ലുലുവിന്റെ 5000 കോടി നിക്ഷേപം

വിവിധ സംരംഭങ്ങള്‍ സമാപന ചടങ്ങില്‍ താല്പര്യപത്രം വ്യവസായ മന്ത്രിക്ക് കൈമാറി. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നീങ്ങുന്ന യാത്രയുടെ മുന്നോട്ടു പോക്കിന്റെ തുടക്കമാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയെന്ന് പി. രാജീവ് പറഞ്ഞു.

author-image
Biju
New Update
GFRF

കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ 1,52,905.67 കോടി രൂപയുടെ നിക്ഷേപ സന്നദ്ധത ലഭിച്ചതായി വ്യവസായ മന്ത്രി പി.രാജീവ്. 374 കമ്പനികള്‍ താല്പര്യപത്രം നല്‍കി. ഇതു വഴി 60,000 തൊഴിലവസരങ്ങളാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

വിവിധ സംരംഭങ്ങള്‍ സമാപന ചടങ്ങില്‍ താല്പര്യപത്രം വ്യവസായ മന്ത്രിക്ക് കൈമാറി. കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നീങ്ങുന്ന യാത്രയുടെ മുന്നോട്ടു പോക്കിന്റെ തുടക്കമാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയെന്ന് പി. രാജീവ് പറഞ്ഞു.

2,000-3,000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന കമ്പനികള്‍ കേരളത്തില്‍ പ്രായോഗികം അല്ല. എന്നാല്‍ ഈ കമ്പനികള്‍ക്ക് ആവശ്യമായ ടെക്‌നോളജി നല്‍കാന്‍ കേരത്തിലുള്ള കമ്പനികള്‍ക്ക് സാധിക്കും.

1,000 കോടി നിക്ഷേപമാണ് ആഡ്‌ടെക് സിസ്റ്റംസ് നടത്തുന്നത്. അല്‍ഹിന്ദ് 500 കോടി, ബോബി ചെമ്മണ്ണൂര്‍ 500 കോടി, ദയ ഹോസ്പിറ്റല്‍ 5,00 കോടി എന്നിവരും സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. രേഖകള്‍ നേടുന്നതിന് കാലതാമസം ഉണ്ടാവില്ല. വ്യവസായ നടത്തിപ്പിന് തടസമുണ്ടാവില്ല. ഭൂമി തടസമല്ല. കേരളം ഒരു നഗരമാണ്. വിജയിച്ചു നില്‍ക്കുന്ന പല ബിസിനസുകളും ഓരോ പഞ്ചായത്തുകളിലാണ്.

നിക്ഷേപം ഒറ്റ ദിവസം കൊണ്ട് വരില്ല. അതിന് സമയം വേണ്ടി വരും. അതുകൊണ്ട് എത്ര വ്യവസായം ഉടനടി തുടങ്ങാന്‍ പോവുന്നു എന്ന ചോദ്യത്തില്‍ അര്‍ഥമില്ല. നിക്ഷേപത്തിന് നിക്ഷേപകര്‍ക്ക് വിശ്വാസമുണ്ടാക്കുകയാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയുടെ ലക്ഷ്യം. അതില്‍ ഈ സമ്മേളനം വിജയിച്ചു. ഭരണ പ്രതിപക്ഷങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുന്നു. നിരവധി വ്യവസായ പ്രമുഖരുമായി സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നേരിട്ടു ചര്‍ച്ചകള്‍ നടന്നു.

വര്‍ക്കം ഫ്രം കേരള എന്ന ആശയത്തിന് വലിയ സ്വീകാര്യത ലഭിച്ചു. പ്ലാന്റേഷന്‍ ഭൂമി എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ അന്തിമ രൂപം നല്‍കുന്നതിന് ചര്‍ച്ച നടന്നു വരുന്നു. ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചകളുടെയും താല്‍പര്യപത്രത്തിന്റെയും തുടര്‍ നടപടികള്‍ക്കായി പ്രത്യേക സംവിധാനം കൊണ്ടുവരും. ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തും. നടപടികള്‍ ത്വരിതപ്പെടുത്തും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി അവലോകനം നടത്തും. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നിക്ഷേപക സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

3000 പ്രതിനിധികള്‍ പങ്കെടുത്ത രണ്ട് ദിവസം നീണ്ടു നിന്ന ഇന്‍വെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്.

കൊച്ചിയില്‍ ലുലുവിന്റെ ഗ്ലോബല്‍ സിറ്റി വരുന്നു

അടുത്ത നാല് അഞ്ച് വര്‍ഷത്തില്‍ ലുലു ഗ്രൂപ്പ് കേരളത്തില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തും. പ്രധാനമായും കളമശേരിയിലെ ഫുഡ് പ്രോസസിംഗ് സോണിലായിരിക്കും നിക്ഷേപം. കൂടാതെ ഐ.ടി ഫിനാന്‍ഷ്യല്‍ സെക്ടറുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിക്കുന്ന ഗ്ലോബല്‍ സിറ്റിയിലും ഒരു ഭാഗം നിക്ഷേപിക്കും. ലുലുവിന്റെ നിലവിലുള്ള ഐ.ടി പാര്‍ക്കുകളിലും കൂടുതല്‍ നിക്ഷേപം നടത്തും.

കൊച്ചിയില്‍ ബൃഹത്തായ മറ്റൊരു പദ്ധതിയും ലുലുഗ്രൂപ്പിന്റേതായി വരുന്നുണ്ട്. ഗ്ലോബല്‍ സിറ്റിയെന്ന പേരിലാകും ഈ പദ്ധതി. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്തു തന്നെ വെളിപ്പെടുത്തുമെന്ന് ലുലു അധികൃതര്‍ വ്യക്തമാക്കി.

റീറ്റെയില്‍ സെക്ടറില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടന്നു വരികയാണ്. തിരൂര്‍, പെരിന്തല്‍മണ്ണ, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മിനി ഷോപ്പിംഗ് മാളുകള്‍ നിര്‍മിക്കാനും ലുലു നിക്ഷേപം നടത്തുന്നുണ്ട്. ഈ നിക്ഷേപങ്ങള്‍ സാധ്യമാകുന്നതോടെ കേരളത്തില്‍ 15000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാകും. ഐ.ടി ടവര്‍ മൂന്ന് മാസത്തിനുള്ളില്‍ തുറക്കും. ഇവിടെ 25,000 പേര്‍ക്ക് തൊഴിലസരങ്ങള്‍ നല്‍കുന്നതിന് പുറമെയാണിത്.


