മുംബൈ: മലയാളികളുടെ നേതൃത്വത്തിലുള്ള ഒരു കമ്പനികൂടി ഐപിഒയ്ക്ക് ഒരുങ്ങുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിമെക് എയ്റോസ്പേസാണ് (Unimech Aerospace) ഐ.പി.ഒയുമായി എത്തുന്നത്. 500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഐ.പി.ഒ ഡിസംബര്‍ 23ന് തുടങ്ങി 26ന് അവസാനിക്കും. ഓഹരിയൊന്നിന് 745-785 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.
250 കോടി രൂപ മൂല്യം വരുന്ന 32 ലക്ഷം പുതു ഓഹരികളും 250 കോടി രൂപ വില വരുന്ന മറ്റൊരു 32 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ.പി.ഒയിലുണ്ടാകുക. ഐ.പി.ഒയുടെ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി (QIB) നീക്കി വച്ചിട്ടുണ്ട്. 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും, 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ് (NIIs) വകയിരുത്തിയിരിക്കുന്നത്.
പാലക്കാട് കൊല്ലങ്കോടു സ്വദേശികളും സഹോദരന്മാരുമായ അനില്‍കുമാര്‍ പുത്തന്‍, മണിപ്പുത്തന്‍ എന്നിവരാണ് കമ്പനിയുടെ ഉടമകള്‍. രാമകൃഷ്ണ കമോജല, രജനീകാന്ത് ബാലരാമന്‍, എസ്.വി പ്രീതം എന്നിവരാണ് കമ്പനിയുടെ മറ്റ് ഉടമകള്‍. വ്യോമയാന, പ്രതിരോധ മേഖലകള്‍ക്കായി അതിസൂക്ഷ്മ എന്‍ജിനീയറിംഗ് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയാണിത്.
2024 മാര്‍ച്ച് വരെയുള്ള വിവരങ്ങളനുസരിച്ച് യൂണിമെക് എയ്റോ സ്പേസിന് രണ്ട് മാനുഫാക്ചറിംഗ് യൂണിറ്റുകളുണ്ട്. ബംഗളൂരുവില്‍ 1,20,000 ചതുരശ്ര അടിയിലാണ് രണ്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 2022നും 2024നും ഇടയില്‍ വാര്‍ഷിക വിറ്റു വരവില്‍ 139 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയിട്ടുള്ളത്. 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ലാഭം 2.37 കോടി രൂപയാണ്.