/kalakaumudi/media/media_files/2025/02/17/zWBjx9QWl8G49iHZCsHT.jpg)
പാലക്കാട്: ഡാമുകളിലൂടെയുള്ള സീ പ്ലെയിന്‍ സാധ്യതയില്‍ ആദ്യ പരിഗണന നല്‍കുന്നത് മലമ്പുഴക്കെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ സാധ്യത ഫലപ്രദമായി നടത്താന്‍ സാധിച്ചാല്‍ പ്രദേശത്ത് വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് കാരവന് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാമുകളിലൂടെയുള്ള സീ-പ്ലെയിന്‍ പദ്ധതിക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മലമ്പുഴയിലേക്ക് സഞ്ചാരികള്‍ക്ക് വേഗത്തില്‍ എത്താന്‍ പുതിയ സാധ്യതകള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. മലമ്പുഴയുടെ ടൂറിസം വികസനത്തിന് സാധ്യമായതെല്ലാം ചെയ്യും. ഡെസ്റ്റിനേഷന്‍ വെഡിങ്ങിന്റെ കേന്ദ്രമായി മാറാനുള്ള സാധ്യതകളും മലമ്പുഴയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരമേഖലയില്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണ്. അതിന്റെ ഭാഗമായാണ് കാരവന് ടൂറിസം, ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം, സിനിമ ടൂറിസം എന്നിവ കൊണ്ടുവരുന്നത്. കാരവന് പാര്‍ക്കിനും കാരവന് ടൂറിസത്തിനും സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. കെടിഡിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ടിടത്ത് കാരവന് പാര്‍ക്കിന്റെ നിര്‍മാണം നടക്കുന്നുണ്ട്.
സ്റ്റാര്‍ട്ട് അപ് സംവിധാനങ്ങളെ കൂടി ഇതിന്റെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ മാന്തുരുത്തിയിലുള്ള കവ എക്കോ ക്യാമ്പ് ആന്‍ഡ് കാരവന് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എ പ്രഭാകരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്, കാരവന് പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ സജീവ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു.