യുപിഐ വിപ്ലവം; ജിയോസൗണ്ട്പേ അവതരിപ്പിച്ചു

ജിയോസൗണ്ട് പേ സംവിധാനം വരുന്നതോടെ ഓരോ യുപിഐ പേയ്‌മെന്റ് സ്വീകരിക്കപ്പെടുമ്പോഴും ലൈവായി വിവിധ ഭാഷകളില്‍ തന്നെ ജിയോഭാരത് ഫോണില്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നു

author-image
Biju
New Update
hjdl

jio sound pay

മുംബൈ: യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വന്‍ പരീക്ഷണവുമായി റിലയന്‍സ് ജിയോ. ജിയോഭാരത് ഫോണുകളില്‍ സൗജന്യമായി 'ജിയോസൗണ്ട്പേ' സംവിധാനം ജിയോ അവതരിപ്പിച്ചു. വ്യവസായ മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു ചുവടുവെപ്പ് നടക്കുന്നത്. ഇതിന്റെ ഗുണം ലഭിക്കുന്നത് അഞ്ച് കോടിയോളം വരുന്ന രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കാണ്. 

ജിയോസൗണ്ട് പേ സംവിധാനം വരുന്നതോടെ ഓരോ യുപിഐ പേയ്‌മെന്റ് സ്വീകരിക്കപ്പെടുമ്പോഴും ലൈവായി വിവിധ ഭാഷകളില്‍ തന്നെ ജിയോഭാരത് ഫോണില്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്നു. 

രാജ്യത്തെ ഓരോ പൗരനെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് റിലയന്‍സ് ജിയോ അവകാശപ്പെടുന്നു. സൗജന്യമായാണ് ഈ സംവിധാനം ജിയോ ലഭ്യമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. വഴിയോരകച്ചവടക്കാര്‍, പച്ചക്കറി വില്‍പ്പനക്കാര്‍, തട്ടുകടകള്‍ തുടങ്ങിയ ചെറുകിട കച്ചവടക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത്. 

നിലവില്‍ പേയ്‌മെന്റ് ലഭിക്കുമ്പോള്‍ അതിന്റെ ഓഡിയോ കേള്‍ക്കാന്‍ സൗണ്ട് ബോക്‌സ് ആവശ്യമാണ്. ഇതിനായി പ്രതിമാസം 125 രൂപയാണ് ചെറുകിട കച്ചവടക്കാര്‍ നല്‍കേണ്ടത്. 'ജിയോസൗണ്ട്പേ' സംവിധാനം വരുന്നതോടെ അതിന്റെയാവശ്യം വേണ്ടിവരില്ല. ഇതോടെ ജിയോഭാരത് ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 1500 രൂപയോളം ലാഭിക്കാം. 

ഒരു വര്‍ഷം മുമ്പ് റിലയന്‍സ് ജിയോ വിപണിയിലെത്തിച്ച ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണാണ് ജിയോഭാരത്. 699 രൂപയാണ് ഫോണിന്റെ വില. ഈ ഫോണ്‍ സ്വന്തമാക്കുന്ന ഏതൊരു വ്യാപാരിക്കും ഫോണിന്റെ മുഴുവന്‍ തുകയും വെറും ആറ് മാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാനാകുമെന്ന മെച്ചവുമുണ്ട്.