/kalakaumudi/media/media_files/2025/10/19/stock-2-2025-10-19-09-49-22.jpg)
മുംബൈ: ഓഹരി നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷദിനമായ ചൊവ്വാഴ്ച (ഒക്ടോബര്‍ 21). പുതുതായി ഓഹരികള്‍ വാങ്ങാനും നിലവിലെ ഓഹരിനിക്ഷേപം ഉയര്‍ത്താനും ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് നിക്ഷേപകര്‍ വിശ്വസിക്കുന്ന സമയമാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 മുതല്‍ 2.45 വരെയാണ് ഇക്കുറി മുഹൂര്‍ത്ത വ്യാപാരം. ദീപാവലി പ്രമാണിച്ച് ചൊവ്വാഴ്ചയും 'ദിവാലി ബലിപ്രതിപദ' പ്രമാണിച്ച് ബുധനാഴ്ചയും (ഒക്ടോബര്‍ 22) ഓഹരി വിപണികള്‍ക്ക് അവധിയാണ്.
ഓഹരികള്‍ വിപണി തുടര്‍ച്ചയായി രണ്ടുദിവസം പൊതു അവധിയിലാകുന്നത് അപൂര്‍വം. ചൊവ്വാഴ്ച അവധിയാണെങ്കിലും ഒരുമണിക്കൂര്‍ നേരത്തേക്ക് വ്യാപാരം സംഘടിപ്പിക്കും. ഇതാണ് മുഹൂര്‍ത്ത വ്യാപാരം. ഉത്തരേന്ത്യന്‍ ഹൈന്ദവ വിശ്വാസപ്രകാരമുള്ള 'സംവത്' വര്‍ഷത്തിന് തുടക്കംകുറിച്ചാണ് ഓരോ വര്‍ഷവും ദീപാവലിനാളില്‍ മുഹൂര്‍ത്ത വ്യാപാരം സംഘടിപ്പിക്കാറുള്ളത്. ലക്ഷ്മീദേവിക്ക് പൂജകള്‍ അര്‍പ്പിച്ചശേഷമാണ് പ്രത്യേക വ്യാപാരം ആരംഭിക്കുക.
മുഹൂര്‍ത്തം ഇങ്ങനെ
ഇക്കുറി മുഹൂര്‍ത്ത വ്യാപാരത്തില്‍ പ്രീ-ഓപ്പണ്‍ സെഷന്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 1.45 വരെയാണ്. തുടര്‍ന്നാണ് ഒരു മണിക്കൂര്‍ നേരത്തേക്ക് സാധാരണ വ്യാപാരം. ഓഹരി വാങ്ങല്‍/വില്‍ക്കല്‍ ഇടപാടുകളില്‍ അന്തിമമായി മാറ്റംവരുത്താന്‍ (ട്രേഡ് മോഡിഫിക്കേഷന്‍) 2.55 വരെയും സമയം അനുവദിച്ചിട്ടുണ്ട്.
പുതിയ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, നിക്ഷേപങ്ങള്‍ തുടങ്ങുക, വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ ആഭരണങ്ങളോ മറ്റോ വാങ്ങുക എന്നിവയ്‌ക്കെല്ലാം ഐശ്വര്യപൂര്‍ണമായ 'മുഹൂര്‍ത്തമായാണ്' ഈ ഒരു മണിക്കൂറിനെ ഉത്തരേന്ത്യക്കാര്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈകിട്ട് 6 മുതല്‍ 7 വരെയായിരുന്നു മുഹൂര്‍ത്ത വ്യാപാരം. ഇക്കുറി ഇത് ഉച്ചയ്ക്കാണെന്നതും അപൂര്‍വതയാണ്.