വികസിത കേരളത്തിനായി കൈകോര്‍ക്കാമെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

കേന്ദ്രവും സംസ്ഥാനവും സഹകരാണാത്മക ഫെഡറലിസത്തിന്റെ വഴിയില്‍ വികസനത്തിനായി സഹകരിച്ചു നീങ്ങുന്നു. ഇക്കാര്യത്തില്‍ രാഷ്രീയ നിലപാടുകള്‍ തടസമാവുന്നില്ല. വിഴിഞ്ഞം തുറമുഖ നിര്‍മാണവും റോഡു വികസനവും അടക്കം നിരവധി പദ്ധതികള്‍ ഈ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു.

2047 ല്‍ ഇന്ത്യയെ വികസിതമാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ചുവടു പിടിച്ച് വികസിത കേരളത്തിനായി തുടര്‍ന്നും കൈകോര്‍ക്കാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

കിന്‍ഫ്ര രൂപവല്‍ക്കരണം കേരളത്തിന്റെ വ്യവസായ വികസനത്തില്‍ നാഴികക്കല്ലായതായി ചടങ്ങില്‍ പങ്കെടുത്ത മുന്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകളുടെ കടന്നു വരവ് കേരളത്തിന്റെ വ്യവസായ വികസനത്തില്‍ വലിയ പങ്ക് വഹിക്കും.

കേരളത്തിന്റെ വളര്‍ച്ചക്ക് പ്രതിപക്ഷം യോജിച്ചു നിന്ന് പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കും. പക്ഷേ കേരളത്തിന്റെ പുരോഗതിക്ക് ഒന്നായി നില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


കൊച്ചി വിമാനത്താവളത്തിനടുത്ത് ഹില്‍ടോപ് സിറ്റി, 5,000 കോടി നിക്ഷേപം

അയ്യമ്പുഴ പഞ്ചായത്തില്‍ ഗിഫ്റ്റ് സിറ്റിക്ക് അടുത്ത് ഹില്‍ടോപ് സിറ്റി പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള മൊണാര്‍ക് ഗ്രൂപ്പ്. നെടുമ്പാശേരി വിമാനത്താവളവുമായി 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട പദ്ധതിയെന്ന് മൊണാര്‍ക് ഗ്രൂപ്പ് ഡയറക്ടര്‍ സുനില്‍ കോക്രെ വ്യക്തമാക്കി. കേരള ഇന്‍വെസ്റ്റ് സമ്മിറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അനുമതി വൈകാതെ നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ചണ്ഡിഗഡിലും പൂനയിലുമായി 13 ടൗണ്‍ഷിപ്പുകള്‍ മൊണാര്‍ക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട്. കേരളത്തിലെ പദ്ധതിക്കായി വേണ്ടത് 4,00 ഏക്കറാണ്. ഭൂവുടമകള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂവുടമകള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്ന രീതിയിലാണ് തങ്ങളുടെ പദ്ധതിയെന്നും സുനില്‍ കോക്രെ വ്യക്തമാക്കി.

എല്ലാവിധ സൗകര്യങ്ങളുമുള്ള ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിലൂടെ വലിയ തോതിലുള്ള തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൊണാര്‍ക് ഗ്രൂപ്പ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയോട് അനുബന്ധിച്ച് ലുലുഗ്രൂപ്പ്, ആസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ കമ്പനികളും നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

ആശുപത്രികള്‍ പുതുയുഗ ടെക്ക് കമ്പനികള്‍: കിംസ് ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള

ഗുണനിലവാര പരിശോധനകള്‍ മുന്‍കാലങ്ങളില്‍ മാനുഫാക്ചറിംഗ് തുടങ്ങി മറ്റ് മേഖലകളിലാണ് കൂടുതലും ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഹെല്‍ത്ത്‌കെയര്‍ രംഗത്ത്, പ്രത്യേകിച്ച് രോഗീപരിചരണ രംഗത്ത് ഗുണനിലവാരം അളക്കപ്പെടാന്‍ പറ്റും. അക്രഡിറ്റേഷനുകള്‍ അതിന്റെ ഭാഗമാണ്. മാത്രമല്ല, ഇന്ന് അക്രഡിറ്റേഷനുകള്‍ അടിസ്ഥാനപരമായ ഘടകം മാത്രമാണ്. കിംസ്ഹെല്‍ത്തിനെ പോലുള്ള ആശുപത്രികള്‍ അതിനുമപ്പുറത്തേക്കാണ് ഗുണനിലവാരമുള്ള രോഗീപരിചരണത്തിനായി കാര്യങ്ങള്‍ ചെയ്യുന്നത്.

ആശുപത്രികളില്‍ വരുന്നവരെ പൊതുവെ രോഗികള്‍ എന്ന് വിളിക്കുന്ന രീതി മാറി. ഞങ്ങള്‍ അതിഥികള്‍, ഗസ്റ്റ് എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രസവത്തിന് വരുന്ന ഒരു പെണ്‍കുട്ടി രോഗിയല്ലല്ലോ? അവരുടെ വീട്ടിലേക്ക് സന്തോഷമാണ് കുട്ടിയുടെ ജനനത്തോടെ കടന്നുവരിക. ചിലര്‍ പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള പരിചരണത്തിനാകും വരിക. അതുകൊണ്ട് ആശുപത്രിയില്‍ വരുന്നവരെ ഗസ്റ്റ് എന്ന് വിശേഷിപ്പിക്കുകയും അവര്‍ക്ക് ലഭിക്കുന്ന അനുഭവങ്ങള്‍, ഗസ്റ്റ് എക്‌സ്പീരിയന്‍സ് ഏറ്റവും മികച്ച രീതിയില്‍ നല്‍കുന്നതിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ആശുപത്രി ഒരു ടെക്ക് കമ്പനി

കിംസ്ഹെല്‍ത്ത് പേപ്പര്‍രഹിത പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ പേയ്‌മെന്റ് പോലും ഡിജിറ്റലായാണ് സ്വീകരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നുണ്ട്. ശസ്ത്രക്രിയ, രോഗനിര്‍ണയം തുടങ്ങി എല്ലാ രംഗത്തും അത്യാധുനിക സാങ്കേതിക വിദ്യകളാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു രോഗിക്ക് നല്‍കിയ അതേ അളവിലുള്ള മരുന്ന് സമാന രോഗത്തിന് മറ്റൊരു രോഗിക്ക് നല്‍കാനാവില്ല. പ്രിസിഷന്‍ പരമപ്രധാനമാണ്.

