ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയില്‍ 5,532 കോടി നിക്ഷേപിക്കാന്‍ കേന്ദ്രം

ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീം പ്രകാരം ഏഴ് പുതിയ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രഖ്യാപിച്ചത്.

author-image
Biju
New Update
ashvini

ന്യൂഡല്‍ഹി : ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍. 7 ഇലക്ട്രോണിക്‌സ് പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. 5,532 കോടിയുടെ നിക്ഷേപത്തിലാണ് പദ്ധതികള്‍ രൂപീകരിച്ചിട്ടുള്ളത്.

ഇലക്ട്രോണിക്‌സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്‌കീം പ്രകാരം ഏഴ് പുതിയ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പ്രഖ്യാപിച്ചത്. 

സര്‍ക്കാരിന് ആകെ 249 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും അതില്‍ ഏഴ് എണ്ണം പ്രാരംഭ ഘട്ടത്തില്‍ അംഗീകരിച്ചതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക്‌സ് ഘടകങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇന്ത്യയെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ അംഗീകരിച്ചിട്ടുള്ള 7 പദ്ധതികളില്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ (പിസിബികള്‍), അതായത് മദര്‍ബോര്‍ഡ് ബേസുകള്‍, ക്യാമറ മൊഡ്യൂളുകള്‍, കോപ്പര്‍ ലാമിനേറ്റുകള്‍, കപ്പാസിറ്ററുകളിലും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിലും ഉപയോഗിക്കുന്ന പോളിപ്രൊഫൈലിന്‍ ഫിലിമുകള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിരവധി പ്രധാന പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.