10 ധനികരുടെ പട്ടികയില്‍ നിന്ന് അംബാനി പുറത്ത്

ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയില്‍ നിന്നും അദ്ദേഹം പുറത്തായി. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം നിലനിര്‍ത്തിയെന്ന് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്-2025 വ്യക്തമാക്കി.

author-image
Biju
New Update
as

മുംബൈ: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ നിന്ന് കൊഴിഞ്ഞുപോയത് ഒരുലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ പട്ടികയില്‍ നിന്നും അദ്ദേഹം പുറത്തായി. 8.6 ലക്ഷം കോടി രൂപയായാണ് അദ്ദേഹത്തിന്റെ ആസ്തി കുറഞ്ഞതെങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം നിലനിര്‍ത്തിയെന്ന് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്-2025 വ്യക്തമാക്കി.

രണ്ടാംസ്ഥാനത്തുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇക്കാലയളവില്‍ ഒരുലക്ഷം കോടി രൂപ വര്‍ധിച്ചു. 8.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് അദാനിക്ക്. ഇക്കുറി പട്ടികയില്‍ ഏറ്റവും ശ്രദ്ധ നേടിയത് എച്ച്‌സിഎല്‍ ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ ആണ്. പിതാവ് ശിവ് നാടാരില്‍ നിന്ന് ലഭിച്ച ആസ്തിയുടെ കരുത്തില്‍ അംബാനിക്കും അദാനിക്കും പിന്നിലായി മൂന്നാംസ്ഥാനത്തേക്കാണ് റോഷ്‌നി കുതിച്ചെത്തിയത്. 3.5 ലക്ഷം കോടി രൂപയാണ് റോഷ്‌നിയുടെ ആസ്തി.

സണ്‍ ഫാര്‍മ സ്ഥാപകന്‍ ദിലിപ് സാംഘ്‌വി (2.5 ലക്ഷം കോടി രൂപ), വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി (2.2 ലക്ഷം കോടി രൂപ), ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള (2 ലക്ഷം കോടി രൂപ) എന്നിവരാണ് യഥാക്രമം തൊട്ടുപിന്നില്‍.

ആസ്തി 8% കുറഞ്ഞെങ്കിലും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് എസ്. പൂനാവാല (2 ലക്ഷം കോടി രൂപ) 7-ാം സ്ഥാനം നിലനിര്‍ത്തി. 1.6 ലക്ഷം കോടി രൂപയുമായി ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജ് എട്ടാമതും 1.4 ലക്ഷം കോടി രൂപയുമായി ആര്‍ജെ കോര്‍പറേഷനിലെ രവി ജയ്പുരിയ 9-ാം സ്ഥാനത്തുമാണ്. അവന്യൂ സൂപ്പര്‍മാര്‍ട്‌സ് മേധാവി രാധാകിഷന്‍ ദമാനിയാണ് 10-ാമത്; ആസ്തി 1.4 ലക്ഷം കോടി രൂപ.

ഇന്ത്യയില്‍ ആകെ 284 ശതകോടീശ്വരന്മാരുണ്ടെന്നും മുന്‍വര്‍ഷത്തേക്കാള്‍ അധികമായി 13 പേര്‍ പട്ടികയില്‍ ഇടംനേടിയെന്നും ഹുറൂണ്‍ വ്യക്തമാക്കി. 98 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി. ജിഡിപിയുടെ മൂന്നിലൊന്നോളം വരുമിത്. സൗദി അറേബ്യയുടെ ജിഡിപിയേക്കാള്‍ കൂടുതലുമാണ്.

ഏറ്റവുമധികം ഇന്ത്യന്‍ ശതകോടീശ്വരന്മാരുള്ള നഗരം മുംബൈ തന്നെ. 90 പേരാണ് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തു വസിക്കുന്നത്. ഏഷ്യയുടെ 'ശതകോടീശ്വര' നഗരമെന്ന നേട്ടം പക്ഷേ ചൈനയുടെ ഷാങ്ഹായ് മുംബൈയില്‍ നിന്ന് തട്ടിയെടുത്തു.