മാരകമെന്ന് വിധിയെഴുതിയ രോഗങ്ങളുടെ ചികിത്സയില്‍ പ്രിസിഷന്‍ മെഡിസിന്‍ അത്ഭുതകരമായ ഫലസിദ്ധിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ പരമപ്രധാനമാണ് ആശുപത്രിയിലെ അത്യാധുനിക മെഷീനുകളുടെ കാലിബറേഷന്‍. മെഷീനുകള്‍ക്ക് നിശ്ചിത സമയങ്ങളില്‍ മെയ്ന്റനന്‍സും കാലിബറേഷനും അനിവാര്യമാണ്. എങ്കില്‍ മാത്രമേ രോഗനിര്‍ണയവും ചികിത്സയും കൃത്യതയോടെ സാധ്യമാവൂ.

ആതുരസേവന മേഖലയില്‍ എന്താണ് യഥാര്‍ത്ഥ ഗുണമേന്മയെന്ന് പലര്‍ക്കും വ്യക്തതയില്ല. രോഗനിര്‍ണയത്തിനുപയോഗിക്കുന്ന യന്ത്രങ്ങളുടെ അളവുകള്‍ വരെ കൃത്യമായിരിക്കുകയും അത് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ഗുണമേന്മയുള്ള ചികിത്സയും ലഭ്യമാക്കാനാവുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ഇന്ന് ഓരോ ആശുപത്രിയും ഒരു ടെക്ക് കമ്പനിക്ക് സമാനമാണ്.

സ്വകാര്യ നിക്ഷേപവും ചികിത്സാ ചെലവും

ഇപ്പോള്‍ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് സ്വകാര്യ ഓഹരി നിക്ഷേപം കൂടുതലാണ്. ഏറ്റെടുക്കലും ലയനങ്ങളും നടക്കുന്നു. പ്രൈവറ്റ് ഇക്വിറ്റി വരുമ്പോള്‍ തീര്‍ച്ചയായും അത് ലാഭം പ്രതീക്ഷിച്ചാവും. ചികിത്സാച്ചെലവുകള്‍ ഇതുമൂലം കൂടും. അതേസമയം ആശുപത്രികളുടെ ഗുണനിലവാരവും കൂടും. ഓപറേഷന്‍ തിയേറ്ററിലൊക്കെ ഉപയോഗിക്കുന്ന മെഷീനുകള്‍ക്ക് നല്ല വിലയുണ്ട്. നമ്മുടെ രാജ്യത്തെ നികുതി സമ്പ്രദായം അതിന്റെ വില പിന്നെയും കൂട്ടുന്നു. അതുപോലെ മികച്ച പ്രൊഫഷണലുകളുടെ സേവനം ആശുപത്രികളില്‍ അത്യാവശ്യമാണ്.

നല്ലൊരു ടെക്‌നീഷ്യന് മാത്രമേ രോഗനിര്‍ണയ പരിശോധനയില്‍ ഡോക്ടര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൃത്യമായ ഡാറ്റ നല്‍കാനാവൂ. വിദഗ്ധരെ എല്ലാ വിഭാഗത്തിലും നിയമിക്കുമ്പോള്‍ വേതനച്ചെലവടക്കം കൂടും. ഗുണമേന്മയുള്ള ചികിത്സയ്ക്ക് ചെലവ് കൂടുന്നത് അങ്ങനെയൊക്കെയാണ്. ചെലവ് കുറയ്ക്കാന്‍ കുറുക്കുവഴികളില്ല. കടയില്‍ നിന്ന് സാധാരണ വാങ്ങുന്ന ഉല്‍പ്പന്നത്തേക്കാള്‍ കൂടുതല്‍ മികച്ച മറ്റൊന്ന് കാണുമ്പോള്‍ അതിന് വില കൂടുതല്‍ കൊടുക്കാന്‍ നമ്മള്‍ മടിക്കാറില്ലല്ലോ? അതുതന്നെയാണ് ആശുപത്രികളുടെ കാര്യത്തിലുമുള്ളത്.

ജനങ്ങള്‍ക്ക് ചികിത്സാ ചെലവ് താങ്ങാനായി ഇന്‍ഷുറന്‍സ് പരിരക്ഷ സാര്‍വത്രികമാക്കണം. നിലവില്‍ 70 ശതമാനം പേരും സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവാക്കിയാണ് ചികിത്സിക്കുന്നത്. ഇന്‍ഷുറന്‍സും കോര്‍പ്പറേറ്റ് കമ്പനികള്‍ ലഭ്യമാക്കുന്ന ചികിത്സാ പിന്തുണയും മറ്റുമെല്ലാം വളരെ കുറച്ച് ശതമാനത്തിനേ ലഭ്യമാകുന്നുള്ളൂ. ഈ സ്ഥിതി മാറണം. അതിനായി രാഷ്ട്രീയ പാര്‍ട്ടികളും ഭരണനേതൃത്വവുമെല്ലാം ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
മനോഭാവം മാറണം

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. പക്ഷേ ജനങ്ങളുടെ നികുതി പണമാണ് അതിന് വിനിയോഗിക്കുന്നത്. സ്വകാര്യ മേഖല കാര്യക്ഷമതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി നല്‍കുന്ന റേഡിയേഷന്‍ ചികിത്സയുടെ ചെലവിന്റെ 25 ശതമാനം കുറച്ച് അത് നല്‍കാന്‍ കിംസ്ഹെല്‍ത്തിന് സാധിക്കും. അതിന് കാരണം കാര്യക്ഷമതയാണ്.

