/kalakaumudi/media/media_files/2025/12/07/wonder-la-2025-12-07-13-23-51.jpg)
ചെന്നൈ: തമിഴ്‌നാട് തിരുപ്പൂരില്‍ വണ്ടര്‍ലാ ആരംഭിച്ച പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ വിനോദസഞ്ചാരികള്‍ അരമണിക്കൂറോളം ആകാശത്ത് കുടുങ്ങിക്കിടന്നതായി റിപ്പോര്‍ട്ട്. ഉദ്ഘാടന ശേഷം നടന്ന റൈഡിനിടെയായിരുന്നു പന്ത്രണ്ടോളം വിനോദസഞ്ചാരികള്‍ അരമണിക്കൂറോളം 30 അടി ഉയരത്തില്‍ റൈഡില്‍ കുടുങ്ങിക്കിടന്നത്.
വൈദ്യുതി ബന്ധം തകരാറിലായതാണ് റൈഡ് വാഹനം നിശ്ചലമാകാന്‍ കാരാണം. പിന്നീട് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച ശേഷം സേഫ്റ്റിഗാര്‍ഡുകള്‍ മുകളിലെത്തി ഓരോരുത്തരെയുമായി താഴെയെത്തിക്കുകയായിരുന്നു. ഈ മാസം ഒന്നിനായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തിരുപ്പൂരിലെ വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
611 കോടിരൂപ മുതല്‍ മുടക്കില്‍ ദക്ഷിണേന്ത്യയിലെ മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കായാണ് വണ്ടര്‍ല തിരുപ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാട ശേഷം തന്നെ റൈഡിലുണ്ടായ അപകടത്തെക്കുറിച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ വണ്ടര്‍ലായിലെ റൈഡുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ പങ്കുവച്ച് നിരവധി പേരാണ് എത്തുന്നത്.
നേരത്തെ വണ്ടര്‍ലായുടെ മറ്റ് പല അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെയും റൈഡുകളില്‍ ഇത്തരം അനുഭവം ഉണ്ടായതായി പലരും കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്.
തിരുപ്പൂരില്‍ 64 ഏക്കറില്‍ ആരംഭിച്ച വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഇന്ത്യയിലെ ആദ്യത്തെ ബി & എം ഇന്‍വേര്‍ട്ടഡ് റോളര്‍ കോസ്റ്റര്‍ 'തന്‍ജോറ' ഉള്‍പ്പെടെ 43 ലധികം ആകര്‍ഷണങ്ങള്‍ ഉള്ളതായി അവകാശപ്പെടുന്നുണ്ട്. ഇവയില്‍ പലതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിനോദസഞ്ചാരികള്‍ പറയുന്നു.
അരമണിക്കൂറോളം കുട്ടികളും സ്ത്രീകളുമടക്കം 30 അടി ഉയരത്തില്‍ കുടുങ്ങിയതും അരമണിക്കൂറോളം രക്ഷാപ്രവര്‍ത്തനം വൈകയതും സ്ഥലത്ത് സംഘര്‍ഷത്തിനും ഇടയാക്കി. എന്നാല്‍ അപ്രതീക്ഷിതമായി വിനോദസഞ്ചാരികള്‍ രണ്ടായിരത്തോളം പേര്‍ എത്തിയതും വൈദ്യുതി തടസം ഉണ്ടായതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഖേദിക്കുന്നതായും വണ്ടര്‍ലാ എംഡി അരുണ്‍ ചിറ്റിലപ്പിള്ളി ഇന്‍സ്റ്റാഗ്രാമിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്.
2019ല്‍ ബെംഗളുരു വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്കിലും ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരുന്നു. അന്ന് റൈഡില്‍ അപകടം പറ്റി 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
