/kalakaumudi/media/media_files/2025/10/02/yudsafali-2025-10-02-21-25-29.jpg)
ദുബായ്: യുഎഇയെ ഗ്ലോബല്‍ പവര്‍ ഹൗസാക്കി മാറ്റിയ ലീഡേഴ്‌സ് എന്ന വിശേഷണത്തോടെയുള്ള ''ടോപ്പ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്' പട്ടികയില്‍ ഒന്നാമനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാന്‍സ് വേള്‍ഡാണ് പട്ടിക പുറത്തിറക്കിയത്. ഭാട്ടിയ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് ഭാട്ടിയയാണ് പട്ടികയില്‍ രണ്ടാമത്
യു എ ഇയില്‍ നൂതനമായ റീട്ടെയില്‍ വൈവിധ്യവല്‍ക്കരണമാണ് യൂസഫലി യാഥാര്‍ത്ഥ്യമാക്കിയതെന്ന് ഫിനാന്‍സ് വേള്‍ഡ് വിലയിരുത്തി. ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങള്‍, ഉപഭോക്തൃസേവനങ്ങള്‍, അടിസ്ഥാന സൗകര്യം, സുസ്ഥിരതാ പദ്ധതികള്‍, ഡിജിറ്റല്‍വല്‍ക്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതെന്ന് ഫിനാന്‍സ് വേള്‍ഡ് അഭിപ്രായപ്പെട്ടു.
യു എഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിജ്ഞാബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിവരുന്ന പിന്തുണ എന്നിവ കൂടി വിലയിരുത്തിയാണ് റാങ്കിങ്.
പട്ടികയില്‍ രണ്ടാമത് എത്തിയ ഭാട്ടിയ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് ഭാട്ടിയ സ്ഥാപിച്ച എസ്.ഒ.എല്‍ പ്രോപ്പെര്‍ട്ടീസ് ഇന്ന് ദുബൈയിലെ ഏറ്റവും വിശ്വസ്യതയുള്ള ഡെവലെപ്പേഴ്‌സ് ആണെന്ന് ഫിനാന്‍സ് വേള്‍ഡ് അഭിപ്രായപ്പെട്ടു. അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ധനഞ്ജയ് ദാതാറാണ് മൂന്നാമത്. ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മ യുഎഇയില്‍ പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ദാതാര്‍ വഹിച്ചത്.
ഗസ്സാന്‍ അബൗദ് ഗ്രൂപ്പ് സ്ഥാപകനായ സിറിയന്‍ പൗരനായ ഗാസ്സാന്‍ അബൗദ് , ജാക്കിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജാക്കി പഞ്ചാബി, ജോയ് ആലുക്കാസ്, തുംബെ ഹോസ്പിറ്റല്‍സ് സ്ഥാപകന്‍ തുംബെ മൊയ്തീന്‍, ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍. ടി പഗറാണി, ചലൂബ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പാട്രിക് ചലൂബ്, ഗ്ലോബല്‍ ഷിപ്പിങ് & ലോജിസ്റ്റിക്‌സ് കമ്പനിയായ ട്രാന്‍സ് വേള്‍ഡിന്റെ ചെയര്‍മാന്‍ രമേശ് എസ് രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍.
ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ രേണുക ജഗ്തിയാനിയാണ് പട്ടികയില്‍ മുന്‍നിരയിലുള്ള വനിത. ജംബോ ഗ്രൂപ്പിന്റെ വിദ്യാ ചാബ്രിയ, സുലേഖാ ആശുപത്രി സ്ഥാപക ഡോ: സുലേഖ ദൗഡ് എന്നിവരും പട്ടികയിലുണ്ട്
ബുര്‍ജീല്‍ ഹോള്‍ഡിങ് സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി തുടങ്ങിയവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് മലയാളികള്‍.