സ്വകാര്യ മേഖലയോടുള്ള സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മനോഭാവം മാറണം. അതുപോലെ മെഡിക്കല്‍ ടൂറിസം രംഗത്തും കേരളത്തിന് സാധ്യതയേറെയാണ്. പക്ഷേ ഇവിടെ മെഡിക്കല്‍ ടൂറിസം ആരോഗ്യ വകുപ്പിന് കീഴിലാണോ ടൂറിസം വകുപ്പിന് കീഴിലാണോ വരുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത സ്ഥിതിയാണ്. ഇതൊക്കെ ഒട്ടേറെ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

എന്നിരുന്നാലും രോഗീപരിചരണത്തിലും ആരോഗ്യ പരിപാലനത്തിലും കേരളം ഏറെ മുന്നിലാണ്. ഇനിയുമേറെ ദൂരം പോകേണ്ടതായുണ്ട്. പ്രത്യേകിച്ച് ആരോഗ്യപരിപാലന രംഗത്ത്. ആരോഗ്യമുള്ള ഒരു സമൂഹം ഒരു രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയില്‍ ഗണ്യമായ സംഭാവന നല്‍കും. പക്ഷേ അത് തിരിച്ചറിയുകയോ അതിന് വേണ്ടത്ര മുന്‍തൂക്കം നല്‍കുകയോ ചെയ്യുന്നില്ല. ഇവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ പോലും ആരോഗ്യ പരിപാലനത്തിന് മുന്‍തൂക്കമില്ല. യുഎസ്സിലൊക്കെ ഇതല്ല സ്ഥിതി.


റോഡ് കണക്ടിവിറ്റിയില്‍ കേരളം മുന്നേറി

പത്തുവര്‍ഷം മുമ്പത്തേക്കാള്‍ കേരളത്തിന് മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് കൊച്ചിയില്‍ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. റോഡ് കണക്ടിവിറ്റിയില്‍ കൂടുതല്‍ മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു. ദേശീയ പാത നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാകും.

ടൂറിസം മേഖലയുടെ വികസനത്തിന് കണക്ടിവിറ്റി വളരെ പ്രധാനമാണെന്ന് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല പറയുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കണക്ടിവിറ്റിയില്‍ കേരളം ഏറെ മുന്നിലാണ്. അടിസ്ഥാന സൗകര്യ വികസനരംഗത്ത് കേരളം ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ടൂറിസത്തില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നാണ് നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത പലരുടെയും അഭിപ്രായം. അസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചത് മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ്.

ഏകീകൃത സംവിധാനം

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വേഗത കുറവാണെന്ന പരാതി ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുത്ത മിക്കവരും പങ്കുവച്ചു. മുന്‍കാലങ്ങളെ അപേക്ഷിച്ച് മാറ്റം വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും മാറ്റം വരണമെന്നാണ് പല പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ഏകീകൃത സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ മാറ്റങ്ങള്‍ ആവശ്യമാണ്.
രാജസ്ഥാനെ മാതൃകയാക്കാം

കഴിഞ്ഞ ഡിസംബറില്‍ റൈസിംഗ് രാജസ്ഥാന്‍ എന്ന പേരില്‍ രാജസ്ഥാന്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് നടത്തിയിരുന്നു. 35 ലക്ഷം കോടി രൂപയുടെ ധാരണപത്രമാണ് ഈ ഉച്ചകോടിയില്‍ ഒപ്പിട്ടത്. രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് ഈ ഉച്ചകോടിയില്‍ ലഭിച്ചത്. ഇന്‍വെസ്റ്റ് കേരളയില്‍ നിന്ന് വ്യത്യസ്തമായി സോളാര്‍ എനര്‍ജി, സിമന്റ്, ഖനനം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപം രാജസ്ഥാന് ലഭിച്ചത്. നിക്ഷേപ വാഗ്ദാനങ്ങള്‍ ഫലപ്രാപ്തിയിലേക്ക് എത്തിക്കുന്നതിനായി പ്രത്യേക സംവിധാനം തന്നെ രാജസ്ഥാന്‍ ഒരുക്കിയിട്ടുണ്ട്.

നിക്ഷേപങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഇന്‍വെസ്റ്റ് കേരളക്ക് ശേഷം ആസൂത്രണം വേണമെന്നാണ് ഉയര്‍ന്ന നിര്‍ദ്ദേശങ്ങളിലൊന്ന്. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതില്‍ ഇന്‍വെസ്റ്റ് കേരള പോലെയുള്ള പദ്ധതികള്‍ വലിയ പങ്കുവഹിക്കുമെന്ന പക്ഷക്കാരാണ് പങ്കെടുത്തവരിലേറെയും. സര്‍ക്കാര്‍ മുന്‍കൈയെടുത്തുള്ള ഇത്തരം പരിപാടികള്‍ കൃത്യമായ ഇടവേളകളില്‍ നടത്തണം. ഉയര്‍ന്നു വരുന്ന നിര്‍ദേശങ്ങള്‍ വിശകലനം ചെയ്ത് വേണ്ട തിരുത്തലുകള്‍ വരുത്തണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.


കൊച്ചിന്‍ പോര്‍ട്ടില്‍ ബോട്ട് നിര്‍മ്മാണ യൂണിറ്റ്, 300 കോടിയുടെ നിക്ഷേപം

മലബാര്‍ സിമന്റ്സും ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ആര്‍ട്സണ്‍ ഗ്രൂപ്പുമായി സഹകരിച്ച് ബോട്ട് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ താത്പര്യപത്രം ഒപ്പുവച്ചു. 100 ടണ്ണില്‍ താഴെയുള്ള ബോട്ടുകളാകും നിര്‍മിക്കുക. ബോട്ടുകളുടെ കയറ്റുമതിയും ലക്ഷ്യമിടുന്നതായി മലബാര്‍ സിമന്റ്സ് മാനേജിംഗ് ഡയറക്ടര്‍ ജെ. ചന്ദ്രബോസും ആര്‍ട്സണ്‍ ഗ്രൂപ്പ് സി.ഇ.ഒ ശശാങ്ക് ശേഖര്‍ ഝാ പറഞ്ഞു.

