തിരുവനന്തപുരം: കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം) ഈ മാസം 27 ന് ആരംഭിക്കും. കൊച്ചിയില്‍ നടക്കുന്ന പരിപാടി 29 ന് സമാപിക്കും. കെടിഎമ്മിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കെടിഎം ബയര്‍ റജിസ്‌ട്രേഷന്‍ ചരിത്രത്തിലാദ്യമായി 2800 കടന്നെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വ്യക്തിഗത ട്രാവല്‍ മേളയായി 24 വര്‍ഷത്തെ പാരമ്പര്യമുള്ള കേരള ട്രാവല്‍ മാര്‍ട്ട് മാറി. ആഭ്യന്തര,രാജ്യാന്തര വിപണികള്‍ കേന്ദ്രീകരിച്ചു കേരള ടൂറിസം ക്യാംപെയ്‌നുകള്‍ ആരംഭിക്കും. വയനാടിനു കൂടി പ്രാമുഖ്യം കൊടുത്താണു ക്യാമ്പയിനുകള്‍. ചൂരല്‍മല ദുരന്തം വയനാട് ജില്ലയിലെ ടൂറിസം മേഖലയെ ബാധിച്ചിരുന്നു. അതിനെ അതിജീവിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെടിഎം മൊബൈല്‍ ആപ്പും മന്ത്രി പുറത്തിറക്കി. 2018ലാണ് ഇതിനു മുന്‍പ് ഏറ്റവുമധികം ബയര്‍ റജിസ്‌ട്രേഷന്‍(1305) നടന്നത്. ഇത്തവണ, ഇതുവരെ 76 രാജ്യങ്ങളില്‍ നിന്നായി 800 വിദേശ ബയര്‍മാരാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുകെ(67),യുഎസ്എ(55),ഗള്‍ഫ്(60),യൂറോപ്പ്(245), റഷ്യ(34) എന്നിവിടങ്ങളില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍(41) നിന്നും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
8 വിഭാഗങ്ങളിലായി 345 സ്റ്റാളുകളാണ് ഇത്തവണ ക്രമീകരിക്കുക. ബിടുബി കൂടിക്കാഴ്ചകളും മാര്‍ട്ടിന്റെ നടത്തിപ്പും സുഗമമാക്കിയിരുന്ന സോഫ്റ്റ്വെയര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. 22 മുതല്‍ 26 വരെ പ്രീ മാര്‍ട്ട് ടൂര്‍ നടക്കും. 26നാണ് ഉദ്ഘാടന സമ്മേളനം. 27 മുതല്‍ 29 വരെയാണു ബിസിനസ് സെഷനുകള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കെടിഎമ്മിന്റെ സംഭാവന മന്ത്രി മുഹമ്മദ് റിയാസിന് ഇ.എം.നജീബ് കൈമാറി.