/kalakaumudi/media/media_files/2025/11/10/kochi-metro-2-2025-11-10-09-46-30.jpg)
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാംഘട്ടത്തിലുള്‍പ്പെടുന്ന അഞ്ചുസ്റ്റേഷനുകളിലേക്ക് അടുത്തവര്‍ഷം ജൂണില്‍ സര്‍വീസ് തുടങ്ങുമെന്നാണ് പ്രഖ്യാപനം. ശേഷിക്കുന്ന സ്റ്റേഷനുകളിലേക്ക് അതേവര്‍ഷം ഡിസംബറിനകവും സര്‍വീസ് ആരംഭിക്കും.
രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മാസം 30 ലക്ഷത്തോളം പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. കാക്കനാട് റൂട്ട് വരുന്നതോടെ ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം അരക്കോടിയിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
പാലാരിവട്ടം ജങ്ഷന്‍, ആലിന്‍ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍ എന്നീ സ്റ്റേഷനുകളിലേക്കാണ് ആദ്യം സര്‍വീസ് തുടങ്ങുക. സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് എന്നിവ രണ്ടാം ഭാഗമായും പൂര്‍ത്തിയാക്കും.
11.2 കിലോമീറ്ററാണ് പിങ്ക് ലൈന്‍ എന്നറിയപ്പെടുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ നീളം. 1957 കോടി രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.
രണ്ടാംഘട്ടത്തില്‍ ആകെ ആവശ്യമുള്ള 2019 പൈലുകളില്‍ 1145 എണ്ണം പൂര്‍ത്തിയായി. വയഡക്ടിന് 1651 പൈലുകളാണ് വേണ്ടത്. ഇതില്‍ 880 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. സ്റ്റേഷനുവേണ്ട 368 പൈലുകളില്‍ 265 എണ്ണത്തിന്റെ നിര്‍മാണം കഴിഞ്ഞു.
പൈല്‍ ക്യാപ് 469 എണ്ണം വേണ്ടതില്‍ 165 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. 469 തൂണുകള്‍ വേണ്ടതില്‍ 70 എണ്ണമായി. യു ഗര്‍ഡര്‍ 490 എണ്ണത്തില്‍ 95 എണ്ണത്തിന്റെ നിര്‍മാണം കഴിഞ്ഞു. പിയര്‍ ക്യാപ് 371 എണ്ണത്തില്‍ 105 എണ്ണമായി. ഐ ഗര്‍ഡര്‍ 534 എണ്ണത്തില്‍ 75 എണ്ണവും പൂര്‍ത്തിയായി.
കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള റൂട്ടില്‍ തൂണുകളുടെ നമ്പര്‍ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിലായിരിക്കും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടമാണെങ്കിലും കാക്കനാട് പുതിയ റൂട്ടായാണ് കണക്കാക്കുന്നത്. അതിനാല്‍ നിലവിലുള്ള മെട്രോ തൂണുകളുടെ തുടര്‍ച്ചയായി ഇവ എണ്ണില്ല.
കൊച്ചി മെട്രോ റൂട്ടില്‍ പാലാരിവട്ടം എന്ന പേരില്‍ രണ്ട് സ്റ്റേഷനുകള്‍ വരുന്നുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇതിലൊന്നിന് പാലാരിവട്ടം ജങ്ഷന്‍ എന്നായിരിക്കും പേര്. നിലവില്‍ പാലാരിവട്ടം എന്ന പേരില്‍ ആലുവ റൂട്ടില്‍ സ്റ്റേഷനുണ്ട്. അതിനാലാണ് പുതിയ റൂട്ടില്‍, പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നിലുള്ള മെട്രോസ്റ്റേഷന് പാലാരിവട്ടം ജങ്ഷന്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്.
കാക്കനാട് നിന്നുള്ള മെട്രോ പാത പാലാരിവട്ടം ജങ്ഷന്‍ സ്റ്റേഷന്‍ കഴിഞ്ഞ് കലൂര്‍ ദിശയിലേക്ക് പ്രവേശിക്കുമ്പോള്‍ രണ്ടായി തിരിയും. ഒരു പാത നിലവിലുള്ള മെട്രോപാതയ്ക്ക് സമാന്തരമായും മറ്റൊന്ന് അതിനു മുകളിലൂടെയും കടന്നുപോകും.
മുകളിലൂടെ കടന്നുപോകുന്ന പാത സ്റ്റേഡിയം സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിലേക്കും സമാന്തരമായുള്ള പാത പ്ലാറ്റ്ഫോം നമ്പര്‍ രണ്ടിലേക്കും വന്നുചേരും. പാലാരിവട്ടത്ത് കുരിശുപള്ളിയുടെ ഭാഗം മുതല്‍ സ്റ്റേഡിയം വരെയാണ് പാത രണ്ടായി തിരിയുന്നത്.
ട്രെയിന്‍ ക്രോസിങ് സുഗമമാക്കുന്നതിന് ഉദ്ദേശിച്ചാണ് ഈ സജ്ജീകരണം. കാക്കനാട് റൂട്ടിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയ മാതൃകയിലും ഇത്തരത്തിലായിരുന്നു പാതകള്‍ നിര്‍ദേശിച്ചിരുന്നത്. അല്ലാത്തപക്ഷം കാക്കനാട് ഭാഗത്തുനിന്നുള്ള ട്രെയിന്‍ കടന്നുപോകുന്നതിന് ആലുവയില്‍ നിന്നുള്ള ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
