വ്യാപാര പണപ്പെരുപ്പത്തില്‍ കേരളം ഒന്നാമത്

ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ റീട്ടെയല്‍ പണപ്പെരുപ്പം ജൂണില്‍ ആറര വര്‍ഷത്തെ താഴ്ചയായ 2.10 ശതമാനമായാണ് ഇടിഞ്ഞത്. മേയില്‍ ഇത് 2.82 ശതമാനമായിരുന്നു

author-image
Biju
New Update
infla

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് ദേശീയതലത്തില്‍ കുത്തനെ കുറഞ്ഞിട്ടും കടകവിരുദ്ധമായി കേരളത്തില്‍ വന്‍ കയറ്റം. രാജ്യത്ത് വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടര്‍ച്ചയായ 6-ാം മാസവും കേരളം മാറുകയും ചെയ്തു.

ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം അഥവാ റീട്ടെയല്‍ പണപ്പെരുപ്പം ജൂണില്‍ ആറര വര്‍ഷത്തെ താഴ്ചയായ 2.10 ശതമാനമായാണ് ഇടിഞ്ഞത്. മേയില്‍ ഇത് 2.82 ശതമാനമായിരുന്നു. എന്നാല്‍, കേരളത്തില്‍ പണപ്പെരുപ്പം മേയിലെ 6.46 ശതമാനത്തില്‍ നിന്ന് 6.71 ശതമാനമായി കുതിച്ചുകയറി. ജനുവരി മുതല്‍ വിലക്കയറ്റത്തോതില്‍ കേരളമാണ് നമ്പര്‍ വണ്‍. ദേശീയതലത്തില്‍ ഓരോ മാസവും പണപ്പെരുപ്പം കുറയുമ്പോള്‍ കേരളത്തില്‍ കൂടുകയാണ്. കേരളത്തിലെ കഴിഞ്ഞമാസങ്ങളിലെ പണപ്പെരുപ്പക്കണക്ക് ഇങ്ങനെ: ജനുവരി : 6.79%, ഫെബ്രുവരി : 7.31%, മാര്‍ച്ച് : 6.59%, ഏപ്രില്‍ : 5.94%, മേയ് : 6.46%, ജൂണ്‍ : 6.71%

ഗ്രാമീണ മേഖലകളിലെ പണപ്പെരുപ്പമാണ് കേരളത്തെ കൂടുതല്‍ വലയ്ക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമമേഖലകളിലെ പണപ്പെരുപ്പം മേയിലെ 6.88ല്‍ നിന്ന് കഴിഞ്ഞമാസം 7.31 ശതമാനമായി കൂടി. നഗരങ്ങളിലേത് 5.65ല്‍ നിന്നുയര്‍ന്ന് 5.69 ശതമാനവുമായി.

മറ്റ് മുന്‍നിര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളം ഒരു ഉപഭോക്തൃ കേന്ദ്രീകൃത വിപണിയാണ്. പച്ചക്കറികള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ കൂടുതലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ് കേരളം. അതാണ് പണപ്പെരുപ്പം ഉയരുന്നതിനുളള ഒരു പ്രധാനകാരണം.

പ്രവാസിപ്പണമൊഴുക്ക് കൂടുതലുള്ള സംസ്ഥാനങ്ങില്‍ ഒന്നാണ് കേരളം. ആളോഹരി വരുമാനത്തിലും താരതമ്യേന മുന്‍നിരയിലാണ്. അതുകൊണ്ടുതന്നെ, വിപണിയില്‍ ഉപഭോക്തൃചെലവിടല്‍ (കണ്‍സ്യൂമര്‍ സ്‌പെന്‍ഡിങ്) കൂടുതലാണ്. ഇതും പണപ്പെരുപ്പം കൂടാനൊരു ഘടകമാണ്.

പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതു രണ്ടു ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയര്‍ന്നാലോ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബറില്‍ പണപ്പെരുപ്പം 6.21 ശതമാനമായിരുന്നു. ഇതാണ് ഇക്കുറി ജൂണില്‍ 2.10 ശതമാനത്തിലേക്ക് എത്തിയത്.

അവശ്യവസ്തുക്കളുടെ വിലയില്‍ ഒരുവര്‍ഷത്തിനിടെ ഉണ്ടായ വിലവര്‍ധനയാണ് പണപ്പെരുപ്പം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒരു ഉല്‍പന്നത്തിന്റെ വിലയില്‍ ഇപ്പോള്‍ എത്ര ശതമാനം വര്‍ധനയുണ്ടായി എന്നതാണ് ഇതു സൂചിപ്പിക്കുന്നത്. ദേശീയതലത്തില്‍ ഗ്രാമങ്ങളിലെ പണപ്പെരുപ്പം മേയിലെ 2.59ല്‍ നിന്ന് ജൂണില്‍ 1.72 ശതമാനത്തിലേക്കും നഗരങ്ങളിലേത് 3.12ല്‍ നിന്ന് 2.56 ശതമാനത്തിലേക്കും ഇടിഞ്ഞു.

റിസര്‍വ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിനെയും കഴിഞ്ഞവര്‍ഷം ഏറ്റവുമധികം വലച്ചത് ഭക്ഷ്യവിലപ്പെരുപ്പമായിരുന്നു. 2024 ഒക്ടോബറില്‍ ഇതു 10.87 ശതമാനമായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം കുറിച്ചത് നെഗറ്റീവ് 1.06 ശതമാനം. 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്.
രാജ്യത്ത് ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യത കൂടിയെന്നും വില കുറഞ്ഞുവെന്നും വ്യക്തമാക്കുന്നതാണ് ഫുഡ് ഇന്‍ഫ്‌ലേഷനിലുണ്ടായ വന്‍ ഇടിവ്.

റീട്ടെയ്ല്‍ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത്. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് കഴിഞ്ഞ മൂന്ന് പണനയ നിര്‍ണയ യോഗങ്ങളിലുമായി റീപ്പോനിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. ആനുപാതികമായി ബാങ്ക് വായ്പകളുടെ പലിശനിരക്ക് കുറഞ്ഞത് ഇടപാടുകാര്‍ക്കും നേട്ടമായി. ഇഎംഐ ഭാരം കുറയുമെന്നതാണ് പ്രധാന ആശ്വാസം. പണപ്പെരുപ്പം ആശ്വാസതലത്തിലെങ്കില്‍ അടുത്ത യോഗങ്ങളിലും പലിശ കുറച്ചേക്കാമെന്ന സൂചന റിസര്‍വ് ബാങ്ക് നല്‍കുകയും ചെയ്തിരുന്നു.

kerala economy