ഓഹരി വിപണിക്ക് നേട്ടപ്രതീക്ഷ
പൊതുവേ സെന്‍സെക്‌സും നിഫ്റ്റിയും മുഹൂര്‍ത്ത വ്യാപാരത്തില്‍ നേട്ടത്തിലേറാറുണ്ട്. 2012 മുതല്‍ 2024 വരെയുള്ള 13 മുഹൂര്‍ത്ത വ്യാപാരങ്ങളില്‍ 10ലും നേട്ടത്തിന്റെ മധുരം നുണഞ്ഞു. 2024ലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 335.06 പോയിന്റ് (+0.42%) ഉയര്‍ന്ന് 79,724.12ലും നിഫ്റ്റി 99 പോയിന്റ് (+0.41%) നേട്ടവുമായി 24,304ലും എത്തിയിരുന്നു. നിലവില്‍ സെന്‍സെക്‌സുള്ളത് 83,952ല്‍ ആണ്; നിഫ്റ്റി 25,709ലും.
സംവതില്‍ നിന്ന് സംവതിലേക്ക്
സംവത്-2082 വര്‍ഷത്തിനാണ് ഇക്കുറി ദീപാവലിക്ക് തുടക്കമാകുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രകടനം വിലയിരുത്തിയാല്‍ നിക്ഷേപകര്‍ക്ക് ഇതിനകം ഏറ്റവുമധികം നേട്ടം (റിട്ടേണ്‍) സമ്മാനിച്ചത് വെള്ളിയാണ്; 72%. സ്വര്‍ണം 63% മുന്നേറി തൊട്ടടുത്തുണ്ട്.
സ്വര്‍ണവും വെള്ളിയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഉയരുന്നത് നിക്ഷേപകര്‍ക്ക് നേട്ടമാകുന്നു. കഴിഞ്ഞ 10 വര്‍ഷം പരിഗണിച്ചാല്‍ ഓരോ ദീപാവലിയില്‍ നിന്നും അടുത്ത ദീപാവലിവരെ പരിഗണിച്ചാല്‍ സ്വര്‍ണവും വെള്ളിയും പൊതുവേ പോസിറ്റീവ് നേട്ടം മാത്രമാണ് നിക്ഷേപകര്‍ക്ക് നല്‍കിയതും. എന്നാല്‍, ഇക്കഴിഞ്ഞ ഒരുവര്‍ഷത്തെ നേട്ടം അമ്പരിപ്പിക്കുന്നതുമാണ്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സ്വര്‍ണം 63% മുന്നേറി. അതിനുമുന്‍പത്തെ ഏറ്റവും ഉയര്‍ന്ന നേട്ടം 2020ലെ 33 ശതമാനം. വെള്ളിയുടെ ഇതിനുമുന്‍പത്തെ മികച്ച നേട്ടം 2020ലെ തന്നെ 37 ശതമാനവും. സെന്‍സെക്‌സ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 6.3% മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. നിഫ്റ്റി 5.8%.
നെഗറ്റീവ് നേട്ടവും!
ബിഎസ്ഇ സ്‌മോള്‍-ക്യാപ് സൂചിക കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 3.1% നഷ്ടം നേരിട്ടു. ബിഎസ്ഇ മിഡ്-ക്യാപ് സൂചിക ഒരു ശതമാനം മാത്രം ഉയര്‍ന്നു. ഇതിനുമുന്‍പത്തെ രണ്ടു സംവത് വര്‍ഷങ്ങളില്‍ ഈ സൂചിക യഥാക്രമം 41%, 31% എന്നിങ്ങനെ കുതിച്ചിരുന്നു. മറ്റ് വികസ്വര രാജ്യങ്ങളിലെ വിപണികള്‍ ശരാശരി 19.8% വളര്‍ച്ച കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നേടിയപ്പോഴാണ് സെന്‍സെക്‌സും നിഫ്റ്റിയും ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയത്. എസ് ആന്‍ഡ് പി500 സൂചിക 18 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
നിക്ഷേപക സമ്പത്ത്
2023ലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നിന്ന് 2024ലെ മുഹൂര്‍ത്ത വ്യാപാരത്തിലേക്ക് എത്തിയപ്പോള്‍ നിക്ഷേപകരുടെ സമ്പത്ത് അഥവാ ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം 144.44 ലക്ഷം കോടി രൂപ വര്‍ധിച്ച് 466.92 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വര്‍ധന 18.82 ലക്ഷം കോടി രൂപ മാത്രമാണ്. കഴിഞ്ഞ വ്യാപാരാന്ത്യ പ്രകാരം മൂല്യം 448.10 ലക്ഷം കോടി രൂപ.