/kalakaumudi/media/media_files/2025/07/11/eizr6ro14870-2025-07-11-11-52-09.jpg)
കോഴിക്കോട് : മഞ്ഞപ്പിത്തത്തിനെതിരെ മുൻകരുതൽ എങ്ങനെ എടുക്കണമെന്നതിനെക്കുറിച്ച് ആസ്റ്റർ മിംസിലെ ഡോക്ടർ നുസിൽ മൂപ്പൻ വിശദീകരിക്കുന്നു
മഴകനത്തതോടെ കേരളത്തിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടി വരുന്നത് വിവിധ മാധ്യമങ്ങളിലൂടെ നമ്മൾ ഓരോരുത്തരും കണ്ടുവരികയാണല്ലോ. കിണറുകളും ജലസ്രോതസുകളും മാലിന്യങ്ങൾ ഒലിച്ച് വന്നും മറ്റും മലിനമാവുകയും, രോഗാണുക്കളാല്‍ മലിനമായ ഇത്തരം ജലത്തിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും, കുടിക്കുന്ന വെള്ളത്തിലൂടെയും അണുക്കൾ ശരീരത്തിൽ എത്തുകയും ചെയ്യും. രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോവുകയും സ്വയം ചികിത്സ ആരംഭിക്കുകയും ചെയ്താൽ ഒരു പക്ഷെ രോഗം കരളിനെ ബാധിച്ച് കരൾവീക്കമുൾപ്പെടെ ഗുരുതരാവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ട്. സാധാരണ ഗതിയിൽ
ഈ രോഗം കുട്ടികളിലും ചെറുപ്പക്കാരിലുമാണ് കൂടുതലായി കണ്ടു വരുന്നത്. പനിതുടങ്ങിയതിനു ശേഷം ഛർദ്ദിയും കണ്ണിലടക്കം നല്ല മഞ്ഞനിറം ഉണ്ടാകുമെങ്കിലും സങ്കീർണതകൾ വിരളമാണ്. കണ്ണിൻ്റെ നിറവ്യത്യാസം ശരിയാവാൻ ഒരുമാസമെങ്കിലും വേണ്ടി വരും. ജലജന്യരോഗമായതിനാൽ കുടിക്കാൻ ശുദ്ധജലം ഉറപ്പാക്കണം. കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കാവുന്നത് കൊണ്ട് പ്രത്യേകശ്രദ്ധ കൊടുക്കണം.
വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചാൽ എന്താണ് ചെയ്യേണ്ടത് ?
വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച ഒരാൾ രോഗലക്ഷണങ്ങളെ അവഗണിക്കുകയും, അശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്താൽ രോഗം മൂർച്ഛിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കുകയോ അല്ലെങ്കിൽ രോഗനിർണയം നടത്തുകയോ ചെയ്താൽ, ഡോക്ടറുടെ സേവനം തേടേണ്ടത് വളരെ പ്രധാനമാണ് ഒപ്പം നിങ്ങളുടെ പഞ്ചായത്ത്/മുൻസിപ്പൽ കോർപ്പറേഷൻ അധികാരികളെയും വിവരം അറിയിക്കണം. അവർക്ക് അടിസ്ഥാന കാരണം നിർണ്ണയിക്കാനും ഉചിതമായ ചികിത്സയ്ക്ക് വേണ്ട സഹായം നൽകാനും കഴിയും.
ഡോക്ടർ നിദ്ദേശിക്കുന്ന ടെസ്റ്റുകൾ നിർബന്ധമായും ചെയ്യുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്യുക. ഒപ്പം ഡോക്ടറുടെ നിർദ്ദേശങ്ങളും ചികിത്സാ രീതികളും കൃത്യമായും പിന്തുടരുകയും ചെയ്യണം. നിങ്ങളുടെ മഞ്ഞപ്പിത്തത്തിൻ്റെ കാരണത്തെയും അവസ്ഥയും അനുസരിച്ചു ചികിത്സ വ്യത്യാസപ്പെടാം. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള ചികിത്സയായിരിക്കും നിർദ്ദേശിക്കുക.
കൂടാതെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാൻ വിശ്രമം ആവശ്യമാണ്. കഴിവതും വീട്ടിൽത്തന്നെ കഴിയുക. മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. ആഹാരത്തിന് മുൻപും ശേഷവും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. മലമൂത്ര വിസർജ്ജനം ശൗചാലയത്തിൽ മാത്രം നടത്തുക. അതോടൊപ്പം
ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. നിർജ്ജലീകരണം മാറുന്നതിനും കരളിൻറെ ആരോഗ്യം വീണ്ടെടുക്കുന്നതിനും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ, ദ്രാവക രൂപത്തിലുള്ള ഭക്ഷണം മിതമായ അളവിൽ ഉപ്പുചേർത്ത് കഴിക്കുകയും ചെയ്യുക. നിർജ്ജലീകരണം മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും. മഞ്ഞപ്പിത്തത്തിൻ്റെ അടിസ്ഥാന കാരണത്തെ ആശ്രയിച്ച്ഭക്ഷണ ക്രമത്തിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. ഉദാഹരണത്തിന് കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചാൽ, ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് കൊഴുപ്പു കൂടുതലുള്ള ഭക്ഷണവും, മദ്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത് രോഗിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടർമാർ നിർദ്ദേശിക്കും.
ഹെപ്പറ്റൈറ്റിസ് എ സാമൂഹിക വ്യാപനം ഉണ്ടായതായി നിർദ്ദേശമുണ്ടായാൽ പുറമെ നിന്നുള്ള ഭക്ഷണങ്ങളും ശീതള പാനീയങ്ങളും (ജ്യൂസ്, ഐസ്ക്രീം ഉൾപ്പെടെയുള്ളവ) കഴിക്കാൻ പാടില്ല. ശുചിത്വമാണ് 'ഹെപ്പറ്റൈറ്റിസ് എ' തടയാനുള്ള പ്രധാന മാർഗ്ഗം.
ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറൽ അണുബാധ മൂലമാണ് നിങ്ങളുടെ മഞ്ഞപ്പിത്തം ഉണ്ടാകുന്നതെങ്കിൽ, വൈറസ് മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കൽ നമ്മുടെ ഉത്തരവാദിത്തമാണ്. രോഗലക്ഷണങ്ങളുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കുകയും കൃത്യമായി നിരീക്ഷിക്കുകയും എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ഡോക്ടറെ അറിയിക്കുകയും ചെയ്യുക. പ്രത്യേകിച്ച് നിങ്ങൾക്ക് മഞ്ഞപ്പിത്തത്തിൻറെ അളവ് കുറയുന്നതുവരെ നിർബന്ധമായും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും നിരീക്ഷണവും അത്യാവശ്യമാണ്.
മഞ്ഞപ്പിത്തത്തോടൊപ്പം ശരീരത്തിൽ ചൊറിച്ചിലും ഉണ്ടാകാം. ഈ ലക്ഷണം നിയന്ത്രിക്കാൻ ഡോക്ടർ തന്നിരിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയും നിർജ്ജലീകരണം ഉണ്ടാകാതെ നോക്കുകയും വേണം
ചികിത്സയോടൊപ്പം തന്നെ രോഗികൾക്കുള്ള മാനസികപിന്തുണ വളരേ പ്രധാനമാണ്. ആവശ്യമെങ്കിൽ സുഹൃത്തുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ ഒരു മാനസികാരോഗ്യ പ്രൊഫഷണലിൽ നിന്നോ സഹായം തേടുക.
മഞ്ഞപ്പിത്തത്തിൽ നിന്നുള്ള വീണ്ടെടുക്കലിൻ്റെ ദിവസങ്ങൾ അടിസ്ഥാന കാരണത്തെയും അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ച് വ്യത്യാസപെട്ടിരിക്കും. ചിലരിൽ മഞ്ഞപ്പിത്തത്തിൻ്റെ ലക്ഷണങ്ങൾ താരതമ്യേന വേഗത്തിൽ പരിഹരിക്കപ്പെടും, ചിലർക്ക് കൂടുതൽ സമയവും നിരന്തരമായ പരിചരണവും ആവശ്യമായേക്കാം. ആദ്യം സൂചിപ്പിച്ചതുപോലെതന്നെ ഡോക്ടറുടെയും നിങ്ങളുടെ പഞ്ചായത്ത്/മുൻസിപ്പൽ കോർപ്പറേഷൻ അധികാരികളുടെയും നിദ്ദേശങ്ങൾ കൃത്യമായി ഇക്കാര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
തയ്യാറാക്കിയത്:
Dr. Nuzil Moopan
Senior Specialist - Gastroenterology
Aster MIMS, Calicut