റേസര്‍പേ സ്ഥാപകരായ ശശാങ്ക് കുമാര്‍, ഹര്‍ഷീല്‍ മാഥുര്‍ എന്നിവര്‍ 8,643 കോടി രൂപയുടെ ആസ്തിയുമായി ഇത്തവണത്തെ ഹുറൂണ്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഒപ്പംപോന്നത് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബില്യണയര്‍മാര്‍ എന്ന നേട്ടവും. 34 വയസാണ് ഇരുവര്‍ക്കും. 68 വയസാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ശരാശരി പ്രായം. ആഗോള ശരാശരി 66 ആണ്. 53 പേരുമായി ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നിന്നാണ് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത്. 35 പേരുമായി കണ്‍സ്യൂമര്‍ ഗുഡ്‌സ് രണ്ടാമതും 32 പേരുമായി വ്യാവസായിക ഉല്‍പന്ന മേഖല മൂന്നാമതുമാണ്.

ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള രാജ്യമെന്ന നേട്ടം 2016നുശേഷം ആദ്യമായി യുഎസ് സ്വന്തമാക്കി. 870 പേരാണ് യുഎസില്‍ ശതകോടീശ്വര പട്ടം അലങ്കരിക്കുന്നത്. ഒരുവര്‍ഷത്തിനിടെ 70 പേരുടെ വര്‍ധന. 

9 പേര്‍ കൂടിയെങ്കിലും ആകെ 823 പേരുമായാണ് ചൈന രണ്ടാമതായത്. മൂന്നാംസ്ഥാനം ഇന്ത്യക്കാണ് (284 പേര്‍). യുകെ (150), ജര്‍മനി (141) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ന്യൂയോര്‍ക്കിലാണ് ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത്. ലണ്ടന്‍ രണ്ടാമതും.

ലോകത്തെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് എന്നിവയുടെ മേധാവിയും യുഎസ് ഗവണ്‍മെന്റിനു കീഴിലെ ഉപദേശക സംവിധാനമായ ഡോജിന്റെ തലവനുമായ ഇലോണ്‍ മസ്‌ക് തുടര്‍ച്ചയായ 4-ാം വര്‍ഷവും നിലനിര്‍ത്തി. ഒരുവര്‍ഷത്തിനിടെ മസ്‌കിന്റെ ആസ്തി 82% ഉയര്‍ന്ന് 420 ബില്യന്‍ ഡോളറിലെത്തി. 2025 ജനുവരി 15 വരെയുള്ള ആസ്തി കണക്കാക്കിയാണ് ഹുറൂണ്‍ പട്ടിക തയാറാക്കിയത്. അതിനുശേഷം പക്ഷേ, മസ്‌കിന്റെ ആസ്തിയില്‍ 100 ബില്യന്‍ ഡോളറിന്റെ കനത്ത ഇടിവുണ്ടായിട്ടുണ്ട്.

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്‍ (ആസ്തി 266 ബില്യന്‍ ഡോളര്‍). മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് (242 ബില്യന്‍) മൂന്നാമതും ഓറക്കിളിന്റെ ലാറി എലിസണ്‍ (203 ബില്യന്‍) നാലാമതും ബെര്‍ക്‌ഷെയര്‍ ഹാത്തവേ തലവന്‍ വാറന്‍ ബഫറ്റ് (167 ബില്യന്‍) അഞ്ചാമതുമാണ്. 

ആല്‍ഫബെറ്റിന്റെ ലാറി പേജ് (164 ബില്യന്‍), ഫ്രഞ്ച് ശതകോടീശ്വരനും ഫാഷന്‍ ബ്രാന്‍ഡായ എല്‍വിഎംഎച്ചിന്റെ മേധാവിയുമായ ബെര്‍ണാഡ് അര്‍ണോ (157 ബില്യന്‍), മൈക്രോസോഫ്റ്റിന്റെ സ്റ്റീവ് ബോള്‍മര്‍ (156 ബില്യന്‍), ആല്‍ഫബെറ്റിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ (148 ബില്യന്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (143 ബില്യന്‍) എന്നിവരാണ് യഥാക്രമം ടോപ് 10ല്‍ ഇടംപിടിച്ചത്.

mukesh ambani