ഗവണ്‍മെന്റ് തലത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും മുന്നോട്ടുപോകുക. ആറ് മാസത്തിനുള്ളില്‍ ഉല്‍പ്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനരീതിയും ഓഹരി പങ്കാളിത്തവും ചര്‍ച്ചകള്‍ക്ക് ശേഷമാകും അന്തിമമാക്കുക.

മലബാര്‍ സിമന്റ്‌സിന് ഏഴ് ഏക്കര്‍ സ്ഥലം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലുണ്ട്. മുപ്പത് വര്‍ഷത്തേക്ക് ലീസിന് കൊടുത്തിരിക്കുകയാണ്. 60 കോടിയോളം രൂപ മലബാര്‍ സിമന്റ്സ് അടച്ചിട്ടുണ്ട്. ഒരു കോടി രൂപ വീതം വാടകയും കൊടുക്കുന്നുണ്ട്. അവിടെയാണ് ചെറുബോട്ടുകള്‍ക്കുള്ള നിര്‍മാണ കേന്ദ്രം തുടങ്ങുക.

മലബാര്‍ സിമന്റ്സിന്റെ ഓഹരി മൂലധനമായി ഈ സ്ഥലം കണ്‍വെര്‍ട്ട് ചെയ്യും. ടാറ്റ ഗ്രൂപ്പ് പ്രത്യേകം നിക്ഷേപം നടത്തും. തുടക്കത്തില്‍ 300 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാണ് ടാറ്റ ഗ്രൂപ്പിന്റെ പദ്ധതി. ഇതുകൂടാതെ കൊച്ചി വാട്ടര്‍മെട്രോയ്ക്കായും ബോട്ടുകള്‍ നല്‍കാനാകുമെന്നാണ് കരുതുന്നത്. ഇന്‍വെസ്റ്റ്മെന്റ് കേരള നിക്ഷേപ സംഗമത്തിന്റെ ഭാഗമായാണ് നിക്ഷേപം നടത്തുന്നതെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.

ഭാവിയില്‍ സില്‍ക്ക്, ട്രാവന്‍കൂര്‍ സിമന്റ്സ് എന്നിവയുടെ സ്ഥലങ്ങളിലും ഷിപ്പ് ബില്‍ഡിംഗ് പദ്ധതികള്‍ തുടങ്ങുന്നതും പരിഗണനയിലാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫുഡ് ടെക്, ഫാഷന്‍ മേഖലകളില്‍ വിപുല സാധ്യതകള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫുഡ് ടെക്, ഫാഷന്‍ മേഖലകളില്‍ വിപുല സാധ്യതകളാണുള്ളതെന്ന് കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഹാര്‍ഡ് വെയറിന് ശക്തമായ സര്‍ക്കാര്‍ പിന്തുണ വേണമെന്നും സ്ഥാപനങ്ങള്‍ പ്രാരംഭഘട്ടത്തില്‍ അടച്ചുപൂട്ടുന്നതെന്തു കൊണ്ടെന്നതിന് ശാസ്ത്രീയപഠനങ്ങള്‍ ഉണ്ടാകണമെന്നും നിര്‍ദേശമുയര്‍ന്നു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മേഖലകളില്‍ ഫുഡ് ടെക്നോളജിയും ഫാഷനും കൂടുതല്‍ പ്രാധാന്യം കൈവരേണ്ടതുണ്ട്. നൂതന സംരംഭങ്ങളില്‍ വനിതകള്‍ക്ക് മുന്നോട്ടു വരുന്നതിന് ഇത് സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പ്രതിഭയുള്ള വനിതാ സംരംഭകര്‍

വനിതാ സംരംഭകരില്‍ പ്രതിഭകള്‍ക്ക് ഇന്ത്യയില്‍ കുറവില്ലെന്ന് സഫിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി പറഞ്ഞു. പലപ്പോഴും അവസരങ്ങളുടെ അഭാവം അവരുടെ കഴിവുകളെ ഇല്ലാതാക്കുന്നതായും സുജ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക സെഷന്‍ മോഡറേറ്റ് ചെയ്തു.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പരീക്ഷണങ്ങളെ തുറന്ന മനസോടെ സമീപിക്കുന്നവരാണ് കേരളീയരെന്ന് എയ്സ്വെയര്‍ ഫിന്‍ടെക് എം.ഡി. നിമിഷ ജെ വടക്കന്‍ പറഞ്ഞു. പുതിയ സംരംഭങ്ങളുടെ വളര്‍ച്ചയെ സുഗമമാക്കുന്ന ഫീഡ്ബാക്ക് നേടാന്‍ ഇത് സഹായകമാവുന്നുവെന്നും രാജ്യത്തെ മൈക്രോഫിനാന്‍സിംഗ് എല്ലാ ജനവിഭാഗത്തേയും ഉള്‍ക്കൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹാര്‍ഡ്വെയറിന് പ്രാധാന്യം വേണം

അധികാരികള്‍ ഹാര്‍ഡ് വെയറിന് പ്രാധാന്യം കുറവാണ് നല്‍കുന്നതെന്ന് സെഷനില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററും ഇഎസ്ഡിഎം സൗകര്യവുമുള്ള മുന്‍നിര മേക്കര്‍ വില്ലേജ് കേരളത്തിനുണ്ടെന്ന് അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മെഡ്ജെനോം സ്ഥാപക ചെയര്‍മാനും ഗ്ലോബല്‍ സിഇഒയുമായ സാം സന്തോഷ്, ജിഫി.എഐ സിഇഒ ബാബു ശിവദാസന്‍, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, ഓസ്ട്രേലിയയിലെ സീനിയര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷണര്‍ ജോണ്‍ സൗത്ത്വെല്‍ എന്നിവരായിരുന്നു മറ്റ് പ്രഭാഷകര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക മോഡറേറ്ററായിരുന്നു. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരളയില്‍ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്.


