/kalakaumudi/media/media_files/2025/08/22/onm-2025-08-22-09-19-09.jpg)
കൊച്ചി: അങ്ങനെ വീണ്ടുമൊരു ഓണക്കാലം കൂടി പിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. പൂക്കളും ഓണക്കോടിയും സദ്യയും ഗൃഹോപകരണങ്ങള്‍ എന്നുവേണ്ട സകലതും മലയാളിക്ക് ഓണക്കാലത്ത് ഒഴിവാക്കാനാകാത്തതാണ്. കൂടുതല്‍ കച്ചവടം നടക്കുന്നതും സാമ്പത്തികമേഖലയില്‍ വലിയ ചലനമുണ്ടാക്കുന്നതുമായ സമയമാണ് ഓണക്കാലം. പ്രളയവും കോവിഡുമെല്ലാം സമീപകാല ഓണനാളുകളില്‍ വില്ലനായെത്തിയിരുന്നു.ഇത്തവണ അനുകൂല കാലാവസ്ഥയും സാമ്പത്തിക ക്രയവിക്രയവുമാണ് വ്യാപാരികളും വന്‍കിട കമ്പനികളും പ്രതീക്ഷിക്കുന്നത്.
ഗൃഹോപകരണ ഉത്പന്നങ്ങളുടെ വലിയൊരു ശതമാനം വില്പന നടക്കുന്നതും ഓണക്കാലത്താണ്. ബഹുരാഷ്ട്ര കമ്പനികള്‍ പോലും കേരള വിപണിയെ മാത്രം ലക്ഷ്യംവച്ചുള്ള പരസ്യ ക്യാംപെയ്നുകള്‍ പുറത്തിറക്കുന്നതും ഈ കാലഘട്ടത്തിലാണ്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ കൂടുതലായി ഓണ്‍ലൈന്‍ വാങ്ങലിലേക്ക് മാറിയിരുന്നു അടുത്ത കാലം വരെ. എന്നാല്‍ ക്വാളിറ്റി കുറഞ്ഞ ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്ക്കപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വന്നത് ഷോപ്പുകളിലേക്ക് വീണ്ടും ആളെത്തുന്നതിന് കാരണമായിട്ടുണ്ട്.
ഷോപ്പില്‍ വന്ന് സാധനങ്ങള്‍ പരിശോധിച്ച് വാങ്ങുകയെന്നത് മലയാളികളുടെ ശീലമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഓണക്കാലത്ത് കുടുംബവുമൊത്ത് വന്ന് ഷോപ്പിംഗ് നടത്തുന്ന രീതിയാണ് പലരുടെയും. ഗൃഹോപകരണ ഷോപ്പുകള്‍ ഇ.എം.ഐ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്കുന്നതും വില്പന വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പരസ്യത്തിനായി കൂടുതല്‍ പണം മുടക്കാന്‍ ഗൃഹോപകരണ ബ്രാന്‍ഡുകളും ഷോപ്പുകളും മടികാണിക്കുന്നില്ല.
ഓഫറും മലയാളിയും വല്ലാത്തൊരു കോംബോയാണ്. ഓണക്കാലത്ത് ഒട്ടുമിക്ക കമ്പനികളും വലിയ ഓഫറുകളുമായാണ് കളംപിടിക്കുന്നത്. കമ്പനികള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കും ഓണക്കാലം വേദിയാകും. മുമ്പ് സിനിമ താരങ്ങളെ വച്ച് പരസ്യങ്ങള്‍ ചെയ്തിരുന്നവര്‍ ഇപ്പോള്‍ രീതിയൊന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവേഴ്സര്‍മാരാണ് ഇപ്പോള്‍ വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ കൂടുതലായി എത്തുന്നത്.
മുമ്പ് ചാനലുകളും പത്രങ്ങളുമായിരുന്നു ഓണപരസ്യങ്ങളുടെ സിംഗഭാഗവും കൊണ്ടുപോയിരുന്നത്. എന്നാല്‍ മാറിയകാലത്ത് സോഷ്യല്‍മീഡിയയില്‍ പരസ്യത്തിനായി ബജറ്റിന്റെ നല്ലൊരു പങ്ക് കമ്പനികള്‍ മാറ്റിവയ്ക്കുന്നു. മുമ്പ് പരസ്യത്തിനായി കൂടുതല്‍ തുക കമ്പനികള്‍ മാറ്റിവച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സര്‍മാരെ വച്ച് പ്രോഡക്ട് അവതരിപ്പിക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കാറുണ്ട്. ഓണക്കാലം വ്ളോഗര്‍മാരുടെ ചാകരക്കാലം കൂടിയാണ്.
ഓണക്കാലം സദ്യകളുടേത് കൂടിയാണ്. മുമ്പ് വീടുകളില്‍ സദ്യ ഉണ്ടാക്കി കഴിക്കുന്നതായിരുന്നു രീതി. ഇപ്പോള്‍ അതെല്ലാം മാറി. പേരുകേട്ട കേറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ഓണസദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ഓഫീസുകളും സംഘടനകളും ഓണാഘോഷം കളറാക്കി തുടങ്ങിയതോടെ കേറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ഓണക്കാലം ചാകരയുടേതാണ്. സദ്യയില്‍ വിഭവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് നിരക്കും വര്‍ധിക്കും.