കൊച്ചി മെട്രോയില്‍ പുതുവര്‍ഷത്തില്‍ 1.61 ലക്ഷത്തിലേറെ യാത്രക്കാര്‍

2017-ല്‍ സര്‍വീസ് തുടങ്ങിയ മെട്രോയില്‍ ഇതേവരെ 17.52 കോടി പേര്‍ യാത്രചെയ്തു. ഈവര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 365,861,94 ആയി വര്‍ധിച്ചു. ഡിസംബറില്‍മാത്രം 32,68,063 പേരാണ് യാത്രചെയ്തത്.

author-image
Biju
New Update
s

കൊച്ചി: പുതുവര്‍ഷത്തില്‍ റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിന്‍, ഇലക്ട്രിക് ഫീഡര്‍ ബസ്, കൊച്ചി വാട്ടര്‍ മെട്രോ എന്നിവയില്‍ പുതുവര്‍ഷത്തലേന്നും പുലര്‍ച്ചെയുമായി 1,61,683 പേരാണ് സഞ്ചരിച്ചത്. ഡിസംബര്‍ 31-ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിന്‍ റെക്കോഡ് സൃഷ്ടിച്ചു.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ ട്രെയിന്‍ പുലര്‍ച്ചെ രണ്ട് മണിവരെ സര്‍വീസ് നടത്തിയിരുന്നു. 1,39,766 പേരാണ് യാത്രചെയ്തത്. പുലര്‍ച്ചെ നാലുമണിവരെ സര്‍വീസ് നടത്തിയ ഇലക്ട്രിക് ഫീഡര്‍ ബസ്സില്‍ 6,817 പേരും വാട്ടര്‍ മെട്രോയില്‍ 15,000 പേരും യാത്രചെയ്തു.

2017-ല്‍ സര്‍വീസ് തുടങ്ങിയ മെട്രോയില്‍ ഇതേവരെ 17.52 കോടി പേര്‍ യാത്രചെയ്തു. ഈവര്‍ഷത്തെ യാത്രക്കാരുടെ എണ്ണം 365,861,94 ആയി വര്‍ധിച്ചു. ഡിസംബറില്‍മാത്രം 32,68,063 പേരാണ് യാത്രചെയ്തത്.

ലാസ്റ്റ്‌മൈല്‍, ഫസ്റ്റ്‌മൈല്‍ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനായി 15 ഇലക്ട്രിക് ബസ്സുകള്‍ വിവിധ റൂട്ടുകളില്‍ മെട്രോ സ്റ്റേഷനുകളേയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളേയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തി. നഗരത്തില്‍ ഹരിത ഗതാഗത സംവിധാനം യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചതെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യല്‍ മീഡിയവഴിയും നടത്തിയ പ്രചാരണം, ഉപഭോക്തൃസൗഹൃദമായ സാങ്കേതികവിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പുതുവര്‍ഷരാവില്‍ ആദ്യമായി ഇലക്ട്രിക് ഫീഡര്‍ ബസ്സും യാത്രനടത്തി. ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് ജംഗാര്‍ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കും എത്തിക്കാന്‍ മെട്രോ ഫീഡര്‍ ബസ്സുകളുണ്ടായിരുന്നു. കൂടാതെ പുലര്‍ച്ചെ 5.10 വരെ നിലവിലുള്ളതിനു പുറമെ മട്ടാഞ്ചേരി-ഹൈക്കോടതി, വൈപ്പിന്‍-ഹൈക്കോടതി റൂട്ടിലും അധിക സര്‍വീസ് നടത്തിയ വാട്ടര്‍ മെട്രോയും റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. പുതുവര്‍ഷത്തില്‍ 15,000-ത്തോളം പേര്‍ ഈ യാത്രാസൗകര്യം ഉപയോഗിച്ചു.