അദാനിയെ സഹായിക്കാന്‍ എല്‍ഐസിയെ കരുവാക്കുന്നു: റിപ്പോര്‍ട്ട് തള്ളി എല്‍ഐസി

അദാനി പോര്‍ട്ട്സില്‍ 58.50 കോടി ഡോളറിന്റെ ബോണ്ട് എല്‍ഐസി മാത്രം നല്‍കിയെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു.

author-image
Biju
New Update
lic

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) നിന്ന് പണം സ്വരൂപിച്ച് കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് സഹായം ചെയ്യുന്നു എന്നാണ് ആരോപണം. അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട ഈ റിപ്പോര്‍ട്ട് രാജ്യത്ത് ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.

അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളില്‍ എല്‍ഐസി നിക്ഷേപം നടത്താന്‍ വഴിയൊരുക്കുന്നു എന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. 390 കോടി ഡോളര്‍ (ഏകദേശം മൂന്നര ലക്ഷം കോടി രൂപ) ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നുവെന്നും, ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 മേയ് മാസത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, എല്‍ഐസി, നിതി ആയോഗ് എന്നിവര്‍ അദാനി ഗ്രൂപ്പ് ബോണ്ടുകളിലേക്കും ഇക്വിറ്റിയിലേക്കും കോടിക്കണക്കിന് നിക്ഷേപം നടത്താന്‍ തീരുമാനമെടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അദാനി പോര്‍ട്ട്സില്‍ 58.50 കോടി ഡോളറിന്റെ ബോണ്ട് എല്‍ഐസി മാത്രം നല്‍കിയെന്ന് നേരത്തെ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ബാധ്യത നികത്തേണ്ട സമയത്തായിരുന്നു എല്‍ഐസിയുടെ ഈ നിക്ഷേപം. ഈ നടപടികള്‍ പൊതുഫണ്ടിന്റെ ദുരുപയോഗമാണെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

റിപ്പോര്‍ട്ടിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. പൊതുമേഖലാ കമ്പനിയായ എല്‍ഐസി അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികളില്‍ വന്‍ നിക്ഷേപം നടത്തിയെന്ന ആരോപണം പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ശനിയാഴ്ച ആവശ്യപ്പെട്ടു. എല്‍ഐസിയുടെ 30 കോടി പോളിസി ഉടമകളുടെ സമ്പാദ്യം അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കാന്‍ 'ദുരുപയോഗം ചെയ്തു' എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

അതിനിടെ, ആരോപണങ്ങള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) രംഗത്തെത്തി. റിപ്പോര്‍ട്ട് തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നാണ് എല്‍ഐസിയുടെ നിലപാട്. റിപ്പോര്‍ട്ടില്‍ ആരോപിക്കപ്പെട്ടിരിക്കുന്നതുപോലുള്ള ഒരു പദ്ധതിയും എല്‍ഐസി ഇതുവരെ തയ്യാറാക്കിയിട്ടില്ല. വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബോര്‍ഡ് അംഗീകരിച്ച നയങ്ങള്‍ അനുസരിച്ച് എല്‍ഐസി സ്വതന്ത്രമായി നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുകയുള്ളു എന്നും എല്‍ഐസി പ്രസ്താവനയില്‍ അറിയിച്ചു.