പരസ്യ വ്യവസായത്തില്‍ ഗ്രാന്‍ഡ് പ്രിക്‌സ് ഉള്‍പ്പെടെ 6 പുരസ്‌കാരങ്ങള്‍ മൈത്രി അഡ്വര്‍ടൈസ്‌മെന്റ് ഏജന്‍സി ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്‌സ് 'ഗ്രാന്‍ഡ് പ്രിക്‌സ്' ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിങ് അവാര്‍ഡ് ഷോ ആയ 'ഗോവ ഫെസ്റ്റ് 2024'-ലാണ് മൈത്രിക്ക് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരു പരസ്യ ഏജന്‍സി 'ഗ്രാന്‍ഡ് പ്രിക്‌സ്' അവാര്‍ഡ് കരസ്ഥമാക്കുന്നത്. അതോടൊപ്പം ഈ പുരസ്‌കാരം കരസ്ഥമാക്കുന്ന ഏക സ്വതന്ത്ര ഏജന്‍സി എന്ന പ്രത്യേകത കൂടി മൈത്രി സ്വന്തമാക്കി.
ഓരോ സില്‍വര്‍, വെങ്കല പുരസ്‌കാരങ്ങളും മൂന്ന് മെറിറ്റ് അവാര്‍ഡുകളുമാണ് ഇതോടൊപ്പം മൈത്രിക്ക് ലഭിച്ചത്. നെറ്റ്ഫ്‌ളിക്‌സിലെ ജനപ്രിയ പരമ്പരയായ 'സെക്‌സ് എജുക്കേഷ'നുവേണ്ടി നടി ഷക്കീലയെ കഥാപാത്രമാക്കി മൈത്രി തയ്യാറാക്കിയ അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രമായ 'ഷക്കീലാസ് ഡ്രൈവിങ് സ്‌കൂള്‍' ആണ് ഗ്രാന്‍ഡ് പ്രിക്‌സിന് അര്‍ഹമായത്.