8000 കോടി കടമെടുക്കാന്‍ കേരളത്തിന് അനുമതി

സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍ (എസ്.ഡി.എല്‍) എന്ന പേരില്‍ അറിയപ്പെടുന്ന കടപ്പത്രങ്ങള്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്.

author-image
Athira Kalarikkal
New Update
keralaaqa

Representational Image

 

തിരുവനന്തപുരം: കേരളത്തിന് 8,000 കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി ലഭിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് മാസത്തേക്ക് 17,600 കോടി രൂപ കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

പബ്ലിക് അക്കൗണ്ടും ആഭ്യന്തര വരുമാനവും കണക്കാക്കിയതിലെ തിരുത്തലുകള്‍ക്ക് അനുസരിച്ചാണ് ഈ തുക കേരളം ആവശ്യപ്പെട്ടത്. വൈദ്യുത മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്ക് എടുത്ത 6,250 കോടി രൂപയുടെ അധിക വായ്പ അടക്കമുള്ളതാണ് ഈ തുക. എന്നാല്‍ പകുതിയില്‍ താഴെ മാത്രമാണ് അനുമതി നല്‍കിയത്.

 ഇക്കാര്യത്തില്‍ പുനപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും കത്ത് നല്‍കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബറിന് ശേഷം 13,608 കോടി രൂപ കടമടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

2,500 കോടി കൂടി കടമെടുക്കും

അതിനിടെ പൊതുവിപണിയില്‍ നിന്ന് കേരളം 2,500 കോടി രൂപ കൂടി കടമെടുക്കും. ചൊവ്വാഴ്ചയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 2025ലെ ആദ്യ കടമെടുപ്പാണിത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആകെ കടം 34,502 കോടി രൂപയായി വര്‍ധിക്കും. 

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാം

സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍ (എസ്.ഡി.എല്‍) എന്ന പേരില്‍ അറിയപ്പെടുന്ന കടപ്പത്രങ്ങള്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ റിസ്‌ക് കുറവാണെന്ന് അര്‍ത്ഥം. ഓരോ സംസ്ഥാനത്തിനും അനുവദിച്ച പരിധി അനുസരിച്ചാണ് വായ്പ എടുക്കല്‍. പലിശ നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്. എല്ലാ വര്‍ഷവും രണ്ട് തവണ പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും.

 

 

kerala kerala debt