മൂന്നാറിനും ഷിംലയ്ക്കുമൊക്കെ പകരമായി പുതിയ ടൂറിസം കേന്ദ്രങ്ങളെ വളര്‍ത്തിയെടുക്കണം

ടൂറിസം രംഗത്ത് കേരളത്തിന് വളരെ വലിയ സാധ്യതകളാണുള്ളതെന്ന് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന്‍ ബില്ല. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള സമ്മിറ്റില്‍ ടൂറിസവുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് ടൂറിസം രംഗം വളരെ വലുതാണ്. ഈ അവസരങ്ങളെ കൃത്യമായി വിനിയോഗിക്കാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുകയെന്ന ജോലിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ടൂറിസം മേഖലയില്‍ നിക്ഷേപിക്കുമ്പോള്‍ ഭാവി കൂടി മുന്നില്‍ കണ്ടുള്ളതാണ്. ഇല്ലെങ്കില്‍ തിരിച്ചടിയുണ്ടാകും. രാജ്യത്തിന്റെ ടൂറിസം സാധ്യതകളുടെ പകുതി പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഹോട്ടല്‍ ഇന്‍ഡസ്ട്രി അടക്കം വളരുകയാണ്. എന്നാല്‍ ഇനിയും മുന്നോട്ടു പോകാനുണ്ട്. ഇന്‍ഡസ്ട്രി വളരുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങളും വരുമാനവും കൊണ്ടുവരാന്‍ സാധിക്കുമെന്ന് ബില്ല വ്യക്തമാക്കി.

ഗുജറാത്തും യു.പിയുമെല്ലാം ടൂറിസത്തെ കാര്യമായെടുക്കുന്നു

ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേന്ദ്രം ഊന്നല്‍ നല്‍കുന്നത്. സംസ്ഥാനങ്ങളും ടൂറിസത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിന്റെ തെളിവാണ് ഗുജറാത്തിന്റെ ബജറ്റ്. ഇത്തവണ അവര്‍ ടൂറിസം മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി മാറ്റിവച്ചിരിക്കുന്നത് 6,500 കോടി രൂപയിലധികമാണ്. അത്രയേറെ പ്രാധാന്യം ഈ മേഖലയ്ക്ക് നല്‍കുന്നതിന്റെ തെളിവാണിത്. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും ടൂറിസത്തിനായി 5,000 കോടി രൂപയിലധികം ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ടൂറിസം രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നത് രാജ്യത്തിനും ഗുണകരമാണ്.

ഇന്ത്യയുടെ ജി.ഡി.പിയുടെ 5.04 ശതമാനമാണ് ടൂറിസം മേഖലയുടെ സംഭാവന. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകും. കൂടുതല്‍ തൊഴിലവസരങ്ങളും ഇതിനൊപ്പം സംഭവിക്കും. അടുത്ത അഞ്ചുവര്‍ഷത്തിനിടെ മേഖലയില്‍ 77 ലക്ഷം തൊഴിലസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഏവിയേഷന്‍, റെയില്‍വേ കണക്ടിവിറ്റിയില്‍ രാജ്യം നടത്തുന്ന കുതിച്ചുചാട്ടം ആത്യന്തികമായി ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യുന്നുണ്ട്.

മൂന്നാര്‍, ഷിംല പോലുള്ള പരമ്പരാഗത ടൂറിസം കേന്ദ്രങ്ങള്‍ക്ക് പകരമായി കൂടുതല്‍ കേന്ദ്രങ്ങളെ സൃഷ്ടിച്ചെടുക്കേണ്ടത് ആവശ്യമാണ്. ഇത്തരം ടൂറിസം കേന്ദ്രങ്ങള്‍ അവയ്ക്ക് താങ്ങാവുന്നതിന്റെ ഉയര്‍ന്ന അളവിലാണ് വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളുന്നത്. പ്രാദേശികവാസികള്‍ക്ക് ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഇതു കാരണമാകും. ഇവിടെയാണ് സൗദി അറേബ്യയെ മാതൃകയാക്കേണ്ടത്. ചുരുങ്ങിയ കാലംകൊണ്ട് ആറോളം പുതിയ ടൂറിസം കേന്ദ്രങ്ങളാണ് സൗദി നിര്‍മിച്ചതെന്ന് ബില്ല ചൂണ്ടിക്കാട്ടി.

കേരള ടൂറിസത്തിന് കണക്ടിവിറ്റി വലിയ അനുഗ്രഹമാണ്. ഗള്‍ഫ് മേഖലയുമായുള്ള കണക്ടിവിറ്റി കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് സെക്രട്ടറി വി. വേണു, ഇന്ത്യന്‍ ഹോട്ടല്‍സ് ഏരിയ ഡയറക്ടര്‍ ലളിത് വിശ്വകുമാര്‍, ഐ.സി.ആര്‍.ടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡെ, ദ്രാവിഡിയന്‍ ഹോളിഡെയ്സ് എം.ഡി എസ്. സ്വാമിനാഥന്‍ എന്നിവരും രാവിലെ നടന്ന പാനല്‍ സെഷനില്‍ പങ്കെടുത്തു.

സിംഗപ്പൂരിനെ കണ്ടുപഠിക്കണം

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അടുത്ത സിംഗപ്പൂരാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുത്ത വിദഗ്ധര്‍. അനുകൂല നയങ്ങളും ഫലപ്രദമായ ആവാസവ്യവസ്ഥയും ഇതിനായി രൂപപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 'കേരളം: വലിയ അവസരങ്ങളുടെ ചെറിയ ലോകം' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. നീതി ആയോഗ് മുുന്‍ സിഇഒയും ജി20 ഷെര്‍പ്പയുമായ അമിതാഭ് കാന്ത് മോഡറേറ്ററായിരുന്നു.
സിംഗപ്പൂരിന്റെ വളര്‍ച്ച

1980 കളുടെ തുടക്കത്തില്‍ കേരളത്തി്ന്റെ പ്രതിശീര്‍ഷ വരുമാനം സിംഗപ്പൂരുമായി താരതമ്യം ചെയ്യാനാകുന്ന നിലയില്‍ ആയിരുന്നെങ്കിലും നാല് പതിറ്റാണ്ടിന് ശേഷം സിംഗപ്പൂരിന്റെ വരുമാനം 90,000 ഡോളറായി ഉയര്‍ന്നു. ആഗോള വ്യാപാരത്തിലെ മാറ്റങ്ങളും സാങ്കേതികവിദ്യയുടെ വികസനവും വിഴിഞ്ഞം തുറമുഖവുമെല്ലാം കേരളത്തിന് വമ്പന്‍ മാറ്റങ്ങള്‍ക്ക് അവസരമൊരുക്കുന്നതായി പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവനുമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം ലഭിക്കുകയെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് സിഇഒ അശ്വനി ഗുപ്ത പറഞ്ഞു. രാജ്യത്തിന്റെ 90 ശതമാനം വ്യാപാരവും നടക്കുന്നത് തുറമുഖങ്ങളിലൂടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാധ്യതകള്‍

