/kalakaumudi/media/media_files/2025/07/30/lulu-2025-07-30-13-38-16.jpg)
വിശാഖപട്ടണം: ഒടുവില്‍, എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് വീണ്ടും ആന്ധ്രയിലേക്ക്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ വിജയവാഡയിലും വിശാഖപട്ടണത്തും ഷോപ്പിങ് മാളുകള്‍ നിര്‍മിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് സ്ഥലം അനുവദിച്ചു. നേരത്തേ, ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്പരിഭവത്തോടെ 2,300 കോടി രൂപയുടെ നിക്ഷേപപദ്ധതി ഉപേക്ഷിച്ച്, ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് മടങ്ങിയിരുന്നു. പിന്നീട്, മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു ആണ് ലുലു ഗ്രൂപ്പിനെ തിരികെവിളിച്ചതും സ്ഥലം അനുവദിച്ചതും.
വിശാഖപട്ടണത്ത് ബീച്ച് റോഡിന് സമീപം ഹാര്‍ബര്‍ പാര്‍ക്കില്‍ 13.83 ഏക്കര്‍ സ്ഥലമാണ് ലുലുവിന് അനുവദിച്ചതെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇവിടെ 13.50 ലക്ഷം ചതുരശ്ര അടിയില്‍ ലുലു മെഗാ ഷോപ്പിങ് മാള്‍ നിര്‍മിക്കും. 4 നിലകളോട് കൂടിയ വിശാലമായ മാള്‍ ആണ് 1,066 കോടി രൂപ നിക്ഷേപത്തോടെ ലുലു ഒരുക്കുക. 2,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്ന 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലെ പാര്‍ക്കിങ് ഏരിയ പ്രത്യേകതയായിരിക്കും.
മൂന്നു വര്‍ഷത്തിനുള്ളില്‍ ഷോപ്പിങ് മാളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. 2028 ഡിസംബര്‍ മാള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട രേഖ വ്യക്തമാക്കുന്നത്.
99 വര്‍ഷത്തേക്കാണ് സ്ഥലം ലുലുവിന് പാട്ടത്തിനു നല്‍കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാനെടുക്കുന്ന ആദ്യ 3 വര്‍ഷം അല്ലെങ്കില്‍ മാള്‍ തുറക്കുന്നതുവരെ വാടകരഹിതമായിരിക്കും. തുടര്‍ന്ന് ഓരോ 10 വര്‍ഷം കൂടുമ്പോള്‍ 10% വീതം വാടക വര്‍ധിക്കും. ആന്ധ്രപ്രദേശ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷനാണ് (എപിഐഐസി) സ്ഥലം അനുവദിക്കുന്നത്.