കസാക്കിസ്ഥാനുമായി സഹകരണം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ്

കാര്‍ഷിക ഉല്‍പന്ന കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അഗ്രോ ടെക്‌നോപാര്‍ക്ക്-ലോജിസ്റ്റിക്‌സ് ഹബ്ബില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ലുലു സജ്ജമാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു

author-image
Biju
New Update
lulu

കൊച്ചി: പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് മധ്യേഷ്യന്‍ രാജ്യമായ കസാക്കിസ്ഥാനുമായുള്ള സഹകരണം ശക്തമാക്കുന്നു. നിലവില്‍ കസാക്കിസ്ഥാനില്‍ നിന്നുള്ള മാംസോല്‍പന്നങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവ ഗള്‍ഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ സഹകരണം കൂട്ടാനാണ് നീക്കം. ഇതിന്റെ ഭാഗമായി കസാക്കിസ്ഥാനില്‍ നിന്നുള്ള കാര്‍ഷികോല്‍പന്ന കയറ്റുമതി ലുലു വര്‍ധിപ്പിക്കും. 

കസാക്കിസ്ഥാനിലെ അസ്താനയില്‍ പ്രധാനമന്ത്രി ഓള്‍ജാസ് ബെക്‌റ്റെനോവിനെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കസാക്കിസ്ഥാന്‍ വ്യാപാര മന്ത്രി അര്‍മാന്‍ ഷക്കലേവ്, ഇന്ത്യന്‍ സ്ഥാനപതി വൈ.കെ. സൈലാസ് തങ്കല്‍ എന്നിവരുമായും യൂസഫലി ചര്‍ച്ച നടത്തി. ലുലു ഗ്രൂപ്പിന്റെ ഉപസ്ഥാപനങ്ങളായ അല്‍ തയ്യിബ് ഫുഡ് ഇന്‍ഡസ്ട്രീസ് ഡയറക്ടര്‍  റിയാദ് ജബ്ബാര്‍, ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നജിമുദീന്‍ ഇബ്രാഹിം എന്നിവരും സംബന്ധിച്ചു.

കാര്‍ഷിക ഉല്‍പന്ന കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ അഗ്രോ ടെക്‌നോപാര്‍ക്ക്-ലോജിസ്റ്റിക്‌സ് ഹബ്ബില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രം ലുലു സജ്ജമാക്കുമെന്ന് എം.എ. യൂസഫലി പറഞ്ഞു. കൂടുതല്‍ പ്രാദേശിക ഉല്‍പന്നങ്ങള്‍ സംഭരിക്കാനും ഗള്‍ഫില്‍ ഉള്‍പ്പെടെ വിപണി വ്യാപകമാക്കാനും ഇതു സഹായിക്കും. കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവും ലുലു ഗ്രൂപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

നിലവില്‍ 70ലേറെ രാജ്യങ്ങളിലേക്കാണ് കസാക്കിസ്ഥാന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ കയറ്റുമതി. ഇത് ഇരട്ടിയാക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. ലുലുവുമായുള്ള സഹകരണം വലിയ കരുത്താവുമെന്നും ഗവണ്‍മെന്റ് കരുതുന്നു. കഴിഞ്ഞ മേയില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കസാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍, യൂസഫലിയും കസാക്കിസ്ഥാന്‍ അധികൃതരുമായി സഹകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Lulu group