തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ 2024ലെ മാനേജ്മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് കൊച്ചിന്‍ ഷിപ് യാര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായര്‍ അര്‍ഹനായി. 2016 മുതല്‍ ഷിപ് യാര്‍ഡ് സിഎംഡി ആയി സേവനമനുഷ്ഠിക്കുന്ന മധു എസ്. നായരുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ നാവികസേനയുടെ ആദ്യത്തെ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയറായ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്തത്. വിവിധങ്ങളായ സാങ്കേതിക വികസനത്തിനൊപ്പം ഐപിഒ ലിസ്റ്റഡ് കമ്പനിയാക്കി സിഎസ്എല്ലിനെ മാറ്റാനും അദ്ദേഹത്തിനു സാധിച്ചു.
\2015ല്‍ കൊച്ചിയില്‍ ഒരു യൂണിറ്റ് മാത്രമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന് മധുവിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലും മുംബൈയിലും ഉള്‍പ്പെടെ പുതിയ ആറു യൂണിറ്റുകള്‍കൂടി പ്രവര്‍ത്തനമാരംഭിച്ചു. 1988ല്‍ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ മാനേജ്മെന്റ് ട്രെയിനിയായി സേവനമാരംഭിച്ച, എന്‍ജിനീയറിംഗ് ബിരുദധാരിയും ഗുരുവായൂര്‍ സ്വദേശിയുമായ മധു 35 വര്‍ഷമായി ഒരേ സ്ഥാപനത്തില്‍തന്നെ ജോലി ചെയ്ത് ഏറ്റവും ഉന്നത പദവിയിലെത്തിയ ആളാണ്. ഇന്ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മധു എസ്. നായര്‍ക്ക് പുരസ്‌കാരം കൈമാറും.