/kalakaumudi/media/media_files/2025/07/24/kallu-2025-07-24-19-49-40.jpg)
ന്യൂഡല്‍ഹി : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ രാജ്യത്തെ പല പരമ്പരാഗത വിഭവങ്ങള്‍ക്കും വിപണിമൂല്യം ഉയരും. ഇവയില്‍ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ പരമ്പരാഗത കരകൗശല ലഹരിപാനീയങ്ങള്‍ ആണ്. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ പ്രകാരം ഇന്ത്യയിലെ ഈ പരമ്പരാഗത ലഹരി പാനീയങ്ങള്‍ക്ക് ഇനി യുകെയിലെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി വിപണികളില്‍ പ്രവേശനം ലഭിക്കും.
ഗോവയിലെ ഫെനി, കേരളത്തിലെ കള്ള്, നാസിക്കിലെ വൈനുകള്‍ എന്നിവ ഇനി വൈകാതെ തന്നെ യുകെയിലെ റീട്ടെയില്‍ ഷോപ്പുകളിലും ലഭ്യമാകും. ഈ പാനീയങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ സൂചന (ജിഐ) സംരക്ഷണവും ലഭിക്കുന്നതാണ്. മദ്യ പാനീയ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ വലിയ നീക്കത്തിന്റെ ഭാഗമായുള്ള തീരുമാനമാണിത്. യുകെ പോലെയുള്ള വിദേശരാജ്യങ്ങളില്‍ ജൈവ, പൈതൃക പാനീയങ്ങള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പരമ്പരാഗത ലഹരി പാനീയങ്ങളുടെ കയറ്റുമതിക്ക് വലിയ വിപണി തന്നെ ലഭിക്കാനാണ് സാധ്യത.
202324 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മദ്യ കയറ്റുമതി 2,200 കോടി രൂപയായിരുന്നു. യുഎഇ, സിംഗപ്പൂര്‍, നെതര്‍ലാന്‍ഡ്സ്, നിരവധി ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന വിപണി. 2030 ആകുമ്പോഴേക്കും മദ്യ കയറ്റുമതിയില്‍ 1 ബില്യണ്‍ യുഎസ് ഡോളറിന്റെ വളര്‍ച്ച കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജിന്‍, ബിയര്‍, വൈന്‍, റം എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ലഹരിപാനീയങ്ങള്‍ക്ക് ആഗോള വിപണിയില്‍ വലിയ സാധ്യതയുള്ളതാണ് കണക്കാക്കപ്പെടുന്നത്. ലഹരി പാനീയങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യക്ക് ഒരു പുതിയ ഊര്‍ജ്ജം നല്‍കാന്‍ ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര കരാറിന് സാധിക്കും.