/kalakaumudi/media/media_files/2025/11/20/deuts-2025-11-20-18-27-08.jpg)
ന്യൂഡല്‍ഹി: പ്രമുഖ ജര്‍മന്‍ ബാങ്കായ ഡോയിച് ഇന്ത്യയിലെ റീട്ടെയ്ല്‍ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നു. ബാങ്കിന്റെ രാജ്യാന്തര ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണിത്. ബാങ്കിനെ കൂടുതല്‍ ലാഭത്തിലേക്ക് ഉയര്‍ത്താനുള്ള സിഇഒ ക്രിസ്റ്റ്യന്‍ സിവിങ്ങിന്റെ പദ്ധതിയുടെ ഭാഗവുമാണ് ഇന്ത്യയില്‍ നിന്നുള്ള പടിയിറക്കം.
ഇന്ത്യയിലെ ബാങ്കുകളുമായി വിപണിയില്‍ പിടിച്ചുനില്‍ക്കാനാവാതെ നേരത്തേയും വിദേശ ബാങ്കുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. 2022ലാണ് സിറ്റി ബാങ്ക് 100 ബില്യനിലേറെ മതിക്കുന്ന ഡീലുമായി ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ്, റീട്ടെയ്ല്‍ ബിസിനസുകള്‍ ആക്‌സിസ് ബാങ്കിന് വിറ്റഴിച്ചശേഷം പടിയിറങ്ങിയത്. സമാനപാതയിലേക്കാണ് ഇപ്പോള്‍ ഡോയിച് ബാങ്കിന്റെയും നീക്കം. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഡോയിച് ബാങ്ക് ഇതു രണ്ടാംതവണയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ശ്രമിക്കുന്നതും.
അതേസമയം, ഡോയിച് ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസുകള്‍ സ്വന്തമാക്കാനുള്ള മത്സരവും മുറുകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന് പുറമേ കൊട്ടക് മഹീന്ദ്ര ബാങ്കുമാണ് രംഗത്ത്. 3 ബാങ്കുകളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയില്‍ 25,000 കോടി രൂപയുടെ ബിസിനസ് ഡോയിച് ബാങ്കിനുണ്ട്. ഡോയിച് ബാങ്ക് 2021ല്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസുകള്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് വിറ്റഴിച്ചിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഈ വര്‍ഷാദ്യം മറ്റൊരു വിദേശ ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ 3,300 കോടിയോളം രൂപ മതിക്കുന്ന പഴ്‌സനല്‍ വായ്പാ ആസ്തികളും ഏറ്റെടുത്തിരുന്നു.
ഡോയിച് ബാങ്കിന് യൂറോപ്പിന് പുറത്ത് നിലവില്‍ റീട്ടെയ്ല്‍ ബിസിനസുള്ള ഏക രാജ്യമാണ് ഇന്ത്യ. 17 ശാഖകളാണ് ഇന്ത്യയിലുള്ളത്. ഇവയില്‍ ഭൂരിഭാഗവും മിക്കവാറും പൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇന്ത്യയില്‍ ലാഭകരമായ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഡോയിച് ബാങ്കിന്റെ പടിയിറക്കനീക്കമെന്നും ശ്രദ്ധേയമാണ്. 2024-25ല്‍ മുന്‍വര്‍ഷത്തെ 1,977 കോടി രൂപയില്‍ നിന്ന് 3,070 കോടി രൂപയായി ലാഭം ഉയര്‍ന്നിരുന്നു. മൊത്ത വരുമാനം 11,234 കോടി രൂപയില്‍ നിന്ന് 12,415 കോടി രൂപയിലേക്കും മെച്ചപ്പെട്ടു.
ഇന്ത്യയിലെ ബിസിനസ് വളര്‍ത്താന്‍ ഡോയിച് ബാങ്ക് വന്‍തോതില്‍ മൂലധനനിക്ഷേപവും ഉയര്‍ത്തിയിരുന്നു. 2018-21 കാലയളവില്‍ മാത്രം 3,946 കോടി രൂപ നിക്ഷേപിച്ചു. 2024ലെ നിക്ഷേപമാകട്ടെ 5,113 കോടി രൂപയും. ഈ വര്‍ഷം 32 ബില്യന്‍ യൂറോയാണ് ഡോയിച് ബാങ്ക് ആഗോളതല ബിസിനസില്‍ നിന്ന് ലക്ഷ്യമിടുന്ന വരുമാനം. 2028ഓടെ ഇത് 37 ബില്യന്‍ യൂറോയിലേക്ക് ഉയര്‍ത്തുകയാണ് പ്രവര്‍ത്തന പുനഃസംഘടനയുടെ ലക്ഷ്യം.
നിലവില്‍ ഫെഡറല്‍ ബാങ്കും കൊട്ടക് ബാങ്കും ഡോയിച് ബാങ്കിന്റെ ഇന്ത്യയിലെ പോര്‍ട്ട്‌ഫോളിയോകള്‍ വിലയിരുത്തുകയാണ്. ഇതിനനുസരിച്ചായിരിക്കും ഏറ്റെടുക്കല്‍ മൂല്യം സംബന്ധിച്ച് ധാരണയിലെത്തുക. ഡോയിച് ബാങ്കിന്റെ ആസ്തി സ്വന്തമാക്കാനായാല്‍ ഫെഡറല്‍ ബാങ്കിനും കൊട്ടക് ബാങ്കിനും അത് രാജ്യത്തെ റീട്ടെയ്ല്‍ ബാങ്കിങ് രംഗത്ത് വലിയ കരുത്താവും.
ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. എന്‍എസ്ഇയില്‍ ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോള്‍ ഓഹരിയുള്ളത് 0.82% താഴ്ന്ന് 243.92 രൂപയില്‍. നിലവില്‍ 59,905 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കിന്റെ ഓഹരിവില ഇന്നലെ സര്‍വകാല ഉയരമായ 248.50 രൂപയില്‍ എത്തിയിരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളും നേരിയ നഷ്ടത്തിലാണുള്ളത്. 0.06% താഴ്ന്ന് 2,104.50 രൂപയില്‍. ഈ വര്‍ഷം ഏപ്രില്‍ 22ലെ 2,301.90 രൂപയാണ് ബാങ്കിന്റെ ഓഹരികളുടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
