/kalakaumudi/media/media_files/2026/01/24/dhavos-2026-01-24-10-40-26.jpg)
തിരുവനന്തപുരം: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ചരിത്ര നേട്ടവുമായി കേരളം. 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 14 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള താൽപര്യപത്രങ്ങളാണ് ഒപ്പുവെച്ചത്. അമേരിക്ക, യു കെ, ജർമ്മനി, സ്‌പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്.
ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി പി രാജീവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്‌നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താൽപര്യപത്രം ഒപ്പിട്ടത്. താൽപര്യപത്രത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സി ഇ ഒ മാരുമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതൽ ചർച്ച നടത്തി. 22 സി.ഇ. ഒ മാർ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിംഗും സംഘടിപ്പിച്ചു. പ്രധാന കമ്പനികൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തി.
വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് 5 അംഗ പ്രതിവിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി പി.വിഷ്ണുരാജ്, കെ.എസ്.ഐ.ഡി.സി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരാണ് കേരളസംഘത്തിൽ ഉണ്ടായിരുന്നത്. ദാവോസ് സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ചെയ്തത്.
ഇത്തവണ അത് താൽപര്യപത്രങ്ങളായി പരിവർത്തനപ്പെടുത്താൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
