കൊച്ചി: വൈദ്യുത വാഹന വിപണി വികസനത്തിലേക്ക് കടക്കാൻ ലക്ഷ്യമിട്ട് മുത്തൂറ്റ് കാപ്പിറ്റൽ. ഇതിന്റെ ഭാഗമായി മുത്തൂറ്റ് കാപ്പിറ്റലിന് ഗ്യാരന്റ്‌കോയുമായി ചേർന്ന് ആക്സിസ് ബാങ്ക് 100 കോടി രൂപയുടെ ഇംപാക്ട് ഫണ്ടിങ് ഗാരന്റി ഉറപ്പാക്കും.ഗ്രാമപ്രദേശങ്ങളിലെയും മെട്രോ ഇതര പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിനായുള്ള വായ്പകൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് വൈദ്യുത വാഹന വിപണന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
മുത്തൂറ്റ് കാപ്പിറ്റൽ അനുവദിക്കുന്ന വായ്പാ തുകയ്ക്കായി ആക്സിസ് ബാങ്കിന് ഗ്യാരന്റ്കോ ഗാരന്റി നൽകും. ആക്സിസ് ബാങ്ക് വായ്പയുടെ 65 ശതമാനം വരെയുള്ള തുകയ്ക്ക് ഗ്യാരന്റ്കോ ഗാരന്റി നൽകും. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമാണ് മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ്. ഈ സാമ്പത്തിക വർഷത്തിൽ വൈദ്യുതവാഹന വായ്പകൾ 200 കോടിയായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് കാപ്പിറ്റൽ സി.ഇ.ഒ. മാത്യൂസ് മാർക്കോസ് പറഞ്ഞു.