വീണ്ടും 90,000 കടന്ന് സ്വര്‍ണവില

440 രൂപയുടെ വര്‍ദ്ധനവാണ് പൊന്നിന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 90,400 രൂപയായി. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോള്‍ മൊത്ത വില 97,000 കടക്കും

author-image
Biju
New Update
GOLD

കൊച്ചി: പ്രതീക്ഷകള്‍ക്ക് അറുതി വരുത്തി സംസ്ഥാനത്തെ സ്വര്‍ണവില. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില വീണ്ടും 90,000 കടന്നു. ഒക്ടോബര്‍ 31(ഇന്ന്) രാവിലെ ഒരു പവന് 89960 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 11245 രൂപയും. എന്നാല്‍ ഉച്ച കഴിയുമ്പോള്‍ വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

440 രൂപയുടെ വര്‍ദ്ധനവാണ് പൊന്നിന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 90,400 രൂപയായി. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോള്‍ മൊത്ത വില 97,000 കടക്കും. ജ്വല്ലറികള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. ഒരു ഗ്രാം വാങ്ങാന്‍ 11,300 രൂപയാണ് വില വരുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് നിലവിലെ വര്‍ദ്ധനവിന് കാരണം. കാല്‍ ശതമാനം നിരക്കാണ് കുറച്ചത്. ഫെഡ് സമിതിയിലെ 12 അംഗങ്ങളില്‍ 10 പേരും നിരക്ക് കുറയ്ക്കലിന് അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം. പലിശനിരക്ക് കുറച്ചത് ഡോളറിന്റെ വില ഇടിവിന് കാരണമാകുകയും അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുകയും ചെയ്യും.

അതേസമയം വില വര്‍ദ്ധിക്കുന്നതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ വലിയ ഇടിവ് സംഭവിക്കുന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 48.3ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നത് ഇക്കൊല്ലം ഇതേ പാദത്തില്‍ 209.4 ടണ്ണായി കുറഞ്ഞതായി വിദഗ്ധര്‍ പറയുന്നു.  എന്നാല്‍ നിക്ഷേപത്തില്‍ 20ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 91.6 ടണ്‍ സ്വര്‍ണമാണ് നിക്ഷേപത്തിനായി വാങ്ങിയത്. മൂല്യം 74 ശതമാനം കൂടി 51,080 കോടി രൂപയില്‍ നിന്ന് ഇത് 1,14,270 കോടി രൂപയായി വര്‍ദ്ധിച്ചതായാണ് കണക്ക്.

സ്വര്‍ണവില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യുഎസ് ചൈന വ്യാപാര ചര്‍ച്ചകളും ഇസ്രായേല്‍ ഗാസ സംഘര്‍ഷവും മറ്റു അന്താരാഷ്ട്ര സംഭവവികാസങ്ങളുമെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കും. നവംബര്‍ മാസത്തില്‍ വിവാഹസീസണ്‍ വന്നെത്തുന്നതിനാല്‍ നിലവിലെ വര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് വെല്ലുവിളിയാണ്.