193 കിലോമീറ്റര്‍ കടല്‍ത്തീരം മാത്രമാണ് സിംഗപ്പൂരിനുള്ളത്, എങ്കിലും പ്രതിവര്‍ഷം 40 ദശലക്ഷം ടിഇയു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നു. അതില്‍ 90 ശതമാനവും ട്രാന്‍സ്ഷിപ്മെന്റുകളാണ്. കേരളത്തിന് 600 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്, എന്നാലിവിടെ 3.5 ദശലക്ഷം ടിഇയു മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അന്താരാഷ്ട്ര കപ്പല്‍പ്പാതയോട് ചേര്‍ന്നാണ് വിഴിഞ്ഞം തുറമുഖം എന്നതിനാല്‍ തന്നെ സമയവും ചെലവും കുറയക്കാന്‍ സാധിക്കും.അശ്വനി ഗുപ്ത പറഞ്ഞു.

ഭാവി വികസനങ്ങള്‍ക്ക് ഐടി മേഖലയുടെ പങ്ക് നിര്‍ണായകമാണെന്ന് ഗൂഗിള്‍ ക്ലൗഡ് അപാക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശശികുമാര്‍ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബ്ലോക്ക്ചെയിന്‍, ജനറേറ്റീവ് എഐ, സൈബര്‍ സെക്യൂരിറ്റി, ഇന്‍ഡസ്ട്രി 4.0 തുടങ്ങി ഏഴോളം പുതിയ സാങ്കേതിക മേഖലകള്‍ കൂടിയുണ്ട്. കേരളത്തിന് മികച്ച അവസരങ്ങളാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.അദ്ദേഹം ചൂണ്ടിക്കാട്ടി.

കണക്റ്റിവിറ്റി, കമ്പ്യൂട്ടിംഗ്, എഐ, റോബോട്ടിക്സ് തുടങ്ങിയ രംഗങ്ങളില്‍ ആഗോളതലത്തില്‍ മത്സരിക്കാനുള്ള കഴിവ് കേരളത്തിനുണ്ടെന്ന് ജിയോ പ്ലാറ്റ്ഫോംസ് സിഇഒ മാത്യു ഉമ്മന്‍ പറഞ്ഞു. കേരളത്തിന് മാത്രമായി ഒരു എല്‍എല്‍എം (ലാര്‍ജ് ലാംഗ്വേജ് മോഡല്‍) വികസിപ്പിക്കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിച്ചു.

സംസ്ഥാനത്തിന് സ്ഥിരതയുള്ള എക്സൈസ് നയം വേണമെന്ന് എബി ഇന്‍ബെവ് വൈസ് പ്രസിഡന്റ് അനസൂയ റായ് പറഞ്ഞു. ബിയര്‍ പോലെ ആല്‍ക്കഹോള്‍ അളവ് കുറവുള്ള മദ്യത്തിന്റെ ഉപഭോഗം രാജ്യത്ത് വര്‍ധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ അറിയപ്പെടുന്നതിനുള്ള നടപടികള്‍ കേരളം സ്വീകരിക്കണമെന്ന് എച്ച്സിഎല്‍ ടെക്നോളജീസ് പ്രസിഡന്റ് അനില്‍ ഗഞ്ജു അഭിപ്രായപ്പെട്ടു.


ലോജിസ്റ്റിക് മേഖലയില്‍ 5,000 കോടി നിക്ഷേപവുമായി യുഎഇ യിലെ ഷറഫ് ഗ്രൂപ്പ്

തുറമുഖ ലോജിസ്റ്റിക് മേഖലയില്‍ 5,000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് യുഎഇ ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഷറഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഷറഫുദ്ധീന്‍ ഷറഫ് ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍ വ്യക്തമാക്കി.

കേരളത്തിലെ മനുഷ്യ വിഭവ ശേഷിയാണ് ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണം. ആദ്യമായാണ് ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തുന്നത്. ഷിപ്പിങ്, ലിജിസ്റ്റിക്സ്, സപ്ലൈ ചെയിന്‍, റിറ്റൈല്‍, ടൂറിസം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുള്ള സ്ഥാപനമാണിത്.

പദ്ധതിക്കായി രണ്ട് സ്ഥലങ്ങള്‍ കണ്ടെത്തും. സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കും. ഉടന്‍ പദ്ധതി ആരംഭിക്കാന്‍ ആണ് ഉദ്ദേശിക്കുന്നതെന്നും ഷഫഫുദ്ദീന്‍ ഷറഫ് വ്യക്തമാക്കി.


അടുത്ത മൂന്നു വര്‍ഷത്തിനിടെ 850 കോടി നിക്ഷേപം, പ്രഖ്യാപനവുമായി ആസ്റ്റര്‍ ഹെല്‍ത്ത്കെയര്‍

കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിച്ച കേരള ഇന്‍വെസ്റ്റ്മെന്റ് ഉച്ചകോടിയില്‍ വച്ച് 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ഉച്ചകോടിക്കിടെ ആസ്റ്റര്‍ ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്. ഇന്‍വെസ്റ്റ് കേരളയിലെ ആദ്യ നിക്ഷേപ പ്രഖ്യാപനമാണ് ഇന്ന് നടന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് ഈ നിര്‍ണായക പ്രഖ്യാപനം.
തിരുവനന്തപുരത്തും കാസര്‍ഗോഡും പുതിയ പദ്ധതികള്‍

കേരളത്തില്‍ ആസ്റ്ററിന്റെ അടുത്ത രണ്ട് പ്രോജക്ടുകള്‍ വരുന്നത് തിരുവനന്തപുരത്തും കാസര്‍ഗോഡുമാണ്. 454 കിടക്കകളോടെ തിരുവനന്തപുരത്ത് പണികഴിപ്പിക്കുന്ന ആസ്റ്റര്‍ ക്യാപിറ്റല്‍ ആണ് അതില്‍ പ്രധാനം. കാസര്‍ഗോഡ് ആസ്റ്റര്‍ മിംസില്‍ 264 കിടക്കകളും ഉണ്ടാകും. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ അധികമായി 962 കിടക്കകള്‍ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് കീഴില്‍ കേരളത്തില്‍ ഏഴ് ആശുപത്രികളാണുള്ളത്. ഇവയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് 2,635 കിടക്കകള്‍ ഉണ്ട്. 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തിലെ ആസ്റ്റര്‍ ശൃംഖലയിലെ ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയര്‍ത്തും. കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിന്റെ 53 ശതമാനവും കേരളത്തില്‍ നിന്നാണ്.


