ലോട്ടറിയ്ക്ക് നാളെ മുതല്‍ 40 ശതമാനം ജിഎസ്ടി; ടിക്കറ്റ് വില കൂട്ടില്ല

ലോട്ടറിക്കുള്ള നികുതി 2017ല്‍ ജിഎസ്ടി ആരംഭിച്ചപ്പോള്‍ 12 ശതമാനം മാത്രമായിരുന്നു. 2020ല്‍ 28 ശതമാനമായി. ഇപ്പോഴത്തെ വര്‍ധന 350 ശതമാനമാണ്.

author-image
Biju
New Update
ltry

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകള്‍ക്കുള്ള ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ 28 ശതമാനത്തില്‍നിന്ന് 40 ശതമാനമാക്കിയതോടെ സമ്മാനഘടനയും മാറുന്നു. 22 മുതലാണ് ജിഎസ്ടി നിരക്കിലെ വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 26 മുതല്‍ സമ്മാനഘടനയില്‍ മാറ്റം വരുത്താനാണ് ഭാഗ്യക്കുറി വകുപ്പ് ഉദ്ദേശിക്കുന്നത്. 

ടിക്കറ്റ്‌നിരക്ക് വര്‍ധിപ്പിക്കാതെ ജിഎസ്ടി വര്‍ധനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തരണംചെയ്യാനാണ് ലോട്ടറി വകുപ്പ് ശ്രമിക്കുന്നത്.

ലോട്ടറിക്കുള്ള നികുതി 2017ല്‍ ജിഎസ്ടി ആരംഭിച്ചപ്പോള്‍ 12 ശതമാനം മാത്രമായിരുന്നു. 2020ല്‍ 28 ശതമാനമായി. ഇപ്പോഴത്തെ വര്‍ധന 350 ശതമാനമാണ്. ടിക്കറ്റ് വില കൂട്ടിയാല്‍ വില്‍പ്പനയെ ബാധിക്കും. ടിക്കറ്റ് വിറ്റ് ഉപജീവനംകഴിക്കുന്ന രണ്ടു ലക്ഷത്തിലേറെ തൊഴിലാളികളുടെയും കുടുംബങ്ങളെയും ഇത് ബാധിക്കും. ക്ഷേമനിധി, കാരുണ്യ കാരുണ്യ ചികിത്സാപദ്ധതി എന്നിവയുടെ നടത്തിപ്പിനെയും ഇത് ബാധിക്കും. 

അതേസമയം, ജിഎസ്ടി വര്‍ധന തിങ്കളാഴ്ച നിലവില്‍ വരുന്ന സാഹചര്യത്തില്‍ തിരുവോണം ബമ്പര്‍ വില്‍ക്കാന്‍ ഞായറാഴ്ച സംസ്ഥാനത്തെ മുഴുവന്‍ ഭാഗ്യക്കുറി കാര്യാലയങ്ങളും തുറക്കും. നിലവില്‍ തിരുവോണം ബമ്പറിന്റെ മുഖവില 391 രൂപയാണ്.

ഇതിനൊപ്പം ജിഎസ്ടി കൂട്ടിയാണ് 500 രൂപയ്ക്ക് വില്‍ക്കുന്നത്. വില്‍പ്പന തിങ്കളാഴ്ചത്തേക്ക് നീണ്ടാല്‍ മുഖവില 357 രൂപയാക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഞായറാഴ്ച ഭാഗ്യക്കുറി കാര്യാലയങ്ങള്‍ തുറന്ന് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരിക്കുന്നത്. 

ശനിയാഴ്ചത്തെ വില്‍പ്പന കണക്കനുസരിച്ച് 73 ലക്ഷം ടിക്കറ്റുകളും വിറ്റു. ഞായറാഴ്ച ബാക്കി രണ്ട് ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് കണക്കുകൂട്ടുന്നത്. സെപ്റ്റംബര്‍ 27-നാണ് തിരുവോണം ബംബറിന്റെ നറുക്കെടുപ്പ്.