/kalakaumudi/media/media_files/2025/09/29/cm-2025-09-29-18-45-41.jpg)
കൊച്ചി: കുട്ടികള്‍ക്ക് പരീക്ഷകളുള്ള മാസങ്ങളില്‍ ബാങ്കുകള്‍ ജപ്തി പോലുള്ള നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ കേരള ബാങ്ക് സംഘടിപ്പിച്ച ഐ.ടി. കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബാങ്കുകള്‍ പ്രത്യേകിച്ച് സഹകരണ ബാങ്കുകള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. പരീക്ഷാ സമയങ്ങളിലുള്ള ജപ്തി പോലുള്ള നടപടികള്‍ കുട്ടികള്‍ക്ക് വളരെയധികം മാനസിക സമ്മര്‍ദ്ദം നല്‍കുന്നുണ്ട് . ഇത് ചിലപ്പോള്‍ കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കാം. വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ജപ്തിയുടെ ഭാഗമായി വീടുകളില്‍ നിന്ന് ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേകിച്ച് ഏക ഭവനം മാത്രമുള്ളവരെ. വെറും പണമിടപാടു സ്ഥാപനങ്ങള്‍ മാത്രമായി ബാങ്കുകള്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.
നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ ചതിക്കുഴികളും മനസ്സിലാക്കണം.
ബാങ്കിംഗ് മേഖലയില്‍ കേരളം നടത്തിയ മാതൃകാപരമായ മുന്നേറ്റമാണ് കേരള ബാങ്കിന്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് 2019 നവംബര്‍ 29ന് നിലവില്‍ വന്ന കേരള ബാങ്ക് നാല് പൂര്‍ണ്ണ സാമ്പത്തിക വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ബിസിനസ്സില്‍ അറ്റലാഭം നേടികഴിഞ്ഞു. 2019 കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ ബാങ്കിന്റെ സഞ്ചിത നഷ്ടം 1,151 കോടി രൂപയായിരുന്നു. ഈ അവസ്ഥയില്‍ നിന്നും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ അറ്റലാഭത്തിലേക്ക് ബാങ്കിന് എത്തിച്ചേരാനായി. ബാങ്കിന്റെ ആകെ ബിസിനസ് ഏകദേശം 1, 22, 500 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ രൂപീകരണത്തോടനുബന്ധിച്ച് നടത്തിയ 14 ബാങ്കിങ് യൂണിറ്റുകളുടെ ഐ.ടി. ഇന്റഗ്രേഷനെ സംബന്ധിച്ചുള്ള വിശദമായ കേസ് സ്റ്റഡി റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ബാങ്കിന്റെ കൊച്ചി ആസ്ഥാനത്ത് രൂപീകൃതമാകാന്‍ പോകുന്ന സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ ഹബ്ബിന്റെ ധാരണപത്രത്തിന്റെ പ്രകാശനം മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. സ്വയം സഹായ സംഘങ്ങള്‍ ക്കായി (എസ്.എച്ച് ജി ) കേരള ബാങ്ക് നബാര്‍ഡിന്റെ സഹകരണത്തോടുകൂടി പുറത്തിറക്കുന്ന മണി പേഴ്‌സ് മൊബൈല്‍ അപ്ലിക്കേഷനും, മൈക്രോ എ. ടി.എം മെഷീനുകളും നബാര്‍ഡ് ചെയര്‍മാന്‍ കെ. വി. ഷാജി പുറത്തിറക്കി.
മന്ത്രി വാസവന്‍ അദ്ധ്യക്ഷനായിരുന്നു. മേയര്‍ എം അനില്‍ കുമാര്‍, ഇന്‍ഫോസിസ് ഗ്ലോബല്‍ ഡെലിവറി ഹെഡ് സുധീര്‍ ബാബു, വിപ്രോ എം.ഡി. വിശാല്‍ ദീക്ഷിത്ത്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കേരള ബാങ്ക് സി.ഇ.ഒ ജോര്‍ട്ടി എം ചാക്കോ, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ (ഐ.ടി) എ.ആര്‍. രാജേഷ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ.എസ്.എഫ്.ഇ സി.ഇ.ഒ ഡോ. എസ്.കെ സനില്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
