/kalakaumudi/media/media_files/2025/09/12/gold-2025-09-12-10-23-46.jpg)
മുംബൈ: അമേരിക്കന്‍ ഫെഡ് നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 70 രൂപ വര്‍ധിച്ച് 10,200 രൂപയിലെത്തി. പവന്‍ വില 560 രൂപ വര്‍ധിച്ച് 81,600 രൂപയായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ കൂടി 6,520 രൂപയായി. 14 കാരറ്റ് ഗ്രാമിന് 6,520 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,205 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവില ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് ഗ്രാമിന് 135 രൂപയിലെത്തി.
യു.എസിലെ തൊഴില്‍ കണക്കുകളില്‍ കുറവ് വന്നതോടെ സെപ്റ്റംബര്‍ 17ന് യു.എസ് ഫെഡ് നിരക്ക് 25 ബേസിസ് പോയിന്റ് കുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ 12 മാസങ്ങളില്‍ സൃഷ്ടിക്കപ്പെട്ടത് പ്രതീക്ഷിച്ചതിനേക്കാള്‍ 9,11,000 തൊഴില്‍ അവസരങ്ങളാണെന്ന കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്കും തൊഴില്‍ വളര്‍ച്ചയും കുറയുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്ക് നാല് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തു. യു.എസിലെ പണപ്പെരുപ്പ കണക്കുകള്‍ ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്.
ഇതോടെ ഈ വര്‍ഷം മൂന്ന് തവണ പരിശ നിരക്ക് കുറക്കുമെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണ്. സര്‍ക്കാര്‍ ബോണ്ടുകളിലെ പലിശ കുറയുന്നത് സ്വര്‍ണ വില കൂടുന്നതിന് അനുകൂല ഘടകമാണ്. ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറയുന്നതോടെ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുമെന്നാണ് കരുതുന്നത്. ഇത് ഡിമാന്‍ഡും വിലയും വര്‍ധിപ്പിക്കും.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് അളവില്‍ സ്വര്‍ണവില 3,653 ഡോളറും, അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 88.37 രൂപയുമായി. കഴിഞ്ഞദിവസം സ്വര്‍ണവില 3,620 ഡോളര്‍ വരെ താഴ്ന്നതിനുശേഷമാണ് 3,653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വര്‍ണത്തിന് പോസിറ്റീവാണ്. വിലവര്‍ധനവ് തുടരാന്‍ തന്നെയാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.
ആഭരണ വില
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ കണക്കാക്കിയാല്‍ 88,300 രൂപയെങ്കിലും നല്‍കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നതിന് അനുസരിച്ച് ഇവയുടെ പണിക്കൂലിയിലും വിലയിലും വ്യത്യാസമുണ്ടാകും.