ട്രില്യണ്‍ ഡോളര്‍ വളര്‍ച്ചയിലേക്കുള്ള കാല്‍വയ്പ്പ്

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 'കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഐബിഎസ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ വികെ മാത്യൂസ്, ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ്, ഇന്‍വെസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സിദ്ധാര്‍ഥ് നാരായണന്‍, ദി ഇക്കണോമിക് ടൈംസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രുതിജിത്ത് കെകെ എന്നിവര്‍.

കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 'കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഐബിഎസ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ വികെ മാത്യൂസ്, ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ്, ഇന്‍വെസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സിദ്ധാര്‍ഥ് നാരായണന്‍, ദി ഇക്കണോമിക് ടൈംസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശ്രുതിജിത്ത് കെകെ എന്നിവര്‍.

തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047 ഓടെ കേരളം 88 ലക്ഷം കോടി രൂപ (1 ട്രില്യണ്‍ ഡോളര്‍) സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ് 2025) യില്‍ 'കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക്' എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്ത്യയിലെ ആദ്യത്തെ സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
തന്ത്രപരമായ നിക്ഷേപങ്ങള്‍ സഹായകമായി

2000 മുതല്‍ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം (ജിഎസ്ഡിപി) ഓരോ 6-7 വര്‍ഷത്തിലും ഇരട്ടിയായെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെഎസ്ഐഡിസി ചെയര്‍മാന്‍ സി.ബാലഗോപാല്‍ പറഞ്ഞു. വ്യവസായിക സൗഹൃദ ആവാസവ്യവസ്ഥയും തന്ത്രപരമായ നിക്ഷേപങ്ങളും സുസ്ഥിര വികസനവുമാണ് വളര്‍ച്ചക്കുള്ള പ്രധാന ഘടകങ്ങള്‍. 1950-70 വരെയുള്ള കാലയളവില്‍ ഭൂപരിഷ്‌കരണം തുല്യ സമൂഹത്തെയും സാമ്പത്തിക വിതരണ ക്രമവും സൃഷ്ടിച്ചുവെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. 1980-90 മുതല്‍ ഉല്‍പ്പാദനക്ഷമമായ തൊഴില്‍ ശക്തിയും ഉയര്‍ന്ന മാനവ വികസന സൂചികയും നേടാന്‍ കേരളത്തിനായി. 1990-2000 കാലഘട്ടത്തില്‍ മൂന്ന് ഐടി പാര്‍ക്കുകളുടെയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ജനനത്തോടെയാണ് ഐടിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് ആധുനിക സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകി. 2000-ത്തിന് ശേഷം ടൂറിസത്തിലും സുസ്ഥിര വികസനത്തിലും ഗണ്യമായ വളര്‍ച്ചക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച നിയമങ്ങളും ചട്ടങ്ങളം വേണം

കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 0.72 ട്രില്യണ്‍ ഡോളറില്‍ നിന്ന് 3.86 ട്രില്യണ്‍ ഡോളറായി വളര്‍ന്നുവെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍മാനുമായ വികെ മാത്യൂസ് പറഞ്ഞു. 2004-05 ല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 0.97 ലക്ഷം കോടിയായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 13.1 ലക്ഷം കോടിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന് 1 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് മാത്യൂസ് ചൂണ്ടിക്കാട്ടി. ഇന്ന് ആഗോള സമ്പദ്വ്യവസ്ഥയുടെ 17 ശതമാനം ഡിജിറ്റല്‍ ആണ്. ഇത് ഏകദേശം 18 ട്രില്യണ്‍ ഡോളര്‍ വരും. ഇക്കാര്യത്തില്‍ നമ്മള്‍ ഇനിയും വളരേണ്ടതുണ്ട്.

മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം. ഡിജിറ്റലൈസേഷന്‍ എന്നിവയിലൂന്നിയ കേരളമാണ് സംരംഭകത്വത്തിന് ആവശ്യമെന്നും ഇതിനായി സര്‍ക്കാര്‍ ഏറ്റവും മികച്ച നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഏകോപനം ആവശ്യം

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കിടയിലും സുസ്ഥിര വികസന സംരംഭങ്ങള്‍ക്കിടയിലും കൂടുതല്‍ ഏകോപനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് എംഡി പമേല അന്ന മാത്യു പറഞ്ഞു. പരിസ്ഥിതിയും സാമൂഹിക ഉത്തരവാദിത്തവും പരിഗണിച്ചു കൊണ്ടുള്ള സംരംഭങ്ങള്‍ക്കാണ് കേരളത്തിന്റെ നിക്ഷേപ മേഖലയില്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

നൈപുണ്യ ശേഷിയിലും സാങ്കേതിക രംഗത്തും മുന്‍പന്തിയിലുള്ള കേരളം വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന നിലയിലുള്ള വളര്‍ച്ചയില്‍ ഏറെ മുന്നേറിയെന്ന് ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ നിരവധിയാണ്. എംഎസ്എംഇ മേഖലകളില്‍ വൈവിധ്യമാര്‍ന്ന സംരംഭകത്വത്തിനും തൊഴിലിനും സാധ്യത ഏറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍വെസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സിദ്ധാര്‍ഥ് നാരായണന്‍ സംസാരിച്ചു. ദി ഇക്കണോമിക് ടൈംസ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രുതിജിത്ത് കെ കെ മോഡറേറ്ററായി.

M A Yusafali minister p rajeev invest Karan Adani