പ്രതീകാത്മക ചിത്രം
മുംബൈ: ലഘുഭക്ഷണ നിര്‍മാതാക്കളായ കെല്ലനോവയെ ഏറ്റെടുക്കാന്‍ ഒരുങ്ങി ജനപ്രിയ ചോക്ലേറ്റ് ബ്രാന്‍ഡായ സ്നിക്കേഴ്സിന്റെ ഉടമസ്ഥരായ മാര്‍സ് അമേരിക്കന്‍. 36 ബില്യണ്‍ ഡോളറിന്റേതാണ് (ഏകദേശം 3 ലക്ഷം കോടി രൂപ) ഇടപാടാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രിങ്കിള്‍സ്, ചീസ്-ഇറ്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് കെല്ലനോവ. ഒരു ഓഹരിക്ക് 7,010 രൂപ വീതം നല്‍കിയാണ് ഏറ്റെടുക്കല്‍. 2008ല്‍ റിഗ്ലിയെ ഏറ്റെടുക്കാന്‍ 23 ബില്യണ്‍ ഡോളര്‍ മുടക്കിയതിന് ശേഷം മാര്‍സിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്.
ഇടപാട് പൂര്‍ത്തിയാകുന്നതോടെ കെല്ലനോവ മാര്‍സിന്റെ ഭാഗമായി മാറും. 2025 ഓഗസ്റ്റിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ കാലയളവില്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ 12 മാസം കൂടി ഏറ്റെടുക്കല്‍ നടപടിക്കായി ദീര്‍ഘിപ്പിക്കാം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്നാക്സ് ഫുഡ് മേഖലയിലെ മൂന്നോളം കമ്പനികളെ മാര്‍സ് ഏറ്റെടുത്തിരുന്നു.