മുംബൈ: കേരളത്തില്‍ നിന്നുള്ള യാത്രാ സേവന കമ്പനിയായ അല്‍ഹിന്ദ് ഗ്രൂപ്പിന് കീഴിലുള്ള അല്‍ഹിന്ദ് എയറിന് വിമാന സര്‍വീസ് ആരംഭിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) അനുമതി. ഇതോടെ കേരളത്തിന്റെ സ്വന്തം എയര്‍ലൈന്‍ വിമാന കമ്പനി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഡിജിസിഎയില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം എയര്‍ലൈന്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് അല്‍ഹിന്ദ് ഗ്രൂപ്പ് പദ്ധതിയിടുന്നതെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
200-500 കോടി രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെ ആറിന്റെ മൂന്ന് 72 ടര്‍ബോപ്രോപ് വിമാനങ്ങളുമായി പ്രവര്‍ത്തനം ആരംഭിക്കാനാണ് നിര്‍ദിഷ്ട വിമാനക്കമ്പനിയുടെ പദ്ധതി. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കും തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുമായിരിക്കും ആദ്യ സര്‍വീസുകള്‍. ക്രമേണ ഇത് അഖിലേന്ത്യ തലത്തിലേക്കും രാജ്യാന്തര തലത്തിലേക്കും വ്യാപിപ്പിക്കും. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം 20 ആയി ഉയര്‍ത്തിയ ശേഷം വിദേശ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. 2,000 കോടി രൂപയുടെ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നത്.