ സമാഹരിക്കാന്‍ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും 400 കോടി രൂപ ലക്ഷ്യമിട്ട് പ്രോമോട്ടര്‍മാര്‍ നടത്തുന്ന ഓഫര്‍ ഫോര്‍ സെയിലും സംയോജിപ്പിച്ചാണ് ഐപിഒ. ഒ പി മുഞ്ജല്‍ ഹോള്‍ഡിംഗ്‌സിന്റെ 250 കോടി രൂപയുടെ ഓഹരികളും ഭാഗ്യോദയ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഹീറോ സൈക്കിള്‍സ് എന്നിവയുടെ 75 കോടി രൂപ വീതവും ഓഫര്‍ ഫോര്‍ സെയിലില്‍ ഉള്‍പ്പെടുന്നു. 100 കോടി രൂപയുടെ പ്രീ-ഐപിഒ പ്ലേസ്‌മെന്റും പരിഗണിക്കുന്നുണ്ട്.